അഭിനന്ദനെ വിട്ടില്ലെങ്കില്‍ കടുത്ത പ്രത്യാഘാതമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു: പ്രധാനമന്ത്രി

Monday 22 April 2019 9:24 am IST

പഠാന്‍: ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ തടവിലാക്കിയ അഭിനന്ദന്‍ വര്‍ത്തമാനെ തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ പഠാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഭിനന്ദനെ തടവിലാക്കിയതിന് ശേഷം തന്റെ മറുപടിക്കായി പാക്കിസ്ഥാന്‍ കാത്തിരിക്കുകയായിരുന്നു. വാര്‍ത്താസമ്മേളനം നടത്തി ഇന്ത്യ, പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍, മോദി ഇതാണ് ചെയ്തതെന്ന് നിങ്ങള്‍ക്ക് ലോകത്തോട് പറഞ്ഞു കൊണ്ടേയിരിക്കാം. ഇന്ത്യ 12 മിസൈലുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സ്ഥിതി വഷളാകുമെന്നും ഒരു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. അത് പറഞ്ഞത് അമേരിക്കയാണ,് ഇതിനെക്കുറിച്ച് ഞാനിപ്പോള്‍ ഒന്നും പറയില്ല. സമയമാകുമ്പോള്‍ അതേക്കുറിച്ച് സംസാരിക്കാം, മോദി പറഞ്ഞു.

പ്രധാനമന്ത്രിക്കസേരയിലുണ്ടെങ്കിലും ഇല്ലെങ്കിലും ഭീകരരെ നേരിടുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും മോദി പറഞ്ഞു. മോദി ഇനിയെന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയില്ലെന്ന് പറഞ്ഞ എന്‍സിപി നേതാവ് ശരദ് പവാറിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. 

മോദി നാളെ എന്ത് ചെയ്യുമെന്ന് അദ്ദേഹത്തിനറിയില്ലെങ്കില്‍ എങ്ങനെയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അതറിയുക, പ്രധാനമന്ത്രി ചോദിച്ചു. ഗുജറാത്തിലെ 26 സീറ്റിലും ബിജെപിയെ വിജയിപ്പിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.