കാവല്‍ക്കാരന്‍ കള്ളൻ; ഖേദം പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി

Monday 22 April 2019 12:50 pm IST

ന്യൂദല്‍ഹി : രാഹുല്‍ ഗാന്ധിയുടെ 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന മുദ്രാവാക്യം സംബന്ധിച്ച് ബിജെപി നൽകിയ കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതിയ്ക്ക് മുന്നില്‍ ഖേദം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി. തന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞതാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഹുല്‍ വ്യക്തമാക്കി. 

രാഹുൽ ഗാന്ധിയുടെ മറുപടി പരിശോധിച്ചതിന് ശേഷം കോടതിയലക്ഷ്യ നടപടികൾ വേണോ എന്ന് കോടതി  നാളെ  തീരുമാനിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. റഫാൽ കേസിലെ പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ചയെ കുറിച്ച് പുറത്തുവന്ന രേഖകൾ കൂടി പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ആ കോടതി ഉത്തരവിനോടുള്ള പ്രതികരണത്തിലാണ് കാവൽക്കാരൻ കള്ളനെന്ന് കോടതി കണ്ടെത്തിയതായി രാഹുൽ പറഞ്ഞത്. 

സുപ്രിം കോടതി വിധിയെ തെറ്റിദ്ധരിപ്പിച്ച് രാഹുൽ ഗാന്ധി കോടതിയലക്ഷ്യം നടത്തിയെന്ന് കാണിച്ചാണ് ബിജെപി കോടതിയിൽ ഹർജി നൽകിയത്.  ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജിയാണ് ബിജെപി നല്‍കിയത്. റഫാല്‍ കേസിലെ കോടതി ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് ബിജെപി എംപി മീനാക്ഷി ലേഖി നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 

രാഹുല്‍ വിഷയത്തില്‍ കോടതിയലക്ഷ്യം നടത്തിയെന്നാണ് നിയമരംഗത്തുള്ളവരും ചൂണ്ടിക്കാട്ടിയത്. പരമോന്നത കോടതി വിധിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വളച്ചൊടിച്ച് ഉപയോഗിച്ചത് കോടതിയലക്ഷ്യം തന്നെയാണെന്നും അവര്‍ പറയുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.