മോഹന്‍ലാലിനെ കണ്ട് ആശീര്‍വാദം വാങ്ങി സ്ഥാനാര്‍ഥി സുരേഷ് ഗോപി

Monday 22 April 2019 1:34 pm IST

കൊച്ചി: മഹാനടന്‍ മോഹന്‍ലാലിനെ കാണാന്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി ലാലിന്റെ എറണാകുളത്തെ വീട്ടിലെത്തി. ഇരുപതു മിനിട്ട് കൂടിക്കാഴ്ച. ചര്‍ച്ചകള്‍, ലാലിന്റെ അമ്മ ശാന്തകുമാരിയമ്മയ്ക്ക് കസവു വസ്ത്രം നല്‍കി ആശീര്‍വാദം നേടി. സുഹൃത്തും സഹപ്രവര്‍ത്തകനുമായ ലാലിനെയും കസവു പുടവ അണിയിച്ച് അനുഗ്രഹം നേടി. എല്ലാ നന്മയും ഉണ്ടാകട്ടെ, ഭാഗ്യം തുണയ്ക്കട്ടെ, ലാല്‍ പറഞ്ഞു.

കാലത്ത് 11.30 മുതല്‍ ഇരുപതു മിനിട്ടിലേറെ എളമക്കര പുതുക്കലവട്ടത്തെ രാജീവ് നഗറിലുള്ള ശ്രീഗണേശില്‍ ഇരുവരും സംസാരിച്ചിരുന്നു. പിരിയുമ്പോള്‍ പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് ഇരുവരും സംസാരിച്ചു.

രാജാവിന്റെ മകന്‍ സിനിമയില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. നല്ല ബന്ധമാണ്. ലാലിന്റെ അമ്മ എത്രയോ തവണ നല്ല ഭക്ഷണം ഉണ്ടാക്കിത്തന്നത് കഴിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരേ ഫെര്‍ട്ടേണിറ്റിയാണ്. അവരുടെ അനുഗ്രഹം വാങ്ങാനെത്തിയതാണ്. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. കാണാന്‍ അനുമതി കിട്ടി, അങ്ങനെ എത്തിയതാണ്, സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് മോഹന്‍ലാല്‍ ആശംസിച്ചു. പിരിയുമ്പോള്‍ ഗുഡ് ലക് പറയാന്‍ മറന്നില്ല.

സുരേഷ് ഗോപിയെ വീടിനു പുറത്തെത്തി ആലിംഗനം ചെയ്ത് സ്വീകരിച്ച ലാല്‍, വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇരുവരും ഉള്ളില്‍ അമ്മയെ കണ്ട് സംസാരിച്ചു. പുറത്തിറങ്ങി, സന്ദര്‍ശക മുറിയില്‍ ഒന്നിച്ചിരുന്ന് സംസാരിച്ചു. ലാലിന്റെ അച്ഛന്റെ പേരിലുള്ള വിശ്വശാന്തി ട്രസ്റ്റ് ഡയറക്ടര്‍ വിനു കൃഷ്ണനും ചര്‍ച്ചകളില്‍ പങ്കെടുത്തു. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എ. നാഗേഷ്, ജില്ലാ സെക്രട്ടറി ഉല്ലാസ് ബാബു, യുവമോര്‍ച്ച തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോപിനാഥ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരും ഉണ്ടായിരുന്നു. 

ചര്‍ച്ചയില്‍എ സിനിമാ താരങ്ങളുടെ പിന്തുണയും വിവാദവും ഉയര്‍ന്നുവന്നു. ഇടയ്ക്ക് മോഹന്‍ലാല്‍ മൊബൈല്‍ ഫോണില്‍ ചില ചിത്രങ്ങളും സന്ദേശങ്ങളും സുരേഷ് ഗോപിയെ കാണിക്കുന്നുണ്ടായിരുന്നു. കുടിക്കാന്‍ പഞ്ചസാരയിടാത്ത, 'ഒരു ചൂട് കാപ്പി' സുരേഷിന് കൊടുക്കൂ എന്ന് പരസ്യത്തിനെ അനുസ്മരിപ്പിച്ച പറഞ്ഞു. സുരേഷ് ഗോപി കൈപിടിച്ച് ശബ്ദം താഴ്ത്തി പറഞ്ഞതിനോട് ഒകെ, ഒകെ, ഒകെ എന്ന ആഹ്ലാദം നിറഞ്ഞ മറുപടിയും. 

മോഹന്‍ലാലിന് തിരുവനന്തപുരത്താണ് വോട്ട്. വോട്ടു ചെയ്യാന്‍ പോകുമോ എന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ പറഞ്ഞു: 'അങ്ങനെ ചോദിക്കാന്‍ പാടില്ല, നാളത്തെ കാര്യം നാളെയല്ലേ പറയാന്‍ പറ്റൂ. അത് സസ്പന്‍സായിരിക്കട്ടെ.' 

സിനിമാ സംവിധാനത്തെക്കുറിച്ച് മറുപടി ഇങ്ങനെ: സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. ബാക്കി വിശദാംശങ്ങള്‍ നിങ്ങളെ എല്ലാം പ്രത്യേകമായി അറിയിക്കാം. ഈ വര്‍ഷം ഉണ്ടാകും, ലാല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.