കൊളംബോയില്‍ വീണ്ടും സ്ഫോടനം, നിരീക്ഷണം ശക്തമാക്കി ഇന്ത്യ

Monday 22 April 2019 5:13 pm IST

: ശ്രീലങ്കയില്‍ ആക്രമണം നടത്തിയവര്‍ സമുദ്രാതിര്‍ത്തി വഴി രക്ഷപ്പെട്ടേക്കും എന്ന വിവരത്തെ തുടര്‍ന്ന് ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണം ശക്തമാക്കി. നിരീക്ഷണകപ്പലുകളും ആളില്ലാ വിമാനങ്ങളും സമുദ്രാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നുണ്ട്.

ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്ഫോടന പരമ്പരകളില്‍ 290ഓളം പേര്‍ മരിച്ചതിന് പിന്നാലെയാണ് ഇന്ത്യയും ജാഗ്രത ശക്തമാക്കിയത്. സ്ഫോടനത്തിന് ശേഷം ഒളിവില്‍ പോയ ചാവേറുകള്‍ ഇന്ത്യയിലേക്ക് കടന്നിരിക്കാമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണിത്.

അതിനിടെ കൊളംബോയില്‍ സ്ഫോടനം നടന്ന പള്ളിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാനിലെ സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെ പിന്നെയും പൊട്ടിത്തെറി. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സാണ് സ്ഫോടന വിവരം റിപ്പോര്‍ട്ട് ചെയ്തത്. ബോംബ് സ്ക്വാഡെത്തി വാഹനത്തിലെ സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് സംഭവം.

പള്ളിയില്‍ സ്ഫോടക വസ്തുക്കള്‍ എത്തിച്ച വാഹനമാണ് ബോംബ് സ്ക്വാഡിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. ഡ്രൈവറെ പിടികൂടിയിട്ടുണ്ട്. ഇയാളക്കം സ്ഫോടന പരമ്പരകളില്‍ ഇതുവരെ 24 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊട്ടിത്തെറിയില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കന്‍ പ്രസിഡന്‍റിനെ ഫോണില്‍ വിളിച്ചു, എന്ത് സഹായവും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ശ്രീലങ്കയ്ക്ക് ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.