ലങ്കന്‍ സ്‌ഫോടനപരമ്പര: പിന്നില്‍ പ്രവര്‍ത്തിച്ച തൗഹീദ് ജമായത്ത് കൊടും ഭീകരസംഘടന

Monday 22 April 2019 5:54 pm IST
സഹ്‌റന്‍ ഹാഷിം ഭീകരവാദിയായ മൗലവിയാണ്. ഭീകരത പടര്‍ത്തുന്ന നിരവധി വീഡിയോകള്‍ ഇയാള്‍ യൂട്യൂബ് വഴി പ്രചരിപ്പിച്ചിരുന്നു. മതവൈരം പടര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തി വീഡിയോകള്‍ പ്രചരിപ്പിച്ചതിന് മുന്‍പും ഈ സംഘടനയുടെ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊളംബോ: ശ്രീലങ്കയിലും പിന്നീട് തമിഴ്‌നാട്ടിലും വേരൂന്നിയ ഭീകര സംഘടനയാണ് നാഷണല്‍ തൗഹീദ് ജമായത്ത്. ഐഎസിന്റെ പിന്തുണയുമുണ്ടിതിന്. ഈ സംഘടനയിലെ സഹ്‌റാന്‍ ഹാഷിമും കൂട്ടരുമാണ് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ എട്ടിടങ്ങളില്‍ സ്‌ഫോടനം നടത്തിയതെന്നാണ് സൂചന. ഏപ്രില്‍ 16നും ഇവര്‍ പാല്‍മുനൈയില്‍ സ്‌ഫോടക വസ്തു നിറച്ച വാഹനം എത്തിച്ച് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നു. പിന്നീടത് ഈസ്റ്റര്‍ ദിനത്തിലേക്ക് മാറ്റി. 

എട്ടിടത്ത് സ്‌ഫോടനങ്ങള്‍ നടത്താനായിരുന്നു പദ്ധതി. ഇന്ത്യക്കാര്‍ ധാരാളമായെത്തുന്ന ഒരു പള്ളി, ഒരു ഹോട്ടല്‍, ഇന്ത്യന്‍ എംബസി തുടങ്ങിയവ ഇതില്‍ പെട്ടിരുന്നു. ഇക്കാര്യം ഇന്ത്യ, ഏപ്രില്‍ നാലിന് ശ്രീലങ്കയെ അറിയിച്ചു. തുടര്‍ന്ന് ലങ്കന്‍ പോലീസ് മേധാവി പത്തു ദിവസത്തേക്ക് രാജ്യത്ത് ജാഗ്രത പ്രഖ്യാപിച്ചു. പക്ഷെ പിന്നീട് ശക്തമായ നടപടികള്‍ ഒന്നുമുണ്ടായില്ല.

സഹ്‌റന്‍ ഹാഷിം ഭീകരവാദിയായ മൗലവിയാണ്. ഭീകരത പടര്‍ത്തുന്ന നിരവധി വീഡിയോകള്‍ ഇയാള്‍ യൂട്യൂബ് വഴി പ്രചരിപ്പിച്ചിരുന്നു. മതവൈരം പടര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തി വീഡിയോകള്‍ പ്രചരിപ്പിച്ചതിന് മുന്‍പും ഈ സംഘടനയുടെ നേതാക്കളെ  പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ ബുദ്ധപ്രതിമകള്‍ രാജ്യത്തൊട്ടാകെ തകര്‍ക്കപ്പെട്ടപ്പോഴാണ് ഈ ഭീകര സംഘടന ജനശ്രദ്ധയില്‍ വരുന്നത്. ശ്രീബുദ്ധനും ബുദ്ധമതക്കാര്‍ക്കുമെതിരെ വര്‍ഗീയ വിഷം ചീറ്റിയതിന് 2014ല്‍ ഈ സംഘടനയുടെ ദേശീയ സെക്രട്ടറി അബ്ദുള്‍ റഹ്മാനെ അറസ്റ്റ് ചെയ്തിരുന്നു. 

ഈ സംഭവങ്ങള്‍ക്കു ശേഷം സംഘടനയെ നിരോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. സമാധാന കാംക്ഷികളായ മുസ്ലിങ്ങള്‍ ചേര്‍ന്ന് ഈ സംഘടനയുടെ നിരോധനം തേടി ദേശീയ മനുഷ്യവകാശ കമ്മീഷനെ സമീപിച്ചിരുന്നു. അവര്‍ പ്രസിഡന്റിനും കത്തയച്ചു. പക്ഷെ വഹാബിയിസത്തിന്റെ വക്താക്കളായ ഇൗ സംഘടനയെ ലങ്കന്‍ സര്‍ക്കാര്‍  നിരോധിച്ചില്ല. 

2016ല്‍ ധാക്കയിലെ ആര്‍ട്ടിസാന്‍ ഹോട്ടലില്‍ നടന്ന മാതൃകയിലുള്ള സ്‌ഫോടനങ്ങളാണ് ശ്രീലങ്കയിലും ഉണ്ടായത്. 2.2 കോടിയാണ് ശ്രീലങ്കയിലെ ജനസംഖ്യ. അതില്‍ 70 ശതമാനവും ബൗദ്ധരാണ്. 12.6 ശതമാനം ഹിന്ദുക്കളും 9.7 ശതമാനം മുസ്ലിങ്ങളും 7.6 ശതമാനം ക്രിസ്ത്യാനികളുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.