ചീഫ് ജസ്റ്റിസിനെ ലക്ഷ്യമിട്ട് വന്‍ശക്തികളെന്ന് വെളിപ്പെടുത്തല്‍

Monday 22 April 2019 7:55 pm IST

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ചില വന്‍ശക്തികള്‍ ലക്ഷ്യം വയ്ക്കുന്നതായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഉത്സവ് ബൈന്‍സിന്റെ വെളിപ്പെടുത്തല്‍. ലൈംഗിക പീഡനക്കേസില്‍ ചീഫ് ജസ്റ്റിസിനെ കുടുക്കാനായി പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്തുന്നതിനും മറ്റുമായി തനിക്ക് ഒന്നര കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായും അഭിഭാഷകന്‍ വെളിപ്പെടുത്തി.

ദല്‍ഹിയില്‍ വിധികള്‍ അനുകൂലമാക്കുന്നതിനായി പരിശ്രമിക്കുന്ന ചില കേന്ദ്രങ്ങളാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും ഉത്സവ് ബൈന്‍സ് വെളിപ്പെടുത്തി. 

ഇതിന് പിന്നാലെ ചീഫ് ജസ്റ്റിസിനെതിരെ പരസ്യ പ്രതിഷേധവുമായി ഒരുസംഘം അഭിഭാഷകര്‍ സുപ്രീംകോടതിക്ക് പുറത്ത് രംഗത്തെത്തിയതും ദുരൂഹമായി. അസാധാരണ സിറ്റിങ് നടത്തി വിഷയം പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ നടപടി ശരിയല്ലെന്നും ഫുള്‍ കോര്‍ട്ട് നേതൃത്വം നല്‍കുന്ന സമിതി പരാതി അന്വേഷിക്കണമെന്നും അഡ്വക്കേറ്റ് ഓണ്‍ റെക്കോഡ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജിവയ്പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടന്നതെന്നാണ് അഡ്വ. ഉത്സവിന്റെ ആരോപണം. അസംതൃപ്തരായ ചില ജഡ്ജിമാര്‍, സുപ്രീംകോടതിയില്‍ ചില കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നവര്‍, കോര്‍പ്പറേറ്റ് അഴിമതിക്കാര്‍, ചില അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ എന്നിവരാണ് നീക്കങ്ങള്‍ക്ക് പിന്നിലെന്നും ഉത്സവ് ആരോപിച്ചു. 

അതിനിടെ, ലൈംഗിക ആരോപണ വിവാദത്തില്‍ ചീഫ് ജസ്റ്റിസിന് പിന്തുണയുമായി സുപ്രീംകോടതി ജീവനക്കാരുടെ സംഘടന പ്രസ്താവന ഇറക്കി. 

സുപ്രീംകോടതിയെ അപകീര്‍ത്തിപ്പെടുത്താനാണ് ആരോപണം ഉന്നയിച്ച യുവതി ലക്ഷ്യംവച്ചത്. ആരോപണം കെട്ടിച്ചമച്ചതാണെന്നും എല്ലാ ജീവനക്കാരും ഒറ്റക്കെട്ടായി ചീഫ് ജസ്റ്റിസിന് പിന്തുണ നല്‍കുമെന്നും ജീവനക്കാരുടെ സംഘടനയായ സുപ്രീംകോടതി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.