ഗുരുവിനെയും ശിവഗിരി മഠത്തേയും അംഗീകരിച്ചത് മോദി

Tuesday 23 April 2019 7:57 am IST
കേരളത്തിന്റെ സ്വന്തം പുത്രനായ കെ.ആര്‍ നാരായണന്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ പോലും മഠത്തിന് അര്‍ഹതപ്പെട്ട അംഗീകാരം ലഭിച്ചില്ല. എന്നാല്‍, പിന്നാക്കക്കാരനായ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അധികാരത്തിലെത്തിയതോടെയാണ് മഹാഗുരുവിനെയും ശിഷ്യഗണത്തെയും അംഗീകരിക്കാന്‍ തയാറായത്, സ്വാമി പറഞ്ഞു.

സ്വയം  പ്രഖ്യാപിത മതേതരക്കാരല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മഹാഗുരുവിനെയും ശിഷ്യഗണങ്ങളേയും ആദരിച്ചതെന്ന് ശിവഗിരി മഠം. സ്വാതന്ത്ര്യം ലഭിച്ച് എഴുപതാണ്ട് കഴിഞ്ഞ്, പിന്നാക്ക വിഭാഗക്കാരന്‍ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോഴാണ് ശിവഗിരി മഠത്തെ അംഗീകരിച്ചത്. 

ജയ്പൂരില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു ഗവേര്‍ണിങ് ബോഡി മീറ്റിങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കവെ മഠാധിപതി വിശുദ്ധാനന്ദ സ്വാമിയാണ് ശിവഗിരി മഠത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

ശ്രീനാരായണഗുരുവും മതേതരത്ത്വത്തിന് വേണ്ടി നിലകൊണ്ടയാളാണെന്ന് സ്വയം പ്രഖ്യാപിത മതേതരക്കാര്‍ ഇത്രകാലവും ഓര്‍ത്തില്ല. കേരളത്തിന്റെ സ്വന്തം പുത്രനായ കെ.ആര്‍ നാരായണന്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ പോലും മഠത്തിന് അര്‍ഹതപ്പെട്ട അംഗീകാരം ലഭിച്ചില്ല. എന്നാല്‍, പിന്നാക്കക്കാരനായ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അധികാരത്തിലെത്തിയതോടെയാണ്  മഹാഗുരുവിനെയും ശിഷ്യഗണത്തെയും അംഗീകരിക്കാന്‍ തയാറായത്, സ്വാമി പറഞ്ഞു. സ്വദേശി ദര്‍ശന്‍ പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ശിവഗിരിമഠത്തിന് 70 കോടി രൂപ അനുവദിച്ചതിന് സ്വാമി നന്ദി അറിയിച്ചു.

ഗുരുദേവന്റെ പരമ്പരയെ, കേരളത്തിലെ മതേതരെ ജനതയെ മറക്കാന്‍ രാജ്യത്തിനാകില്ല എന്നതിന്റെ തെളിവാണിത്. ഇത്രകാലം ഇവിടുണ്ടായിരുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു. 

തനിക്ക് പദ്മശ്രീ സമ്മാനിച്ച അവസരത്തിലാണ് ശ്രീനാരായണ ഗുരുവിന്റെ രഹസ്യശിഷ്യ പരമ്പയിലെ ഗോപാല്‍ തന്ത്രികളുടെ മക്കളിലൊരാളായ കെ.ജി ജയനും പുരസ്‌കാരനേട്ടമുണ്ടായത്. ജയവിജയന്മാരുടെ പാട്ടുകള്‍ കേരളത്തിലും ഭാരതത്തിലും ഇത്രകാലം അലയടിച്ചിട്ടും ഇതുകാണുവാനോ കേള്‍ക്കുവാനോ ആരും ഇവിടുണ്ടായിരുന്നില്ല. ഇതും ശിവഗിരിക്ക് ലഭിച്ച അംഗീകാരത്തോട് ചേര്‍ത്ത് വെക്കേണ്ടതാണ്. ഗുരുവിന്റെ രഹസ്യശിഷ്യപരമ്പരയ്ക്കും ആധ്യാത്മിക ശിഷ്യപരമ്പരയ്ക്കും ഒരേസമയം ഈ അംഗീകാരം ലഭിച്ചതിലെ സന്തോഷം എടുത്തുപറയണം.  പദ്മശ്രീ സമര്‍പ്പണ വേദിയിലേക്ക് ആത്മീയ പരിവേഷത്തോടെ കടന്നു ചെല്ലാന്‍ കഴിഞ്ഞത് ഗുരുവിന്റെ ശിഷ്യപരമ്പരയ്ക്ക് മാത്രമായിരുന്നെന്നും അവിടെയാണ് മോദി സര്‍ക്കാര്‍ തങ്ങള്‍ക്കു നല്‍കുന്ന അംഗീകാരം മനസ്സിലാക്കേണ്ടതെന്നും സ്വാമി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.