അമ്മയുടെ അനുഗ്രഹം വാങ്ങി മോദി

Wednesday 24 April 2019 8:57 am IST

അഹമ്മദാബാദ്: അതിരാവിലെ, ഗാന്ധിനഗറിലെ റായിസാന്‍ ഗ്രാമത്തിലുള്ള ഇളയ സഹോദരന്‍ പങ്കജ് മോദിയുടെ വസതിയില്‍ എത്തി അമ്മ ഹീരാബെന്നിനെ കണ്ടു, കാലില്‍ തൊട്ടു വന്ദിച്ചു, അനുഗ്രഹം തേടി. പുതുവസ്ത്രം സമ്മാനിച്ചു, പിന്നെ അല്‍പ്പനേരം അമ്മയ്‌ക്കൊപ്പം...

അമ്മ മോദിയെ വിജയതിലകമണിയിച്ച്  അനുഗ്രഹിച്ചു. അമ്മ അനുഗ്രഹിച്ച് നല്‍കിയ മധുരം നുണഞ്ഞ്, അണിയിച്ച ഷാളുമായി നേരെ അഹമ്മദാബാദിലെ ബൂത്തിലേക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍. പ്രധാനമന്ത്രി പദത്തില്‍ രണ്ടാമൂഴം തേടുന്ന നരേന്ദ്ര മോദിക്ക് ഇന്നലെയും പതിവു പോലെ തിരക്കോടു തിരക്കു തന്നെ.

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്ന ഇന്നലെയായിരുന്നു മോദിക്കും അമിത് ഷായ്ക്കും വോട്ട് ചെയ്യേണ്ടിയിരുന്നത്.

രാവിലെ, 98 വയസ്സുള്ള അമ്മയുടെ അനുഗ്രഹം വാങ്ങിയശേഷം സഹോദരനുമായും നാട്ടുകാരുമായും സൗഹൃദം പങ്കിട്ടു. ഓടിയെത്തിയ കുട്ടികള്‍ക്കൊപ്പം സെല്‍ഫി. പിന്നെ മാധ്യമപ്രവത്തകര്‍ക്കൊപ്പം അല്‍പ്പസമയം.

പിന്നെയാണ് അഹമ്മദാബാദിലേക്ക് തിരിച്ചത്. ബുള്ളറ്റ് പ്രൂഫ് വാഹനം വെടിഞ്ഞ്, തുറന്ന വാഹനത്തിലാണ് റാണിപിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലേക്ക് മോദി എത്തിയത്. സാവധാനം നീങ്ങിയ വാഹനത്തില്‍ നിന്ന് മോദി ജനങ്ങള്‍ക്കു നേരെ കൈകൂപ്പി.

 ആ സമയത്ത് ഗാന്ധിനഗറിലെ സ്ഥാനാര്‍ഥി കൂടിയായ ബിജെപി അധ്യക്ഷന്‍ അമിത് ഷായും കുടുംബവും അവിടെയെത്തി. അമിതഷായുടെ കൊച്ചുമകളെ എടുത്ത് അവളെ അല്‍പ്പനേരം കൊഞ്ചിച്ചു, ഷായുമായി ഗൗരവത്തിലുള്ള സംസാരം. 

തുടര്‍ന്ന് ബൂത്തില്‍ കടന്ന് വോട്ട് ചെയ്തു. പുറത്തു വന്ന് മഷിപുരണ്ട വിരല്‍ മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തിക്കാട്ടി. 

 വോട്ട് പാഴാക്കരുതെന്നും മുഴുവന്‍ പേരും വോട്ടു ചെയ്യണമെന്നും ഒരിക്കല്‍ കൂടി അഭ്യര്‍ഥിച്ച ശേഷമാണ് മോദി തുറന്ന വാഹനത്തിലേക്ക് മടങ്ങിയത്. മോദിയെയും അമിത് ഷായെയും കാത്ത് വന്‍ ജനസഞ്ചയം തന്നെ സ്‌കൂളിനു പുറത്ത് തടിച്ചു കൂടിയിരുന്നു. അവര്‍ കൈകൂപ്പിയും 'മോദി മോദി' വിളിച്ചും  അന്തരീക്ഷം കൊഴുപ്പിച്ചു. തുറന്ന ജീപ്പില്‍ അല്‍പ്പസമയം സഞ്ചരിക്കുകയും നടക്കുകയും ചെയ്ത ശേഷമാണ് മോദി മടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.