പ്ലാസ്റ്റിക് ഗ്രൈന്‍ഡിങ് യൂണിറ്റില്‍ തീപിടിത്തം

Wednesday 24 April 2019 2:17 pm IST

പൂച്ചാക്കല്‍ :അരൂക്കുറ്റി വടുതലയില്‍ പ്ലാസ്റ്റിക് ഗ്രൈന്‍ഡിങ് യൂണിറ്റിന് തീപിടിച്ചു. എറണാകുളം വെണ്ണല, ചളിക്കവട്ടം കണിയാവേലി വീട്ടില്‍ ഹാഷിമിന്റെ ഉടമസ്ഥതയില്‍ വടുതല 1008 -ന് സമീപമുള്ള പ്ലാസ്റ്റിക് ഗ്രൈന്‍ഡിങ് യൂണിറ്റാണ് കത്തിനശിച്ചത്. 

ചൊവ്വ വെളുപ്പിന് രണ്ടോടെയായിരുന്നു സംഭവം. ഗോഡൗണില്‍ തീ പടരുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ ദുരന്തം ഒഴിവായി. കനത്ത മഴയില്‍ പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു. ഇരുമ്പ് തൂണ്‍ വഴി മിന്നല്‍ ഏറ്റതാണ് തീപിടിത്തത്തിനു കാരണമെന്നാണ് നിഗമനം. കെട്ടിടത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ തീ കത്തുന്നത് കണ്ടതോടെ ഗോഡൗണില്‍ നിന്നും പുറത്തിറങ്ങി അയല്‍വാസികളെ അറിയിക്കുകയായിരുന്നു. 

സംഭവം നടന്ന പ്രദേശത്തേക്ക് അരൂരില്‍ നിന്നും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വാഹനം ആദ്യം എത്തിയെങ്കിലും തീപിടിത്തം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ചേര്‍ത്തല, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിരക്ഷാസേനയുടെ ഏഴ് വാഹനങ്ങള്‍ എത്തിച്ചാണ് തീയണച്ചത്. 28 ലക്ഷം രൂപയുടെ നാശ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.