അനധികൃത ചെളിയെടുപ്പു ജെസിബി കസ്റ്റഡിയിൽ എടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു

Wednesday 24 April 2019 3:30 pm IST

പുത്തൂർ: കഴിഞ്ഞ ദിവസം താഴം കാവാരത്ത് ഏലായിൽ നിന്നും നിരോധനം ലംഘിച്ച് ചെളി ഖനനം ചെയ്ത ജെസിബി അടിയന്തിരമായി കസ്റ്റഡിയിൽ എടുക്കാൻ കൊട്ടാരക്കര തഹസിൽദാർ നിർദ്ദേശിച്ചിട്ടും മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിൽ എടുക്കാൻ പുത്തൂർ പോലിസ് കാണിക്കുന്ന അനാസ്ഥക്കെതിരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാൻ കാവാരത്ത് ഏലാ സംരക്ഷണ സമിതി തീരുമാനിച്ചു. 

അനധികൃതമായി ചെളി ഖനനം ചെയ്ത ജെ.സി.ബി നാട്ടുകാർ തടയുകയും തുടർന്ന് ഇരുപതോളം വരുന്ന ഇഷ്ടിക കമ്പനി മുതലാളിയുടെ ഗുണ്ടാകൾ സംഘർഷമുണ്ടാക്കി ജെസിബി മോചിപ്പിച്ചു കൊണ്ടു പോകുകയുമായിരുന്നു. വിവരം പുത്തുർ പോലിസിനെ അറിയിച്ചിട്ടും സംഭവസ്ഥലത്ത് വന്ന് അന്വേഷണം നടത്തുന്നതിനോ ക്രമസമാധാനം സംരക്ഷിക്കുന്നതിനോ ജെസിബി കസ്റ്റഡിയിൽ എടുക്കുന്നതിനോ പോലീസ് മുതിരാഞ്ഞതിനാൽ നാട്ടുകാർ കൊല്ലം കളക്ടർക്കും കൊട്ടാരക്കര തഹസിൽദാർക്കും പരാതി കൊടുക്കുകയായിരുന്നു. പുത്തൂർ വില്ലേജാഫിസർ സ്ഥലത്ത് വന്നതിന് ശേഷമാണ് ജെസിബി കസ്റ്റഡിയിൽ എടുക്കാൻ ഉത്തരവിട്ടത്.

ജെസിബി ഒളിപ്പിച്ചിട്ടിരിക്കുന്ന സ്ഥലം നാട്ടുകാർ കാണിച്ചു കൊടുകുകയും എന്നാൽ ഡ്രൈവർ ഇല്ലാ എന്ന് പറഞ്ഞു   പോലിസ്  മടങ്ങാൻ തുടങ്ങുകയും ഉടൻ തന്നെ കർഷക കൂട്ടായ്മ വേറെ ഡ്രൈവറെ എത്തിച്ചു കൊടുക്കുകയും അപ്പോൾ ജെ.സിബിക്ക് താക്കോൽ ഇല്ലാ എന്ന് പറഞ്ഞ് പുത്തൂർ പോലിസ് പോകുകയുമായിരുന്നു. പുത്തൂർ പോലിസിന്റെ ഒത്താശയോടെയാണ് ഇവിടെ അനധികൃത ചെളിയെടുപ്പു   നടത്തുന്നത് എന്ന് പരക്കെ ആക്ഷേപമുണ്ട്. 

ജെസിബി എത്രയും വേഗം കസ്റ്റഡിയിൽ എടുത്ത് ആവശ്യമായ നിയമ നടപടി സ്വീകരിച്ചില്ലങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ഏലാ സംരക്ഷണ സമിതിയുടെ തീരുമാനമെന്ന് പ്രസിഡന്റ് എൻ.മനോഹരൻ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.