കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-രാജസ്ഥാന് റോയല്‍സ് പോരാട്ടം. ഈഡന് ഗാര്‍ഡന്‍സില്‍ രാത്രി എട്ടിന് കളി തുടങ്ങും. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലുള്ള ഇരു ടീമിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.
തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ തോറ്റാണ് കൊല്‍ക്കത്ത സ്വന്തം മണ്ണില്‍ രാജസ്ഥാനെ നേരിടാനൊരുങ്ങുന്നത്. മികച്ച രീതിയില്‍ സീസണ് തുടങ്ങിയെങ്കിലും ഫോം തിരിച്ചുപിടിക്കാന്‍ വിഷമിക്കുകയാണ് കൊല്‍ക്കത്ത. നായകന് ദിനേശ് കാര്‍ത്തിക് ഉള്‍പ്പെടെ ബാറ്റ്സ്മാന്മാരാരും ഫോമിലല്ല.
ബൗളിങ്ങാണ് കൊല്‍ക്കത്തയെ കുഴക്കുന്ന പ്രധാന പ്രശ്നം. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, സുനില്‍ നരെയ്ന്, പിയൂഷ് ചൗള എന്നിവര്‍ തീര്‍ത്തും നിറം മങ്ങി. കഴിഞ്ഞ പത്ത് മത്സരങ്ങളില്‍നിന്ന് കൊല്‍ക്കത്തയ്ക്കായി സ്പിന്നര്‍മാര്‍ നേടിയത് പതിനാറു വിക്കറ്റുകള്‍ മാത്രം.
ദല്‍ഹി ക്യാപിറ്റല്‍സിനോട് കഴിഞ്ഞ മത്സരത്തില്‍ ആറു വിക്കറ്റിന് തോറ്റാണ് രാജസ്ഥാന് എത്തുന്നത്. ഓപ്പണര്‍ അജിങ്ക്യ രഹാനെ സെഞ്ചുറി നേടിയിട്ടും രാജസ്ഥാന് കഴിഞ്ഞ മത്സരത്തില്‍ തോറ്റിരുന്നു. നായകന് സ്റ്റീവ് സ്മിത്ത് ഫോം കണ്ടെത്തിയതും ഓള്‍റൗണ്ടര്‍ സ്റ്റുവേര്‍ട്ട് ബിന്നി അവസാന ഓവറുകളില്‍ ആഞ്ഞടിക്കുന്നതുമാണ് രാജസ്ഥാന്റെ പ്രതീക്ഷ.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ ഓസീസ് താരം ആഷ്ടണ്‍ ടേര്‍ണറെ ഇന്ന് പുറത്തിരുത്തിയേക്കും. ഫാസ്റ്റ് ബൗളര്‍മാരായ ദവാല്‍ കുല്‍ക്കര്‍ണി, ജയദേവ് ഉനദ്ഖഡ് എന്നിവര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. ഇരുവരും ഇതിനുമുമ്പ് ഇരുപത് തവണ ഏറ്റുമുട്ടിയപ്പോള്‍ പത്തിലും വിജയം കൊല്‍ക്കത്തക്കൊപ്പം നിന്നു. ഒമ്പത് മത്സരങ്ങളില്‍ രാജസ്ഥാനും വിജയം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: