മൂളിപ്പറക്കുന്നു, ആ കൊലയാളി

Thursday 25 April 2019 11:09 am IST
ഇന്ന് മലേറിയ ദിനം

തിരുവനന്തപുരം: ആനയെ പെരുവിരല്‍ കൊണ്ട് മെരുക്കുന്ന മനുഷ്യന് ഇന്നും മരീചികയാണ് വിരലിനോളം പോലും വലിപ്പമില്ലാത്ത, മൂളിപ്പറക്കുന്ന ആ കൊലയാളി. മലേറിയ എന്ന മാരക രോഗം പരത്തുന്ന കൊതുകിനെ നിയന്ത്രിക്കാന്‍ നാളിതുവരെ അവന് കഴിഞ്ഞിട്ടില്ല.

ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരെ കൊന്നൊടുക്കിയ ജീവിയെന്ന പരിവേഷമുണ്ട് കൊതുകിന്. 'ക്യൂലിസിഡേ' കുടുംബത്തില്‍പ്പെടുന്ന പ്രാണിയാണ് കൊതുക്. 15 മില്ലീ മീറ്ററിലധികം നീളമില്ലാത്ത, രണ്ടര മില്ലീ ഗ്രാമിലധികം ഭാരമില്ലാത്ത ഒരു കൊച്ചുപ്രാണി. കൊതുക് മുട്ടയിടുന്നതും അവയുടെ ലാര്‍വകള്‍ വളരുന്നതും വെള്ളത്തിലാണ്. ഇത് തടയുന്നതിനായി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ വര്‍ഷാവര്‍ഷം ചെലവഴിക്കുന്നത് കോടികള്‍. ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പിഴവും കൃത്യമായ ആസൂത്രണമില്ലാത്തതും മൂലം ഈ കോടികളുടെ പദ്ധതികള്‍ ലക്ഷ്യം കാണുന്നില്ല.

മനുഷ്യന്‍ ഉണ്ടാകുന്നതിനു മുമ്പു തന്നെ കൊതുക് ഭൂമിയിലുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നനത്. പകര്‍ച്ചവ്യാധികള്‍ പരത്തുന്നതില്‍ ലോകത്ത് കൊതുകു കഴിഞ്ഞേ മറ്റൊരു ജീവിയുള്ളു. മലേറിയ, യെല്ലോ ഫീവര്‍, മന്ത്, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ മാരകരോഗങ്ങള്‍ കൊതുകു വഴിയാണ് പടരുന്നത്.ലോകത്താകെ വര്‍ഷത്തില്‍ 30 മുതല്‍ 50 കോടി വരെ ആളുകള്‍ക്ക് കൊതുക് പരത്തുന്ന വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നതായാണ് ശാസ്ത്രലോകത്തിന്റെ നിരീക്ഷണം. കൊതുകു പരുത്തുന്ന രോഗങ്ങള്‍ മൂലം വര്‍ഷം തോറും മരണമടയുന്ന കുട്ടികള്‍ 10 മുതല്‍ 30 ലക്ഷം വരെയും.

ലോകത്തിലാകെ മൂവായിരത്തോളം തരം കൊതുകുകളുണ്ട്. ശരീരവലുപ്പം, ആകൃതി, പെരുമാറ്റരീതി, പരിസരങ്ങളുമായി ഇണങ്ങിച്ചേരാനുള്ള കഴിവ്, ക്രോമസോം ഘടനയിലെ മാറ്റങ്ങള്‍ എന്നിവ കണക്കിലെടുത്താണ് കൊതുകിനെ വ്യത്യസ്ത വര്‍ഗങ്ങളായി  തിരിച്ചിരിക്കുന്നത്.

ക്യൂലക്‌സ്, കുലിസെറ്റാ, കോക്വിലെറ്റിഡിയ, പ്ലോറോഫോറ, ഓര്‍ത്തോപോഡാമിയ, ടോക്‌സോറിങ്കൈറ്റിസ്, വെയോമിയ തുടങ്ങിയവ കൊതുകുകളിലെ പ്രധാന ജനുസുകളാണ്. ഇവയില്‍ തന്നെ ക്യൂലിക്‌സ്, ഏഡീസ്, അനോഫിലീസ് എന്നിവയാണ് മനുഷ്യനെ സംബന്ധിച്ച് ഏറ്റവും അപകടകാരികള്‍. മലേറിയ പരത്തുന്ന പ്ലാസ്‌മോഡിയം എന്ന രോഗാണു കൊതുകുകളിലൂടെയാണ് മനുഷ്യരിലെത്തുന്നത്. 1897 ഓഗസ്റ്റ് 20 ന് ആയിരുന്നു ഈ സുപ്രധാന കണ്ടെത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.