സ്‌ഫോടനത്തിന് പിന്നില്‍ അയല്‍വാസികൾ, വിശ്വസിക്കാനാവാതെ വീട്ടമ്മ

Thursday 25 April 2019 12:46 pm IST

കൊളംബോ : ലോകത്തെ തന്നെ നടുക്കിയ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ തന്റെ അയല്‍ വാസികളും പങ്കാളികളാണെന്ന് വിശ്വസിക്കാനാവാതെ ഫാത്തിമ ഫസ്ല എന്ന വീട്ടമ്മ. തന്റെ അയല്‍ക്കാരും, പരിചിതരുമായ ഇവര്‍ ഇത്തരത്തില്‍ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുമെന്ന് ഫസ്ല സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. 

ഇന്‍ഷാഫ് ഇബ്രാഹിം, ഇല്‍ഹാം ഇബ്രാഹിം എന്നീ സഹോദരങ്ങളാണ് ചാവേര്‍ ആയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മഹാവേല ഗാര്‍ഡെന്‍സിലെ ഈ ധനിക കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗം എന്തെന്ന് സമീപവാസികളില്‍ പലരും സംശയ ദൃഷ്ടിയോടെ വീക്ഷിച്ചിരുന്നെങ്കിലും ഇത്തരത്തില്‍ ഒന്നാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫസ്ല പറഞ്ഞു. 

ചെമ്പ് ഫാക്ടറി ഉടമായയ ഇന്‍ഷാഫ്(33) ആണ് ഷാങ്ക്രി ല ഹോട്ടലില്‍ ആക്രമണം നടത്തിയത്. അതിന് ശേഷം പോലീസ് ഇവരുടെ വീട്ടില്‍ തെരച്ചില്‍ നടത്താന്‍ എത്തിയതോടെ ഇല്‍ഹം സ്വയം ബോംബ് പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട നടപടികളില്‍ പേടിച്ച് ഇല്‍ഹം സ്വയം മരിക്കുകയായിരുന്നു.

അതേസമയം ഇരുവരേയും കുടുംബത്തേയും നല്ല ആളുകളായാണ് കണ്ടിരുന്നത്. ഈ സഹോദരന്മാരുടെ പേര് ആദ്യം പ്രാദേശിക മാധ്യമങ്ങളാണ് പുറത്ത് വിട്ടതോടെയാണ് തങ്ങള്‍ ഇക്കാര്യം മനസ്സിലാക്കുന്നതെന്ന് ഫസ്ല കൂട്ടിച്ചേര്‍ത്തു. 

നാഷണല്‍ തൗഹീദ് ജമാ അത്ത് എന്ന സംഘടനയില്‍ ഇരുവരും പ്രവര്‍ത്തിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രാദേശിക മുസ്ലിം സംഘടനകള്‍ക്ക് ഭീകര പ്രവര്‍ത്തനങ്ങളുമായി ഏതെങ്കിലും വിധത്തില്‍ ബന്ധം ഉണ്ടോയെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. 

ഇരുവരേയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടുന്നതില്‍ ശ്രീലങ്കന്‍ അധികൃതര്‍ വിലക്കിയിരുന്നു. സഹോദരങ്ങളുടെ വിവരങ്ങള്‍ പുറത്ത് വരുന്നതോടെ രാജ്യത്തെ മറ്റ് മുസ്ലിങ്ങളേയും ജനങ്ങള്‍ സംശയത്തിന്റെ കണ്ണുകളോടെ വീക്ഷിക്കുമോ എന്ന ഭയത്താലായിരുന്നു ഈ നടപടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.