27 വര്‍ഷത്തെ കോമാവസ്ഥയ്ക്ക്‌ശേഷം കണ്ണ് തുറന്ന് യുഎഇ സ്ത്രീ

Thursday 25 April 2019 1:16 pm IST

ദുബായ് : അപകടത്തെ തുടര്‍ന്ന് കോമാവസ്ഥയില്‍ ആയിരുന്ന സ്ത്രീ 27 വര്‍ഷത്തിന് ശേഷം കണ്ണ് തുറന്നു. യുഎഇ സ്വദേശി മുനീറ ഒമറാണ് മെഡിക്കല്‍ സയന്‍സിനെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കണ്ണ് തുറന്നത്. 

1991ല്‍ എല്‍എയ്ന്‍ സ്‌കൂളില്‍ നിന്നും മകനായ ഒമറിനെ വിളിച്ചുകൊണ്ടുവരുന്നതിനിടെ റോഡപകടത്തില്‍ മുനീറയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ ഇവര്‍ കോമാവസ്ഥയില്‍ ആവുകയും ചെയ്തു. അന്ന് 32 വയസ്സായിരുന്നു ഇവര്‍ക്ക്. ഇവരുടെ മകന്‍ ഒമര്‍ അത്ഭുതകരമായി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതിരുന്നതാണ് അബോധാവസ്ഥയില്‍ ആകാന്‍ കാരണം. 

2017ല്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സയ്ദിന്റെ മുമ്പില്‍ ഇതുമായി ബന്ധപ്പെട്ട പരാതിയുമായി ഒമര്‍ ചെന്നതോടെയാണ് ഈ അമ്മയുടെയും മകന്റെയും കഥ പുറംലോകം അറിയുന്നത്. തുടര്‍ന്ന് കേട്ട രാജകുമാരന്‍ അവര്‍ക്ക് ജര്‍മ്മനിയില്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും മുനീറയെ അങ്ങോട്ട് മാറ്റുകയും ചെയ്തു. 

മുനീറ കോമാവസ്ഥയില്‍ നിന്ന് ഉണര്‍ന്നതും ആദ്യം ചോദിച്ചതും തന്റെ മകനെ കുറിച്ചാണ്. ജര്‍മ്മനിയില്‍ ചികിത്സയിലായിരുന്ന മുനീറ ചിലപ്പോള്‍ കോമാവസ്ഥയില്‍ നിന്നും ഉണരാന്‍ സാധ്യതയില്ലെന്ന് വരെ ഡോക്ടര്‍മാര്‍ ഒമറിനെ അറിയിച്ചിരുന്നു. 15-20 വര്‍ഷത്തോളം കോമാവസ്ഥയില്‍ തുടര്‍ന്നശേഷം തിരിച്ച് വരവ് ഉണ്ടാകില്ലെന്നാണ് അവര്‍ അറിയിച്ചിരുന്നത്.

എന്നാല്‍ തന്റെ അമ്മ തിരിച്ച് വരുമെന്നും തന്നെ വിളിക്കുമെന്നും ഒമര്‍ അടിയുറച്ചി വിശിവസിച്ചിരുന്നു. പ്രതീക്ഷ താന്‍ ഒരിക്കലും കൈവിട്ടിരുന്നില്ല ദൈവത്തിന്റെ പ്രവര്‍ത്തിയാണിതെന്നുമാണ് ഒമര്‍ പ്രതികരിച്ചത്. 

കഴിഞ്ഞ വര്‍ഷം മെയില്‍ മുനീറ കോമാവസ്ഥയില്‍ നിന്നും ഉണര്‍ന്നതാണ്. എന്നാല്‍ അവരുടെ സ്വകാര്യതയ്ക്കും, ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനുമായാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത്. 60 വയസ്സുള്ള മുനീറ ഇപ്പോള്‍ യുഎഇയിലെ വീട്ടിലാണുള്ളത്. അമ്മ കണ്ണുതുറന്നപ്പോള്‍ താന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഷെയ്ക് മുഹമ്മദ് ബിന്‍ സെയ്ദ് രാജകുമാരനോടാണെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.