കേരള തീരം നിരീക്ഷിക്കാന്‍ വിഴിഞ്ഞത്ത് കോസ്റ്റ് ഗാർഡിന്റെ പുതിയ കപ്പല്‍

Thursday 25 April 2019 1:28 pm IST

തിരുവനന്തപുരം: ഇന്ത്യന്‍ തീരസംരക്ഷണസേനയ്ക്ക്‌വേണ്ടി പുതിയതായി നിര്‍മ്മിച്ച സി-441 എന്ന നിരീക്ഷണ കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് കമ്മീഷന്‍ ചെയ്തു.  ഇന്റര്‍സെപ്റ്റര്‍ ബോട്ട്‌സ്‌ വിഭാഗത്തില്‍ പെട്ട ഏഴാമത്തെ കപ്പലാണ് സൂറത്തിലെ എല്‍ &റ്റി ലിമിറ്റഡ് തദ്ദേശമായി നിര്‍മിച്ച സി-441. 

കേരളാ-മാഹി കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്ട് കമാന്‍ഡരുടെ പ്രവര്‍ത്തന നിയന്ത്രണത്തില്‍ വരുന്ന കപ്പലില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് അമിത്‌ കെ.ചൗധരിയുടെ നേതൃത്വത്തില്‍ 13 സേനാംഗങ്ങളമുണ്ട്.  ഇതിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ വിഴിഞ്ഞത്തെ തീരസംരക്ഷണസേനയ്ക്ക് കടലിലെ രക്ഷാ പ്രവര്‍ത്തനത്തിനും പട്രോളിങ്ങിനും കൂടുതല്‍ ശക്തി പകരാന്‍ കഴിയും. 27.8 മീറ്റര്‍ നീളവും 106 ടണ്‍ സംവഹന ശേഷിയുമുള്ള കപ്പലിന്റ പരമാവധി വേഗത 45 നോട്ട്‌സ് (83 കി.മീ/മണിക്കൂര്‍). കേരളാതീര മേഖലയിലായിരിക്കും ഈ കപ്പലിന്റെ പ്രവര്‍ത്തനം. രണ്ട് ഡീസല്‍ എന്‍ജിനും രണ്ട് വാട്ടര്‍ജെറ്റ് പ്രൊപ്പല്‍ഷനോടും കൂടിയ ഈ കപ്പല്‍ ആഴംകുറഞ്ഞ മേഖലകളിലും ആഴംകൂടിയ കടലിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

ഉള്‍ക്കടലില്‍ അപകടത്തില്‍പെടുന്ന ബോട്ടുകളെയും ചെറു തോണികളെയും രക്ഷപ്പെടുത്താനും കടലില്‍ നിരീക്ഷണം നടത്താനും, തീരക്കടലിലും ഉള്‍ക്കടലിലും യഥേഷ്ടം സഞ്ചരിക്കാനും ആധുനിക നിരീക്ഷണ സംവിധാനങ്ങളും വാര്‍ത്താവിനിമയ സൗകര്യങ്ങളും വിവിധ തരം യന്ത്രത്തോക്കുകളുമുള്ള ഈ ബോട്ടിന് സാധിക്കും. കടലിലുണ്ടാകുന്ന അത്യാഹിതങ്ങളെ വളരെ പെട്ടെന്ന് പ്രതിരോധിക്കുന്നതിന് ആധുനിക ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ള ഈ കപ്പലിന് സാധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.