പരാജയഭീതി; വോട്ട് കച്ചവട ആരോപണവുമായി സിപിഎം

Friday 26 April 2019 1:38 am IST
പരമ്പരാഗതമായി ഇടതുപക്ഷത്തിന് മാത്രം വോട്ട് കൊടുത്തിട്ടുള്ള കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലെ സ്ത്രീകളും ഇക്കുറി സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു. ശബരിമലയില്‍ ആചാരലംഘനം നടത്താനും വിശുദ്ധി തകര്‍ക്കാനുമുള്ള നീക്കങ്ങളില്‍ അവര്‍ക്കും പ്രതിഷേധമുണ്ട്. ഇവരും ഇടത് സ്ഥാനാര്‍ഥികള്‍ക്കെതിരെ വോട്ട് ചെയ്തുവെന്നാണ് വെളിവായത്. ഇത് തങ്ങളുടെ തോല്‍വിക്കിടയാക്കും എന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞു.

കൊച്ചി: കടുത്ത പരാജയ ഭീതിയില്‍ ആശങ്കയിലായ സിപിഎം വോട്ട് കച്ചവട ആരോപണവുമായി രംഗത്ത്. എട്ടു മണ്ഡലങ്ങളില്‍ ബിജെപി വോട്ടുമറിച്ചെന്നാണ് സിപിഎം പറയുന്നത്. കണ്ണൂരും കാസര്‍കോടും കൊല്ലവും അടക്കമുള്ള മണ്ഡലങ്ങളില്‍ വോട്ടുകച്ചവടം നടത്തിയെന്നാണ് ആക്ഷേപം. എന്നാല്‍, പരാജയ ഭീതി കടുത്തതോടെയാണ് ആക്ഷേപവുമായി ഇറങ്ങിയതെന്നാണ് വിലയിരുത്തല്‍.

  ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര പോളിങ്ങാണ് പലയിടങ്ങളിലും. എട്ടു മണ്ഡലങ്ങളില്‍ പോളിങ് 80 ശതമാനം കടന്നു. പത്തനംതിട്ടയിലടക്കം പലയിടത്തും പോളിങ്ങില്‍ വലിയ സ്ത്രീ മുന്നേറ്റവുമുണ്ടായി. ഇത് ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാരിനോട് പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവസരമായി സ്ത്രീ വോട്ടര്‍മാര്‍ കണ്ടുവെന്നും അവര്‍ വന്‍തോതില്‍ വോട്ടിങ്ങിന് എത്തിയെന്നുമാണ് പൊതുവായ വിലയിരുത്തല്‍. പരമ്പരാഗതമായി ഇടതുപക്ഷത്തിന് മാത്രം വോട്ട് കൊടുത്തിട്ടുള്ള കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലെ സ്ത്രീകളും ഇക്കുറി സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു. ശബരിമലയില്‍ ആചാരലംഘനം നടത്താനും വിശുദ്ധി തകര്‍ക്കാനുമുള്ള നീക്കങ്ങളില്‍ അവര്‍ക്കും പ്രതിഷേധമുണ്ട്. ഇവരും ഇടത് സ്ഥാനാര്‍ഥികള്‍ക്കെതിരെ വോട്ട് ചെയ്തുവെന്നാണ് വെളിവായത്. ഇത് തങ്ങളുടെ തോല്‍വിക്കിടയാക്കും എന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞു. 

 അതിനാലാണ് മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ഈ ആരോപണം ഉന്നയിച്ചത്. കോഴിക്കോട്ടും വടകരയിലും ബിജെപി-കോണ്‍്രഗസ് വോട്ടുകച്ചവടം നടന്നുവെന്നാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ ആരോപണം. ആരോപണത്തിന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ ചുട്ടമറുപടിയും നല്‍കിയിട്ടുണ്ട്. പിതൃശൂന്യമായ ആരോപണമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. പരാജയം മണക്കുമ്പോള്‍ സിപിഎം പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. സിപിഎം ജയിച്ചാലും കോണ്‍ഗ്രസ് ജയിച്ചാലും പിന്തുണ രാഹുലിനാണ്. അതിനാല്‍ അവരില്‍ ആരു ജയിച്ചാലും ബിജെപിക്ക് ഒരു നേട്ടവുമില്ല, അദ്ദേഹം പറഞ്ഞു. 

ആരോപണം മുന്‍കൂര്‍ ജാമ്യമെടുക്കാനാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രകാശ്ബാബു പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരെ കേസെടുക്കാന്‍ അവസരം ഉണ്ടായിട്ടുപോലും സിപിഎം നേതാവ് ഇടപെട്ട് അതില്ലാതാക്കി. എ. പ്രദീപ്കുമാറിന്റെ തോല്‍വി ഉറപ്പാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കളിയുണ്ടായി, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.