റഫാല്‍: സത്യവും നുണകളും

Friday 26 April 2019 1:51 am IST
2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വ്യോമസേനാ അധികൃതര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. 2012ല്‍ ഫ്രഞ്ച് കമ്പനി മുകേഷ് അംബാനിയുമായി ഉണ്ടാക്കിയ കരാര്‍ ഇതിനകം കാലഹരണപ്പെട്ടിരുന്നു. പകരം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് എന്ന കമ്പനിയെ ഇന്ത്യന്‍ പങ്കാളികളിലൊന്നാക്കി പുതിയ കരാര്‍ ഒപ്പിടുകയും ചെയ്തു.

ന്ത്യന്‍ വായുസേന 1980നു ശേഷം ആധുനിക യുദ്ധവിമാനങ്ങള്‍ വാങ്ങിയിട്ടില്ലെന്നും കൈവശമുള്ളവ പഴഞ്ചനാണെന്നും 2002ല്‍ വായുസേന അന്നത്തെ  കേന്ദ്ര സര്‍ക്കാരിനോട് പരാതിപ്പെട്ടു. ആധുനിക യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് ഉടന്‍ ഉത്തരവിട്ടു. വായുസേന ആഗോള ടെന്‍ഡര്‍ വിളിച്ചു. റഷ്യയിലെയും അമേരിക്കയിലെയും അടക്കം വിവിധ രാജ്യങ്ങളിലെ യുദ്ധവിമാന കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചു. ഇവ പരിശോധിക്കുന്നതിനിടെ വാജ്‌പേയ് സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചു. 

2004ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ടെന്‍ഡറുകള്‍ പരിശോധിച്ച് പല ഘടകങ്ങള്‍ വിശദമായി അന്വേഷിച്ച് ഫ്രഞ്ച് കമ്പനിയായ ഡസോ നിര്‍മിക്കുന്ന റഫാല്‍ യുദ്ധവിമാനം വാങ്ങാന്‍ നിശ്ചയിച്ചു. പക്ഷെ നിര്‍മാണ കമ്പനിയുമായി വാങ്ങല്‍ കരാര്‍ ഒപ്പുവച്ചില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിശ്ചയിച്ച വില ഒരു സാദാ യുദ്ധവിമാനത്തിന് 737 കോടി രൂപ. മറ്റ് ആധുനിക യുദ്ധോപകരണങ്ങള്‍ പ്രത്യേകം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഒരെണ്ണത്തിന്റെ വില രണ്ടായിരം കോടി രൂപ. അപ്രകാരമുള്ള 18 യുദ്ധസജ്ജമായ വിമാനങ്ങള്‍ വാങ്ങാമെന്നും വേറെ 126 എണ്ണം ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്നും  ചര്‍ച്ചചെയ്തു. പിന്നീട് പണമില്ലെന്നു പറഞ്ഞ് 126 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച് വിമാനം വാങ്ങാനുള്ള കരാര്‍ റദ്ദാക്കി. 10 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിച്ചിട്ടും റഫാല്‍ വിമാനം വാങ്ങാനുള്ള ശ്രമം വിജയത്തിലെത്തിയില്ല.

ഈ സമയത്ത് ചൈനയും പാക്കിസ്ഥാനും നാനൂറിലധികം യുദ്ധവിമാനങ്ങള്‍ വാങ്ങി പ്രതിരോധശക്തി വര്‍ദ്ധിപ്പിച്ചു. രാജ്യത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്രിയാത്മക നടപടി സ്വീകരിക്കാത്തതില്‍ സേനാവിഭാഗങ്ങള്‍ക്കു കടുത്ത നിരാശയായിരുന്നു. 2012ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഫ്രഞ്ച് കമ്പനി അവരുടെ ഇന്ത്യയിലെ പങ്കാളികളിലൊന്നായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ തെരഞ്ഞെടുത്തു. എന്നിട്ടും വിമാനം വാങ്ങാനുള്ള കരാറില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒപ്പിട്ടില്ല. 

2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ  വ്യോമസേനാ അധികൃതര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. 2012ല്‍ ഫ്രഞ്ച് കമ്പനി മുകേഷ് അംബാനിയുമായി ഉണ്ടാക്കിയ കരാര്‍ ഇതിനകം കാലഹരണപ്പെട്ടിരുന്നു. പകരം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് എന്ന കമ്പനിയെ ഇന്ത്യന്‍ പങ്കാളികളിലൊന്നാക്കി പുതിയ കരാര്‍ ഒപ്പിടുകയും ചെയ്തു. വ്യോമസേനയുടെ ദൗര്‍ബല്യം മനസ്സിലാക്കി നരേന്ദ്രമോദി വേഗം നടപടികള്‍ തുടങ്ങി. വ്യോമസേന, സാമ്പത്തിക മന്ത്രാലയം, സാങ്കേതിക വിഭാഗം എന്നുതുടങ്ങി ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി, ആധുനിക സജ്ജികരണങ്ങോളുടു കൂടിയ 36 വിമാനങ്ങള്‍ വാങ്ങാന്‍ നിശ്ചയിച്ചു. 

ഒരു സാദാ റഫാല്‍ യുദ്ധവിമാനത്തിന് വില 670 കോടി രൂപ. അത്യന്താധുനിക ആയുധങ്ങള്‍ ഘടിപ്പിച്ചതിന് ഒരേണ്ണത്തിന് 1600 കോടിരൂപ. അതായത് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ ഒരു വിമാനത്തിന് 67 കോടി കുറവ്. ആധുനിക സൗകര്യങ്ങള്‍ ഉള്ള ഒരെണ്ണത്തിന് 400 കോടി രൂപ കുറവ്. അങ്ങനെ ഡസോ കമ്പനിയുമായി മോദി വിലപേശി, കോണ്‍ഗ്രസ് സര്‍ക്കാര്‍ അംഗീകരിച്ച വിലയെക്കാള്‍ 14,400 കോടി കുറച്ചാണ് 36 വിമാനങ്ങള്‍ക്കുള്ള കരാര്‍ ഒപ്പിട്ടത്. അതായത് 36 അത്യാധുനിക റഫാല്‍ യുദ്ധവിമാനത്തിന് 57600 കോടിരൂപ. നരേന്ദ്രമോദി ഡസോ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന കാലത്തുതന്നെ ഈജിപ്തും ഖത്തറും റഫാല്‍ വിമാനങ്ങള്‍ വാങ്ങി. അവയുടെ വില ഇന്ത്യ നിശ്ചയിച്ചതിലും കൂടുതലായിരുന്നു. 

ഫ്രഞ്ച് വ്യോമസേനയ്ക്ക് ഡസോ കമ്പനി റഫാല്‍ വിമാനങ്ങള്‍ വില്‍ക്കുന്നുണ്ട്. അപ്പോള്‍ ഫ്രഞ്ച് സര്‍ക്കാരും ഡസോ കമ്പനിയുമായി നടത്തുന്ന ഇടപാടിലെ എല്ലാ ആനുകൂല്യവും ഇന്ത്യയ്ക്കും കിട്ടണം എന്ന ലക്ഷ്യത്തോടെയാണ് റഫാല്‍ വാങ്ങുന്ന കരാര്‍ ഇന്ത്യന്‍ സര്‍ക്കാരും ഫ്രഞ്ച് സര്‍ക്കാരുമായിട്ടായിരിക്കണമെന്ന് നരേന്ദ്രമോദി തീരുമാനിച്ചത്. മാത്രവുമല്ല, സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറില്‍ ഇടനിലക്കാരനോ കമ്മീഷന്‍ ഏജന്റോ ഉണ്ടാകില്ല. റഷ്യ, അമേരിക്ക, ഇംഗ്ലണ്ട് എന്നീ സര്‍ക്കാരുകളുമായി ഇന്ത്യ നേരിട്ട്  കരാറില്‍ ഏര്‍പ്പെട്ട മറ്റ് വിഷയങ്ങളുമുണ്ട്. മന്‍മോഹന്‍ സര്‍ക്കാര്‍ റഫാല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന കാലത്ത് ആദ്യം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോ നോട്ടിക്‌സിനെ എയ്‌റോ അധികൃതര്‍ സമീപിച്ചു. 

കമ്പനിയുടെ മുഖ്യ ഉദ്യോഗസ്ഥന്‍ എറിക് ട്രാപ്പിയറുമായി നടത്തിയ ദീര്‍ഘ ചര്‍ച്ചയില്‍ എച്ച്എഎല്ലിന് റഫാലിന്റെ ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ലെന്നും റഫാലിന്റെ ഒരു ചെറിയ ഭാഗം നിര്‍മിക്കാന്‍ 2.7 ശതമാനം മനുഷ്യശേഷി കൂടുതല്‍ വേണമെന്നും ബോധ്യപ്പെട്ടു. അതിനാല്‍, റഫാല്‍ വിമാനം  എച്ച്എഎല്‍ നിര്‍മിച്ചാല്‍ അതിന്റെ ഗുണനിലവാരത്തിന് ഡസോ കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്നും കൃത്യസമയത്ത് ഉല്‍പ്പാദനം നടക്കില്ലെന്നും എറിക് ട്രാപ്പിയറിന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ സ്വകാര്യ കമ്പനിയെ തേടിയെത്തിയത്. അങ്ങനെയാണ് കോണ്‍ഗ്രസ് ഭരണകാലത്ത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെയും ആ കരാര്‍ കാലഹരണപ്പെട്ടപ്പോള്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെയും ഡസോ അംഗീകരിച്ചത്.

മാത്രവുമല്ല, ലോകത്ത് വിമാനങ്ങളും അവയുടെ ഭാഗങ്ങളും നിര്‍മിക്കുന്ന 48 കമ്പനികള്‍ ഉള്ളതില്‍ താഴെനിന്നു മൂന്ന് പടി മുകളിലായി 45-ാമതായാണ് എച്ച്എഎല്ലിനെ അന്താരാഷ്ട്രതലത്തില്‍ വിലയിരുത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എച്ച്എഎല്ലിന് പ്രതിവര്‍ഷം 10,000 കോടി രൂപയാണ് നല്‍കിയിരുന്നത്. മോദി സര്‍ക്കാര്‍ 2014ല്‍ അധികാരമേറ്റയുടന്‍ എച്ച്എഎല്ലിനെ മെച്ചപ്പെടുത്താന്‍ പ്രതിവര്‍ഷം 20,000 കോടി രൂപ നല്‍കിത്തുടങ്ങി. എന്നിട്ടും അതിന്റെ കാര്യക്ഷമത വര്‍ദ്ധിച്ചില്ല. കോണ്‍ഗ്രസിന്റെ റഫാലിനെക്കുറിച്ചുള്ള വ്യാജ ആരോപണങ്ങളെ വകവയ്ക്കാതെ നരേന്ദ്രമോദി മുന്നോട്ടുനീങ്ങിയതോടെ കോണ്‍ഗ്രസ് കൂട്ടാളികള്‍ സുപ്രീംകോടതിയെ സമീപിച്ചു. കോടതി ഉടന്‍തന്നെ മോദി സര്‍ക്കാരിനോട് റഫാല്‍ വാങ്ങിയ നടപടിക്രമങ്ങളെല്ലാം വ്യക്തമാക്കാനാവശ്യപ്പെട്ടു. രഹസ്യവിവരങ്ങള്‍ സീല്‍ചെയ്ത കവറില്‍  നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ അതെല്ലാം പാലിക്കുകയും ചെയ്തു. 

എല്ലാം വിശദമായി പരിശോധിച്ച കോടതി സാങ്കേതിക വശങ്ങള്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ വരുത്തിയും മനസ്സിലാക്കി. ഒടുവില്‍ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ വ്യവസ്ഥകളെല്ലാം പാലിച്ചിട്ടുണ്ടെന്നും ഈ ഇടപാടില്‍ കമ്മീഷന്‍ പറ്റാന്‍ ഇടനിലക്കാരില്ലെന്നും ഇടപാടുകാര്‍ സത്യസന്ധരാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. പക്ഷെ കോണ്‍ഗ്രസ് വിടുന്നില്ല. അവര്‍ ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. ഇപ്പോഴത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ റഫാല്‍ വിഷയം ഉയര്‍ത്തിപ്പിടിച്ച്, ജനങ്ങളില്‍ സംശയം നിലനിര്‍ത്താനുള്ള ഗൂഢശ്രമമാണ് ഈ പുനഃപരിശോധനാ ഹര്‍ജിക്കു പിന്നില്‍. ഇതും സുപ്രീംകോടതി തള്ളും. ഒരു സംശയവും വേണ്ട. 

ആരോപണങ്ങളെല്ലാം സുപ്രീംകോടതി തള്ളിയപ്പോള്‍, ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ്, കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഉടന്‍വേണമെന്ന് മുറവിളികൂട്ടി. റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ റഫാല്‍ വിമാന ഇടപാടില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിശ്ചയിച്ച വിലയെക്കാള്‍ 2.86 ശതമാനം കുറച്ചാണ് മോദിസര്‍ക്കാര്‍ അത്യന്താധുനിക റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടതെന്ന് വ്യക്തമായി. 

റഫാല്‍ നിര്‍മിക്കുന്ന ഡസോ കമ്പനി കരാര്‍പ്രകാരം ഇന്ത്യയില്‍ മുടക്കേണ്ട ഏകദേശം 30,000 കോടി രൂപ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിക്ക് നല്‍കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. റഫാല്‍ കരാറിലെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ്. കരാറിലെ 9000 കോടി രൂപ അവര്‍ക്ക് ലഭിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.