ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര; സൂത്രധാരന്‍ ഹാഷിം മൗലവി, തൗഹീദിന്റെ സ്ഥാപകന്‍

Friday 26 April 2019 2:01 am IST
ഒന്‍പതാമത്തെ ചാവേര്‍ ഒരു വനിതയായിരുന്നു. മറ്റൊരു ചാവേറിന്റെ ഭാര്യയായ ഇവര്‍ ആക്രമണത്തില്‍ പങ്കെടുത്തിരുന്നില്ല. സ്‌ഫോടനങ്ങള്‍ക്കു ശേഷം പോലീസ് ഇവരുടെ വസതി പരിശോധിച്ചപ്പോള്‍ തന്റെ മൂന്നു മക്കളെയും ചേര്‍ത്തുപിടിച്ച് ബോംബ് പൊട്ടിച്ച് ജീവനൊടുക്കുകയായിരുന്നു അവര്‍.

കൊളംബോ: ശ്രീലങ്കയില്‍ 359 പേരെ കൊന്നൊടുക്കിയ ചാവേറാക്രമണങ്ങളുടെ സൂത്രധാരന്‍ 38 കാരനായ, കടുത്ത മത തീവ്രവാദിയായ ഹാഷിം മൗലവിയാണെന്ന് കണ്ടെത്തി. ബട്ടിക്കലോവ സ്വദേശിയായ സഹ്‌റാന്‍ ഹാഷിം തന്നെയാണ് നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ സ്ഥാപകനെന്നും സ്ഥിരീകരിച്ചു.

ഇയാളും ഒരു ചാവേറായിരുന്നുവെന്നാണ് സൂചന. സ്വന്തമായി മോസ്‌ക്കും മദ്രസയും നടത്തിയിരുന്ന ഹാഷിം കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയും വിദ്വേഷം പടര്‍ത്തുകയും ചെയ്തിരുന്നു. ശരിയത്ത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവാദമുണ്ടാക്കിയ ഇയാളുടെ സ്വാധീനത്താലാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ബുദ്ധപ്രതിമകള്‍ തകര്‍ത്തത്. ഷാങ്ങ്രില റസ്റ്ററന്റില്‍ സ്‌ഫോടനം നടത്തിയത് ഇയാളെന്നാണ് വിവരം.

ഒന്‍പതാമത്തെ ചാവേര്‍ ഒരു വനിതയായിരുന്നു. മറ്റൊരു ചാവേറിന്റെ ഭാര്യയായ ഇവര്‍ ആക്രമണത്തില്‍ പങ്കെടുത്തിരുന്നില്ല. സ്‌ഫോടനങ്ങള്‍ക്കു ശേഷം പോലീസ് ഇവരുടെ വസതി പരിശോധിച്ചപ്പോള്‍ തന്റെ മൂന്നു മക്കളെയും ചേര്‍ത്തുപിടിച്ച് ബോംബ് പൊട്ടിച്ച് ജീവനൊടുക്കുകയായിരുന്നു അവര്‍.

പഴയ ബോംബാക്രമണം പരിശോധിക്കുന്നു

ഹാഷിറിന്റെ നാടായ ബട്ടിക്കലോവയ്ക്കു സമീപം കാട്ടന്‍കുടിയില്‍ നാളുകള്‍ക്കു മുന്‍പ് സ്‌ഫോടനത്തില്‍ ഒരു ബൈക്ക് തകര്‍ന്നിരുന്നു. ഇത് ഈസ്റ്റര്‍ ബോംബാക്രമണത്തിനുള്ള ട്രയലായിരുന്നുവോയെന്ന് പോലീസ് സംശയിക്കുന്നു. 

അന്ന് സ്‌ഫോടനം നടന്ന സ്ഥലത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്തുവെന്നൊഴിച്ചാല്‍ തുടരന്വേഷണം കാര്യമായി നടന്നില്ല. കടുത്ത തീവ്രവാദിയായ ഹാഷിമിനെ നാട്ടുകാര്‍ ഭയന്നിരുന്നു. അസാമന്യമായ വാഗ്‌വൈഭവമുള്ള ഇയാള്‍ക്ക് ആരാധകരും ധാരാളം. 1990ല്‍ തമിഴ്പുലികള്‍ രണ്ട് മോസ്‌ക്കുകള്‍ ആക്രമിച്ച് 150 പേരെ കൊന്ന സ്ഥലമാണ് കാട്ടന്‍കുടി.

ഖുറാന്‍ പറയുന്ന പ്രകാരം ജീവിക്കണമെന്ന് നാട്ടുകാരോട് പറഞ്ഞിരുന്ന ഹാഷിം മോഷ്ടിക്കുന്നവരുടെ കൈ വെട്ടണമെന്നും അവിഹിതത്തിന് പോകുന്നവരെ കല്ലെറിഞ്ഞു കൊല്ലണമെന്നും വാദിക്കുമായിരുന്നു. ശ്രീലങ്കയില്‍ ശരിഅത്ത് നടപ്പാക്കണമെന്ന് വാദിക്കുമ്പോള്‍ ഇത് സൗദിയല്ല, ബുദ്ധ മതരാജ്യമാണെന്നും നാം ഭരണഘടനയനുസരിച്ച് ജീവിക്കണമെന്നും അയാളോട് പറഞ്ഞു നല്‍കാറുണ്ടായിരുന്നു, നാട്ടുകാരനായ അബ്ദുള്‍ ലത്തീഫ് മുഹമ്മദ് സബീല്‍ പറഞ്ഞു.

ബുദ്ധ പ്രതിമകള്‍ തകര്‍ത്തത് ഇയാളുടെ നേതൃത്വത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇയാള്‍ ഭീകരതയിലേക്ക് തിരിഞ്ഞ കാര്യം നാട്ടുകാര്‍ അറിഞ്ഞത്. 

വലിയ പണക്കാരനായിരുന്നില്ല ഇയാള്‍. അധ്യാപകനുമായി വഴക്കുണ്ടാക്കിയതിന് 2007ല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ ഇയാള്‍ അങ്ങകലെ മറ്റൊരു സ്‌കൂളില്‍ പോയി ചേര്‍ന്നു. പിന്നെ അറബി സര്‍ട്ടിഫിക്കറ്റുമായാണ് മടങ്ങിവരുന്നത്. പിന്നെ മൗലിവിയായി, നല്ല പ്രസാംഗികനായതിനാല്‍ ആരാധകരുമുണ്ടായി.

നാഷണല്‍ തൗഹീദ് ജമാഅത്തിന് രജിസ്‌ട്രേഷന്‍ നല്‍കരുതെന്ന് മിതവാദികളായ മുസ്ലീങ്ങള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ബുദ്ധ പ്രതിമകള്‍ തകര്‍ത്തവരെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങിയതോടെ പുട്ടാളം എന്ന സ്ഥലത്തെ 80 ഏക്കര്‍ തെങ്ങിന്‍ തോട്ടത്തില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടകവസ്തുക്കളും തീവ്രവാദം പ്രചരിപ്പിക്കുന്ന ലഘുലേഖകളും പിടിച്ചെടുത്തു.

ആസൂത്രണം രണ്ടു മാസം മുന്‍പ് ചാവേറുകള്‍ സമ്പന്നര്‍

രണ്ടു മാസം മുന്‍പാണ് പള്ളികളില്‍ ചാവേറാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നത്. ഇതിനകം തൗഹീദിന്റെയാള്‍ക്കാര്‍ പടിഞ്ഞാറന്‍ തീരത്തിനടുത്ത് നെഗുംബോയില്‍ അടക്കം രണ്ടു സുരക്ഷിത വീടുകള്‍ കണ്ടെത്തിയിരുന്നു. ഇവിടങ്ങളില്‍ നിന്നാണ് അവര്‍ ഭീകരപ്രവര്‍ത്തനം നടത്തിയത്. 

ശ്രീലങ്കയിലെ വലിയ സുഗന്ധദ്രവ്യ വ്യാപാരി മുഹമ്മദ് യൂസഫ് ഇബ്രാഹിമിന്റെ രണ്ടു മക്കളും ഇവരില്‍ ഒരാളുടെ ഭാര്യയും ചവേറായിരുന്നു. ഇയാള്‍ അറസ്റ്റിലാണ്. ഇയാളുടെ മറ്റൊരു മകന്‍ പുട്ടാളം എന്ന സ്ഥലത്തു നിന്ന് വന്‍തോതില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയ സമയത്ത് അതുമായി ബന്ധപ്പെട്ട അറസ്റ്റിലായിരുന്നു. മിക്ക ചാവേറുകളും സമ്പന്ന കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും നിയമബിരുദവും ഒക്കെയുള്ളരായിരുന്നു അവരില്‍ പലരും. ബ്രിട്ടനില്‍ പഠിച്ച് ഓസ്‌ട്രേലിയയില്‍ നിന്ന് ബിരുദാനന്തര ബിരുദം എടുത്തയാളായിരുന്നു ഒരു ചാവേര്‍.

ചാവേറുകളായി ശ്രീലങ്കയിലെ ആറംഗ സമ്പന്ന കുടുംബം

കൊളംബോ: കൊളംബോയുടെ പ്രാന്തപ്രദേശത്താണ് മഹാവേല ഗാര്‍ഡന്‍സ്. അവിടെ വെള്ളയടിച്ച് മനോഹരമാക്കിയ ഒരു മൂന്നു നില ബംഗ്ലാവ്. അവിടത്തെ സമ്പന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവരാണ് 359 ജീവനുകളെടുത്ത ചാവേറുകളില്‍ ചിലര്‍. ഇക്കാര്യം അറിഞ്ഞ് അയല്‍ക്കാര്‍ പോലും അമ്പരന്ന് മൂക്കത്തു കൈവയ്ക്കുന്നു.

ഇവിടെ താമസിച്ചിരുന്ന, വലിയ ഒരു ചെമ്പു ഫാക്ടറിയുടെ ഉടമയായ 33 കാരന്‍ ഇന്‍ഷാഫ് ഇബ്രാഹിമാണ് ഷാങ്ങ്ഗ്രില ഹോട്ടലില്‍ ബോംബ് പൊട്ടിച്ച് അനവധി പേരുടെ ജീവനനെടുത്ത ഒരു ചാവേര്‍. 

സ്വന്തം ജീവനും നശിപ്പിച്ച് ഇയാള്‍ എന്താണ് നേടിയതെന്നാണ് അയല്‍ക്കാരുടെ ചോദ്യം.ഇയാളായിരുന്നു ഒരു ചാവേര്‍ എന്ന് തിരിച്ചറിഞ്ഞ് പോലീസ് ഇൗ വീട്ടില്‍ എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഇയാളുടെ സഹോദരന്‍ ഇല്‍ഹാം ഇബ്രാഹിമും ദേഹത്ത് കെട്ടിവച്ച ബോംബ് പൊട്ടിച്ചു. അതിനൊപ്പം  അയാളുടെ ഭാര്യയും മൂന്നു മക്കളും കൊല്ലപ്പെട്ടു. അങ്ങനെ ഈ വീട്ടിലെ ആറു പേരും മരിച്ചു. ഈ വീട് ഇപ്പോള്‍ പൂര്‍ണ്ണമായും പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവരുടെ പിതാവ് മുഹമ്മദ് ഇബ്രാഹിം പോലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ സമ്പന്നനായ സുഗന്ധദ്രവ്യ വ്യാപാരിയാണ്. ആറ് ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമാണ് ഇയാള്‍ക്ക്. ഇവരില്‍ ഇന്‍ഷാഫും ഇല്‍ഹാമും തൗഹീദ് അംഗങ്ങളായിരുന്നു,  തീവ്ര ചിന്താഗതിക്കാരുമായിരുന്നു.

രാജി തേടി

അതിനിടെ  ചാവേറാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ സെക്രട്ടറി ഹേമാസരി ഫെര്‍ണാണ്ടോ, പോലീസ് മേധാവി പുജിത് ജയസുന്ദര എന്നിവരോട് രാജിവയ്ക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. എന്നാല്‍, പ്രധാനമന്ത്രിക്കാണ് ഇത്തരം കാര്യങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള അധികാരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.