വാരാണസിയില്‍ പ്രിയങ്ക തോറ്റോടി

Friday 26 April 2019 3:43 am IST

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മല്‍സരിക്കുമെന്ന് വീമ്പിളക്കി നടന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര പിന്മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മല്‍സരിച്ച അജയ് റായിയാണ് ഇക്കുറിയും ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 

 വമ്പന്‍ മാര്‍ജിന് തോല്‍ക്കുമെന്ന ഭീതിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ സഹോദരി കൂടിയായ പ്രിയങ്ക വാദ്രയുടെ പിന്മാറ്റത്തിനുള്ള പ്രധാന കാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അജയ് റായിയും ആം ആദ്മിയിലെ അരവിന്ദ് കേജ്‌രിവാളുമായിരുന്നു മോദിയുടെ പ്രധാന എതിരാളികള്‍. കേജ്‌രിവാളിനെതിരെ മൂന്നു ലക്ഷം വോട്ടുകള്‍ക്കാണ് മോദി ജയിച്ചത്. ഇക്കുറി പ്രിയങ്ക നിന്നാലും മോദി വന്‍ വിജയം ആവര്‍ത്തിക്കുമെന്നുറപ്പാണ്. അങ്ങനെ വരുന്നത് പ്രിയങ്കയ്ക്ക് രാഷ്ട്രീയമായി വലിയ ക്ഷീണമാണ് ഉണ്ടാക്കുക. അതോടെ പ്രിയങ്കയുടെ പ്രതിച്ഛായ മോശമാകും. ഇതുവരെ ലഭിച്ച താരപ്പകിട്ട് കുറയും. 

താന്‍ മോദിക്കെതിരെ മല്‍സരിക്കാമെന്നും രാഹുല്‍ അനുമതി നല്‍കിയാല്‍ മതിയെന്നുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രിയങ്ക ആവര്‍ത്തിച്ചിരുന്നത്. അതേസമയം, പ്രിയങ്ക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനോട് രാഹുലിന് തീരെ താത്പര്യമില്ല. ഇപ്പോള്‍ തന്നെ മാധ്യമങ്ങള്‍ ഊതി വീര്‍പ്പിക്കുന്നതല്ലാതെ രാഹുലിന് പാര്‍ട്ടിയിലോ ജനങ്ങള്‍ക്കിടയിലോ വലിയ പ്രതിച്ഛായയോ പേരോ ഇല്ല. പ്രതിപക്ഷത്തെ മിക്ക പാര്‍ട്ടികളും അതിനാലാണ് രാഹുലിനെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടാത്തത്. രാഹുലിന്റെ കഴിവിലും പാര്‍ട്ടിക്കാര്‍ക്കും മറ്റു പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ക്കും വിശ്വാസവുമില്ല. ഈ സാഹചര്യത്തില്‍ പ്രിയങ്കയുടെ വരവ് തന്നെ ബാധിക്കുമെന്നാണ് രാഹുലിന്റെ പേടി. അതിനാലാണ് പ്രിയങ്ക മല്‍സരിക്കുന്നതില്‍ രാഹുല്‍ വലിയ താത്പര്യം കാണിക്കാത്തത്. പ്രിയങ്ക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ താന്‍ അപ്രസക്തനാകുമെന്നും രാഹുലിന് ഭയമുണ്ട്.

 പ്രിയങ്ക നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ സ്വത്തുവിവരവും അതില്‍ ഉള്‍പ്പെടുത്തണം. അക്കാര്യത്തില്‍ പ്രിയങ്കയ്ക്കുമുണ്ട് ആശങ്ക. കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടിവരും. അങ്ങനെ സ്വത്തു സംബന്ധിച്ച പല കാര്യങ്ങളും പരസ്യമാക്കേണ്ടിവരും. ഇത് വിവാദമായാല്‍ ബിനാമി സ്വത്തുക്കളുടെ വിവരങ്ങള്‍ അടക്കം പുറത്തുവരാം. അവസാന ഘട്ടത്തില്‍ മെയ് 19നാണ് വാരാണസിയിലെ തെരഞ്ഞെടുപ്പ്.

പ്രിയങ്കയും ഒളിച്ചോടി: ബിജെപി

ന്യൂദല്‍ഹി: രാഹുലിനു പിന്നാലെ സഹോദരി പ്രിയങ്ക വാദ്രയും പോരാട്ടത്തിന് നില്‍ക്കാതെ ഒളിച്ചോടിയെന്ന് ബിജെപി. വാരാണസിയില്‍ മോദിക്കെതിരെ പ്രിയങ്ക മല്‍സരിക്കില്ലെന്ന എഐസിസി തീരുമാനത്തെക്കുറിച്ച് ബിജെപി വക്താവ് ജി.വി.എല്‍. നരസിംഹ റാവു പറഞ്ഞു.

വാരാണസിയില്‍ അജയ് റായിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നരസിംഹയുടെ ട്വീറ്റ്. വാരാണസിയില്‍ പ്രിയങ്ക മല്‍സരിക്കുമെന്ന വാര്‍ത്ത ഉയര്‍ത്തിയതിന് ശേഷം, മല്‍സരിക്കാതെ ഒളിച്ചോടുകയായിരുന്നുവെന്നും നരസിംഹ അഭിപ്രായപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.