പ്രസന്ന, ബിനീഷ്, വിജയകുമാര്‍
ചേര്‍ത്തല/കണ്ണൂര്‍: വിവാഹ നിശ്ചയം കഴിഞ്ഞു മടങ്ങവേ പ്രതിശ്രുത വരനും ബന്ധുക്കളും ഉള്‍പ്പെടെ മൂന്ന് പേര് വാഹന അപകടത്തില്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ തെരൂര്‍ വിജിനാലയത്തില് കെ.വി. ബിനീഷ് (29), മാതൃസഹോദരി ചാവശ്ശേരിപ്പറമ്പ് തുന്നംകോട് പ്രായാഗാലയത്തില് ഒ. പ്രസന്ന (48), ബിനീഷിന്റെ വല്യമ്മയുടെ മകളുടെ ഭര്‍ത്താവ് കാക്കയങ്ങാട് പാലപ്പുഴ അങ്ങാടിച്ചാലില് വിഷ്ണു നിവാസില്‍ വിജയകുമാര്‍ (40) എന്നിവരാണ് മരിച്ചത്. വിജയകുമാര്‍ അല്‍പ്പകാലമായി ചാവശ്ശേരി കുറുങ്കളത്താണ് താമസം.
വ്യാഴാഴ്ച അര്‍ധരാത്രിക്കു ശേഷം ദേശീയപാതയില്‍ മാരാരിക്കുളത്തിനു സമീപം കണിച്ചുകുളങ്ങര ജങ്ഷനിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച മട്ടന്നൂര്‍ ഉരുവച്ചാലില്‍ നിന്നുള്ള ടെമ്പോ ട്രാവലറും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ചവരും പരിക്കേറ്റവരും ടെമ്പോ ട്രാവലറിലെ യാത്രക്കാരാണ്. ഇടിയുടെ ആഘാതത്തില്‍ ടെമ്പോ ട്രാവലര്‍ നെടുകെ പിളര്‍ന്നു.
അപകടസമയത്ത് ഇരുവാഹനങ്ങളും അമിതവേഗത്തിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലകീഴായി മറിഞ്ഞ ട്രാവലറില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ ബിനീഷും പ്രസന്നയും തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിജയകുമാര്‍ പിന്നീടാണ് മരിച്ചത്. മൂന്ന് കുട്ടികളടക്കം 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ 11 പേരെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും, ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. പൂര്‍ണമായും തകര്‍ന്ന ടെമ്പോ ട്രാവലറില്‍ നിന്ന് ഏറെ പ്രയാസപ്പെട്ടാണ് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്.
മൃതദേഹങ്ങള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹങ്ങള്‍ ഇന്ന് കാലത്ത് മട്ടന്നൂരില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ബിനീഷിന്റെ പ്രതിശ്രുത വധുവിന്റെ തിരുവനന്തപുരം പൂവാറിലെ വീട്ടില്‍ വ്യാഴാഴ്ച വിവാഹനിശ്ചയം കഴിഞ്ഞു മടങ്ങവേയായിരുന്നു ദുരന്തം.
ബുധനാഴ്ചയായിരുന്നു 14 അംഗ സംഘം മട്ടന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. രവീന്ദ്രന്-ശ്യാമള ദമ്പതികളുടെ മകനാണ് ബിനീഷ്. സഹോദരി: വിപിന. എം. പുരുഷോത്തമനാണ് പ്രസന്നയുടെ ഭര്‍ത്താവ്. മക്കള്‍: പ്രയാഗ, പ്രിജിത്ത്. മരുമകന്: ജ്യോതിഷ്. അപ്പുക്കുട്ടന് നായര്‍-ചെല്ലമ്മ ദമ്പതികളുടെ മകനാണ് വിജയകുമാര്‍. ഭാര്യ: വെളിയമ്പ്ര ആട്ട്യലം സ്വദേശി രമ്യ. മക്കള്‍: വിഷ്ണുദത്ത്, വിഷ്ണുപ്രിയ. സഹോദരങ്ങള്‍: ശ്രീദേവി, വിജയചന്ദ്രന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: