പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

Friday 26 April 2019 8:02 am IST
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എന്‍ഡിഎയുടെ പ്രമുഖ നേതാക്കള്‍, ജെഡിയു പ്രസിഡന്റ് നിതീഷ് കുമാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ഇന്ന് 11.30ഓടെയാകും പത്രിക സമര്‍പ്പണം. ഇതിന് മുന്നോടിയായി രാവിലെ 11 മണിക്ക് കാലഭൈരവ ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തും.

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എന്‍ഡിഎയുടെ പ്രമുഖ നേതാക്കള്‍, ജെഡിയു പ്രസിഡന്റ് നിതീഷ് കുമാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.  ഇന്ന് 11.30ഓടെയാകും പത്രിക സമര്‍പ്പണം. ഇതിന് മുന്നോടിയായി രാവിലെ 11 മണിക്ക് കാലഭൈരവ ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തും.

നാമനിര്‍ദ്ദേശ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ വാരാണസിയില്‍ നടന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ സ്മാരകത്തിന് മുന്നില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. മാളവ്യയുടെ ശില്‍പ്പത്തില്‍ ഹാരാര്‍പ്പണം നടത്തിയാണ് മോദി റോഡ് ഷോയ്ക്ക് തുടക്കമിട്ടത്.

ഏഴ് കിലോമീറ്ററോളം നീണ്ട റോഡ് ഷോ ദശാശ്വമേഥ് ഘട്ടിലാണ് സമാപിച്ചത്. ദശാശ്വമേഥ് ഘട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ,യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പങ്കെടുത്തു.

2014ല്‍ നരേന്ദ്രമോദി വന്‍ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്നും വിജയിച്ചത്. ആപ്പ് നേതാവ് അരവിന്ദ് കെജ്രിവാളിനായിരുന്നു രണ്ടാം സ്ഥാനം. കോണ്‍ഗ്രസിന്റെ അജയ് റായിക്കായിരുന്നു മൂന്നാം സ്ഥാനം. ഇത്തവണയും അജയ് റായിയാണ് വാരാണസിയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് അജയ് റായിയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് ഇന്നലെ പ്രഖ്യാപിച്ചത്.

വാരാണസിയില്‍ നിന്നും മത്സരിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്നും, തന്റെ സഹോദരനായ രാഹുലിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക മുന്‍പ് പറഞ്ഞിരുന്നു. റായ് ബറേലിയില്‍ നിന്നും പ്രിയങ്ക മത്സരിക്കുമെന്ന് ആദ്യം അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും, തനിക്ക് വാരാണസിയില്‍ നിന്ന് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് പ്രിയങ്ക തന്നെ ഒരു റാലിയില്‍ വച്ച് പറയുകയായിരുന്നു. ഇവിടെ നിന്ന് മത്സരിച്ചാല്‍ ജയസാധ്യത കുറവാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രിയങ്ക പിന്മാറുകയായിരുന്നുവെന്നാണ് സൂചന. മെയ് 19നാണ് വാരാണസിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.