ശ്രീലങ്കന്‍ ഭീകരാക്രമണം : അന്വേഷണം കേരളത്തിലേക്കും

Friday 26 April 2019 1:09 pm IST
ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിം കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഐഎസ് അനുകൂലികളോട് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി യൂടൂബ്, ഫേസ് ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴി നേരിട്ട് ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ തെരച്ചിലില്‍ മുഹമ്മദ് ആഷിഖ്, ഇസ്മയില്‍, സംസുദീന്‍, ജാഫര്‍ സാദിഖ്, അലി, ഷാഹുല്‍ ഹമീദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് എന്‍ഐഎ ഇവരെ പിടികൂടിയത്.

കോഴിക്കോട് : ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള സംഘടനകള്‍ക്ക് ബന്ധമുണ്ടോയെന്ന് സുരക്ഷാ ഏജന്‍സി അന്വേഷണം നടത്തും. കേരളത്തില്‍ നിന്നും ഭീകര സംഘടനയായ ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് പുറപ്പെട്ടവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. കൊളംബോയില്‍ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തൗഹീദ് ജമായത്തുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യയിലും അന്വേഷണം. ഭീകരസംഘടനകള്‍ക്കുമായി തമിഴ്നാട് കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സ്‌ഫോടനങ്ങളില്‍ 350ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഐഎസിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന പലരും അറസ്റ്റിലായിക്കഴിഞ്ഞു. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കരുതുന്ന ആദില്‍ എഎക്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ് കേരളത്തില്‍ നിന്നുള്ള ഐഎസ് അനുകൂലികളില്‍ പലരും ഷെയര്‍ ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നുന്നു. ഇതിനെ തുടര്‍ന്നാണ് ദേശീയ അന്വേഷണ ഏജന്‍സി കേരളം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുന്നത്. 'ഡിഡ് യു നോ' എന്ന പേരില്‍ ഇസ്ലാമിന്റെ പഴയ ചരിത്രത്തേയും ഐഎസ് എന്ന ഭീകര സംഘടനയെ ന്യായീകരിക്കുന്ന വിധത്തിലുമുള്ള പോസ്റ്റുകളാണ് ഈ അക്കൗണ്ട് വഴി പ്രചരിപ്പിച്ചിരുന്നത്. ഐഎസിനോട് ആഭിമുഖ്യമുള്ള കേരള സ്വദേശികള്‍ ഇവ ഷെയര്‍ ചെയ്തിട്ടുമുണ്ട്. 

കൂടാതെ ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിം കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഐഎസ് അനുകൂലികളോട് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി യൂടൂബ്, ഫേസ് ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴി നേരിട്ട് ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ തെരച്ചിലില്‍ മുഹമ്മദ് ആഷിഖ്, ഇസ്മയില്‍, സംസുദീന്‍, ജാഫര്‍ സാദിഖ്, അലി, ഷാഹുല്‍ ഹമീദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് എന്‍ഐഎ ഇവരെ പിടികൂടിയത്. 

അതേസമയം ഹാഷിമിന്റേയും കേരളത്തിലെ ചില സലഫി മത പ്രഭാഷകരുടേയും പ്രസംഗങ്ങളില്‍ സാമ്യം ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഐഎസില്‍ മലയാളി സാന്നിധ്യം ഉള്ളതായി 2016ല്‍ കണ്ടെത്തിയതാണ്. കേരളത്തില്‍ നിന്ന് ഭീകര സംഘടനയായ ഐഎസില്‍ ചേരാന്‍ പോയവര്‍ ആദ്യം ശ്രീലങ്കയ്ക്കാണ് പോയതെന്നും അവിടെ നിന്ന് തീവ്ര ആശയങ്ങള്‍ പഠിക്കുകയായിരുന്നു ലക്ഷ്യമെന്നും എന്‍ഐഎ പറയുന്നു.

ശ്രീലങ്കയിലെ ബട്ടിക്കലോവ സ്വദേശിയായ സഹറാന്‍ ഹാഷിം സ്വന്തമായി ശ്രീലങ്കയില്‍ മതപഠന കേന്ദ്രം നടത്തിയിരുന്നു. അവിടുത്തെ പഠനത്തിനു ശേഷമാണ് അവര്‍ അഫ്ഗാനിലെ നഗര്‍ഹറിലേക്ക് പോയത്. കാസര്‍കോട് സ്വദേശി അഷ്ഫാക്ക് മജീദും കോഴിക്കോട്ടുനിന്ന് അബ്ദുള്‍ റാഷീദ് അബ്ദുള്ളയും അയാളുടെ ഭാര്യയും മകളും, പാലക്കാട് സ്വദേശി മതം മാറിയ ബെസ്റ്റിന്‍ വിന്‍സെന്റുമാണ് ഐഎസില്‍ ചേരാന്‍ പോയവരില്‍ ചിലര്‍. ഇതില്‍ അഷ്ഫാഖ് 2016 ഫെബ്രുവരിയിലും റാഷീദും ഭാര്യയും മകളും 2016ലും ബെസ്റ്റിന്‍ 2016 ഡിസംബറിലുമാണ് ശ്രീലങ്കയ്ക്ക് പോയത്. 

തമിഴ്നാട് കേന്ദ്രമാക്കിയുള്ള തൗഹീത് ജമായത്തുമായി ബന്ധമുള്ള അറുപത് മലയാളികളുടെ വിവരങ്ങള്‍ കേരള പോലിസ് ശേഖരിച്ച് തുടങ്ങിയതായി ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പെരുമ്പാവൂര്‍, വണ്ടി പെരിയാര്‍, തൃശ്ശൂര്‍ പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. തൗഹീത്ത് ജമായത്ത് 2016ല്‍ മധുരയില്‍ നടത്തിയ യോഗത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നു. ലങ്കന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തെ ഏറ്റെടുത്ത് കൊണ്ടുള്ള ഐഎസ് വീഡിയൊയുടെ തമിഴ് മലയാളം പതിപ്പുകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. കേരളത്തിലെ ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് ഇതെന്നാണ് നിഗമനം.

തമിഴ്നാട്, കേരളം എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ള പല സംഘടനകള്‍ക്കും ലങ്കന്‍ സംഘടനകളുമായി അടുത്ത ബന്ധമാണ് ഉള്ളത്. കേരളത്തില്‍ സജീവമായ സംഘടനയുടെ ശ്രീലങ്കന്‍ ലിങ്കും പരിശോധിക്കുന്നുണ്ട്. കേരളത്തില്‍ കത്വ കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട് നടന്ന വാട്സ് അപ് ഹര്‍ത്താലിന് ലങ്കന്‍ ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യവും പരിശോധിക്കുന്നുണ്ട്. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന് സമാനമായ ആക്രമണങ്ങള്‍ ഇന്ത്യയിലും നടക്കാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത്തരം സംഘടനകള്‍ ഇന്ത്യയെ ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതിനിടെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ശ്രീലങ്കയില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം 76 ആയി. വ്യാപക റെയ്ഡുകള്‍ തുടരുകയാണ്. അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്യുകയും 76 പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശിക തീവ്ര ഇസ്ലാമിക് സംഘടനയായ നാഷണല്‍ തൗഹീദ്ജമാ അത്തിലെ (എന്‍ടിജെ) അംഗങ്ങളായ ഒമ്പത് ചാവേറുകളാണ് സ്ഫോടനം നടത്തിയത്. മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും നക്ഷത്ര ഹോട്ടലുകളിലുമായാണ് സ്ഫോടനങ്ങള്‍ നടന്നത്. 250250 പേര്‍ അപകടത്തില്‍ മരിച്ചിരുന്നു. അഞ്ഞൂറോളം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.