കോഴിക്കോട്: വടകരയിലും കൊല്ലത്തും അടക്കം വ്യാപകമായി സിപിഎമ്മിന്റെ വോട്ടുകൾ കോൺഗ്രസിന് കിട്ടിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മിന്റെ ജില്ലാ നേതാക്കൾ വടകരയിൽ മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നു. എൽജെഡിയിലെ ഒരു വിഭാഗം തന്നെ സന്ദർശിച്ച് പിന്തുണ അറിയിച്ച് വോട്ട് നൽകിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
പിണറായി വിജയന്റെ ധാർഷ്ട്യവും ധിക്കാരവുമാണ് കോൺഗ്രസിന് വോട്ട് കൂട്ടിയതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. കോൺഗ്രസിനെതിരെ സിപിഎം ഉന്നയിക്കുന്ന വോട്ടുകച്ചവടം പരാജയ ഭീതി കൊണ്ടുള്ള മുൻകൂർ ജാമ്യം എടുക്കലാണ്. ബിജെപിയുമായി നീക്കുപോക്കുണ്ടെന്ന് മുഖ്യമന്ത്രി തെളിയിച്ചാൽ പൊതുരംഗത്ത് നിന്ന് താൻ മാറി നിൽക്കാൻ തയ്യാറാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം കോടിയേരിക്കും പിണറായി വിജയനും ഉറക്കമില്ലാത്ത രാത്രികളാണ്. ശബരിമല വിഷയം ബിജെപിക്ക് ഒരു നേട്ടവും ഉണ്ടാക്കില്ലെന്നും കേരളത്തിൽ യുഡിഎഫ് ട്വന്റി ട്വന്റി വിജയം തന്നെ നേടുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: