സുപ്രീംകോടതി വിധിയും കാത്ത് കെ‌എസ്‌ആർടിസി

Friday 26 April 2019 3:14 pm IST

തിരുവനന്തപുരം:  ചൊവ്വാഴ്ചയ്ക്കകം സുപ്രീംകോടതിയിൽ നിന്നും അനുകൂല തീരുമാനം കിട്ടിയില്ലെങ്കിൽ കെ‌എസ്‌ആർടിസിയിലെ പ്രതിസന്ധി രൂക്ഷമാകും. അറുനൂറോളം സർവീസുകൾ ദിവസേന മുടങ്ങുന്ന സാഹചര്യമുണ്ടാകും. വരുമാനത്തിലെ ഇടിവ് മൂലം ശമ്പളം നൽകാൻ പോലും കഷ്ടപ്പെടുന്ന കെ‌എസ്‌ആർ‌ടിസിക്ക് അത് വലിയ തിരിച്ചടിയാകും. 

1565 താത്ക്കാലിക ഡ്രൈവർമാരെ ഈ മാസം മുപ്പതിനകം പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെയാണ് കെ‌എസ്‌ആർ‌ടിസി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സ്ഥിരം ജീവനക്കാർ അർഹതപ്പെട്ട അവധി എടുക്കുമ്പോഴുള്ള ഒഴിവിലേക്കാണ് താത്ക്കാലിക ഡ്രൈവർമാരെ നിയോഗിച്ചിരുന്നത്. സർവീസുകൾ മുടങ്ങാതിരിക്കാനുള്ള ക്രമീകരണമാണിതെന്നാണ് കെ‌എസ്‌ആർ‌ടിസിയുടെ വിശദീകരണം. 

താത്ക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടപ്പോൾ പി‌എസ്‌സി പട്ടികയിൽ നിന്നും ഉടൻ നിയമനം നടത്താൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഡ്രൈവർമാരുടെ കാര്യത്തിൽ പി‌എസ്‌സി ലിസ്റ്റ് നിലവിൽ ഇല്ലെന്നും പുതിയ നിയമനത്തിന് നിർദേശമില്ലെന്നും കെ‌എസ്‌ആർ‌ടിസി പറയുന്നു.ഇനി മുതൽ ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിച്ചാൽ മതിയെന്നാണ് നയപരമായ തീരുമാനം. എന്നാൽ, ഒഴിവുകളുടെ എണ്ണമോ ശമ്പള സ്കെയിലോ നിശ്ചയിച്ചിട്ടില്ല. ഒഴിവുകൾ കണക്കാക്കി പി‌എസ്‌സിയെ അറിയിക്കാൻ കാലതാമസമുണ്ടാകും. 

നിലവിലെ ജീവനക്കാരുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് പുനർവിന്യാസത്തിന് ശേഷമാകും പി‌എസ്‌സിയിൽ റിപ്പോർട്ട് ചെയ്യുക. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.