കൊട്ടാരക്കര സബ് ജയിലില്‍ തടവുകാരുടെ മരണത്തില്‍ മനുഷ്യാവകാശ കമീഷന് ആശങ്ക

Friday 26 April 2019 11:01 pm IST

കൊട്ടാരക്കര: സബ്ജയിലില്‍ വിചാരണത്തടവുകാരുടെ മരണങ്ങള്‍ തുടര്‍ച്ചയാകുന്നതില്‍ മനുഷ്യാവകാശ കമ്മീഷന്  കടുത്ത ആശങ്ക. സമീപകാലത്തായി തുടര്‍ച്ചയായി  മൂന്നു പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന്‍ ജയില്‍ സൂപ്രണ്ടില്‍ നിന്നും റിപ്പോര്‍ട്ട് തേടിയത്.

മരണങ്ങളില്‍ അസ്വാഭാവികതയില്ലെന്നും ജയിലിലെ അംഗസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നത് ബുദ്ധിമുട്ടാകുന്നുവെന്നും ജയില്‍ സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഉദയകുമാര്‍, ബേബി, സുധാകരന്‍ തുടങ്ങിയവരാണ് റിമാന്‍ഡിലിരിക്കെ അടുത്തകാലത്ത് മരിച്ചത്. മര്‍ദ്ദനമേല്‍ക്കുകയോ മറ്റ് അസ്വാഭാവികതകളോ ഇവരുടെ മരണങ്ങളിലില്ലെന്ന് സൂചിപ്പിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും സൂപ്രണ്ട് കമ്മീഷന് നല്‍കി.

80 പേരെ താമസിപ്പിക്കാനുള്ള സൗകര്യങ്ങളാണ് കൊട്ടാരക്കര സബ്ജയിലില്‍ ഉള്ളത്. എന്നാല്‍ ഇരുന്നൂറില്‍ കൂടുതലാണ് എപ്പോഴും ഇവിടെ അംഗസംഖ്യ. ഗുരുതര രോഗങ്ങളുള്ളവരാണ് ഏറെയും പ്രതികളായി എത്തുന്നത്. ജയിലിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചു സര്‍ക്കാര്‍ ചിന്തിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. രോഗമുള്ളവരെ നേരിട്ട് ആശുപത്രികളിലാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

കൊട്ടാരക്കര സര്‍ക്കാര്‍ വിശ്രമകേന്ദ്രത്തില്‍ നടന്ന അദാലത്തില്‍ കമ്മീഷനംഗം കെ.മോഹന്‍കുമാര്‍ പരാതികള്‍ കേട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.