കണ്ണൂര്‍ ജില്ലാ ട്രഷറിയില്‍ 18 ലക്ഷത്തിന്റെ തിരിമറി: വകുപ്പുതല അന്വേഷണം ആരംഭിച്ചു

Saturday 27 April 2019 1:02 am IST

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ട്രഷറിയില്‍ 18 ലക്ഷം രൂപയുടെ തിരിമറി നടന്നെന്ന ആരോപണത്തില്‍ വകുപ്പ്തല അന്വേഷണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് കരാറുകാരന് നല്‍കിയ രണ്ടു ലക്ഷം രൂപയുടെ ചെക്കിന് കണ്ണൂര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 20 ലക്ഷം രൂപ നല്‍കിയ സംഭവത്തിലാണ് അന്വേഷണം. 

ട്രഷറി ഉത്തരമേഖല ഡെപ്യട്ടി ഡയറക്ടറാണ് അന്വേഷണം നടത്തുന്നത്. കണ്ണൂര്‍ ജില്ലാ ട്രഷറി ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഹരീന്ദ്ര ബാബു അന്വേഷണം ആരംഭിച്ചത്. ക്രമക്കേട് സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണിത്. ഇന്നലെ കണ്ണൂരിലെത്തിയ ഡെപ്യൂട്ടി ഡയറക്ടര്‍ അനുബന്ധ രേഖകള്‍ പരിശോധിക്കുകയും ജീവനക്കാരില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് അടുത്ത ദിവസം ട്രഷറി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. 

കരാറുകാരന് 20 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയാണ് നല്‍കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കരാറുകാരന്‍ പണം ഉടന്‍ തന്നെ പിന്‍വലിച്ചതായും പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. ട്രഷറിയില്‍ നിന്ന് പണം കൈമാറുന്നതിന്റെ വിവരങ്ങള്‍ അതത് മാസം പരിശോധിക്കാറുണ്ട്. എട്ടു മാസം മുമ്പ് നടന്ന പണമിടപാടില്‍ വീഴ്ച സംഭവിച്ചിട്ടും നടപടി വൈകിയതിനു കാരണം പ്രതിമാസ പരിശോധനയിലെ വീഴ്ചയെന്നാണ് നിഗമനം. 

2018 ഓഗസ്റ്റ് 20ന് ജില്ലാ പഞ്ചായത്ത് രണ്ടു ലക്ഷത്തിന്റെ എക്‌സ്.വൈ 2568840 നമ്പര്‍ ചെക്കാണ് 21ന് കരാറുകാരന്‍ മാറിയത്. സര്‍ക്കാര്‍ പണം നഷ്ടപ്പെട്ടിട്ടും കരാറുകാരന്റെ അക്കൗണ്ടില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ ട്രഷറി വകുപ്പ് നിയമപരമായ നടപടി സ്വീകരിച്ചിരുന്നില്ല. പകരം ട്രഷറിയില്‍ നിന്നു നഷ്ടപ്പെട്ട പണം ജീവനക്കാരില്‍ നിന്ന് സംഘടിപ്പിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള നീക്കമാണ് വാക്കാലുള്ള നിര്‍ദേശാനുസരണം നടന്നത്. എന്നാല്‍, പണം നല്‍കാന്‍ തയാറല്ലെന്ന് ഒരു വിഭാഗം ജീവനക്കാര്‍ അറിയിച്ചതോടെ ഈ ശ്രമം ഉപേക്ഷിച്ചു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.