ആഘോഷമായി പത്രികാസമര്‍പ്പണം; അധ്യാപികയുടെയും ബാദലിന്റെയും കാല്‍തൊട്ടു വന്ദിച്ച് തുടക്കം

Saturday 27 April 2019 3:00 am IST
കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം.

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എന്‍ഡിഎയുടെയും ബിജെപിയുടെയും ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം. എന്‍ഡിഎ സഖ്യത്തിന്റെ ശക്തി പ്രകടമാക്കുന്നതായി പ്രധാനമന്ത്രിയുടെ പത്രികാ സമര്‍പ്പണച്ചടങ്ങ്.

 കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമാ സ്വരാജ്, നിതിന്‍ ഗഡ്ക്കരി, പീയൂഷ് ഗോയല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എന്‍ഡിഎ നേതാക്കളായ പ്രകാശ് സിങ് ബാദല്‍, ഉദ്ധവ് താക്കറെ, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, രാംവിലാസ് പാസ്വാന്‍, ഒ. പനീര്‍ശെല്‍വം, നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോ തുടങ്ങിയവര്‍ പത്രികാ സമര്‍പ്പണത്തിനെത്തി.   

അകാലിദള്‍ നേതാവും മുന്‍പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദലിന്റെയും  ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വനിതാ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍  അന്നപൂര്‍ണ ശുക്ലയുടെയും കാലുകളില്‍ തൊട്ട് വന്ദിച്ച  ശേഷമാണ് മോദി പത്രിക നല്‍കിയത്. കാശിയില്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്ന കര്‍മി ജഗദീഷ് ചൗധരി, കാശിയിലെ മുതിര്‍ന്ന ബിജെപി നേതാവ് സുഭാഷ് ചന്ദ്ര ഗുപ്ത, കാര്‍ഷിക ശാസ്ത്രജ്ഞനായ രാം ശങ്കര്‍ പട്ടേല്‍ എന്നിവരാണ് പ്രധാനമന്ത്രിയുടെ പത്രികയെ പിന്തുണച്ചത്.

എല്ലാവരുടെയും സാന്നിധ്യം അനുഗ്രഹം നല്‍കുന്നതാണെന്ന് മോദി പത്രികാ സമര്‍പ്പണത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. യുപിയില്‍ വലിയ വിജയമാണ് ബിജെപിക്കുണ്ടാവുകയെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.