തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപംകൊണ്ട ന്യൂനമര്‍ദം അതിതീവ്ര ചുഴലിക്കാറ്റായി രൂപപ്പെടുന്നതിനാല്‍ 29നും 30നും കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതല്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ന്യൂനമര്‍ദം ഏപ്രില്‍ 30ന് തമിഴ്നാട്, ആന്ധ്ര തീരത്തെത്താന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തെത്തുടര്‍ന്ന് കേരള തീരത്ത് ശക്തമായ കാറ്റ് വീശും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ 28ന് മുന്‍പ് തിരിച്ചെത്തണം.
28ന് രാവിലെ മുതല്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും (ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും), 29ന് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും (ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും) കാറ്റ് വീശിയേക്കും. 29ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും 30ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴ ലഭിക്കും. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
നദീതീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. മാറി താമസിക്കേണ്ടി വരുമെങ്കില്‍ അത്യാവശ്യം കരുതേണ്ടവ കരുതണമെന്നും അറിയിപ്പില്‍ പറയുന്നു. മലയോര മേഖലകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: