ഇടതുപക്ഷത്തിന്റെ വോട്ട് ചോര്‍ച്ച സിപിഎം അന്വേഷിക്കണം: പി.കെ. കൃഷ്ണദാസ്

Saturday 27 April 2019 5:10 am IST

പൂനെ: കേരളത്തില്‍ ബിജെപി വോട്ടുകള്‍ മറിച്ചെന്നാരോപിക്കുന്ന സിപിഎം ഇടതുപക്ഷത്തിന്റെ വോട്ടുചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ തയാറാകണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. പൂനെ ഷിരൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശിവസേനയുടെ ശിവാജി റാവു അഡല്‍ റാവന പട്ടേലിന്റെ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇക്കുറി ബിജെപി അട്ടിമറി വിജയം കരസ്ഥമാക്കും. ഇത് തിരിച്ചറിഞ്ഞ ഇടത്, വലത് മുന്നണികള്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം ഉണ്ടെന്ന് വ്യാജ പ്രചാരണം നടത്തുകയാണ്. ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ഇരുമുന്നണികളും വോട്ടുകള്‍ കൈമാറ്റം നടത്തി. എന്നാല്‍, ഇതെല്ലാം മറികടന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കുന്ന ഒരു രാഷ്ട്രീയ പശ്ചാത്തലമാണ് ഇപ്പോള്‍ കേരളത്തില്‍.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് തീവ്ര പ്രാദേശികതയെ പിന്തുണയ്ക്കുകയാണ്. മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തുന്ന രാജ്താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ പിന്തുണയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസും എന്‍സിപിയും തീവ്ര പ്രാദേശികതയെ തട്ടിയുണര്‍ത്തിയാണ് വോട്ടുകള്‍ അഭ്യര്‍ത്ഥിക്കുന്നത്. 

ശിവസേന ദേശീയതയ്ക്ക് പ്രാധാന്യം നല്‍കുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടി വിട്ട രാജ് താക്കറെ രൂപം നല്‍കിയ എംഎന്‍എസ് മഹാരാഷ്ട്രയില്‍ അന്യഭാഷക്കാര്‍ക്കെതിരെ നടത്തിയ അക്രമങ്ങള്‍ വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ രാജീവ് കുമാര്‍ കുറ്റിയാട്ടൂര്‍, ഇ.കെ. ബാബുരാജ്, സന്തോഷ് ഷെട്ടി, മഹാദേവ് ബാബര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹഡ്ബറില്‍ മലയാളികള്‍ നല്‍കിയ സ്വീകരണ യോഗത്തിലും കൃഷ്ണദാസ് പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.