കാസര്‍കോട് കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Saturday 27 April 2019 12:14 pm IST

കണ്ണൂര്‍ : കാസര്‍കോഡ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കണ്ണൂർ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആറ് പേരുടെ ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. ഇതില്‍ ആള് മാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട് . കൂടാതെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പ്രിസൈഡിങ് ഓഫീസറെ വെറും കാഴ്ച്ചകാരനാക്കിയാണ് ഇവര്‍ വോട്ട് ചെയ്യുന്നത്. 

ദൃശ്യങ്ങള്‍ പ്രകാരം 774-ാം വോട്ടറായ പത്മിനി എന്ന സ്ത്രീ രണ്ട് തവണയാണ് വോട്ട് ചെയ്യാനായി എത്തിയത്. ഇവര്‍ കൈയില്‍ മഷി പുരണ്ട ഉടനെ തന്നെ തലയില്‍ തുടച്ച് മായ്ക്കുന്നുമുണ്ട്. ഇവരെക്കൂടാതെ ചെറുതാഴം പഞ്ചായത്തിലെ 50-ാം നമ്പര്‍ ബുത്തിലെ വോട്ടര്‍ 19-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇത്തരത്തില്‍ ആറ് പേരാണ് ഒരു ബൂത്തില്‍ മാത്രം വോട്ട് രേഖപ്പെടുത്തിയത്.

അതിനിടെ മറ്റൊരു സ്ത്രീ വോട്ട് ചെയ്യാനായി എത്തിയപ്പോള്‍ തന്റെ വോട്ട് വേറെ ആരോ ചെയ്തതായി കണ്ടെത്തിയിരുന്നു. ഇവര്‍ പിന്നീട് മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും വോട്ട് ചെയ്യാനാകാതെ മടങ്ങുകയാണ് ചെയ്തത്.  സിപിഎം പ്രാദേശിക നേതാക്കള്‍ ചട്ടവിരുദ്ധമായി ബൂത്തില്‍ കയറി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ പുറത്ത് വിടുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.