പ്രധാനമന്ത്രി പദം രാഹുലിനെതിരെ പവാര്‍

Saturday 27 April 2019 2:29 pm IST

മുംബൈ: എന്‍സിപി നേതാവും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനുമായ ശരദ് പവാര്‍ വെടിപൊട്ടിച്ചു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെതിരെ. രാഹുല്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പവാര്‍ വ്യക്തമാക്കി.

 മമത ബാനര്‍ജിയും മായാവതിയും ചന്ദ്രബാബു നായിഡുവുമാണ് പ്രധാനമന്ത്രിയാകാന്‍ രാഹുലിനേക്കാള്‍ യോഗ്യര്‍ എന്ന് തുറന്നടിച്ച പവാര്‍, എന്‍ഡിഎ അല്ലാത്ത ഏതെങ്കിലും മുന്നണി നിലവിലുണ്ടോയെന്നും ചോദിച്ചു. കോണ്‍ഗ്രസ്സുമായി സഖ്യത്തിലുള്ള പാര്‍ട്ടിയാണ് എന്‍സിപി എന്നിരിക്കെയാണ് പവാറിന്റെ രാഹുല്‍ വിരുദ്ധ പ്രസ്താവന.

രാഹുലിനെ പ്രധാനമന്ത്രിയാക്കുമെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്നും സീ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പവാര്‍ വ്യക്തമാക്കി. 2004ല്‍ ഞങ്ങള്‍ ഒറ്റയ്ക്കാണ് മത്സരിച്ചത്. പിന്നെയാണ് മുന്നണിയുണ്ടാക്കിയത്. ഡോ. മന്‍മോഹന്‍ സിങ്ങും പ്രണബ് മുഖര്‍ജിയും സോണിയയും താനും ചേര്‍ന്നാണ് അന്ന് ചര്‍ച്ച നടത്തിയതും സര്‍ക്കാര്‍ ഉണ്ടാക്കിയതും. അര്‍ഹതയുള്ള ധാരാളം നേതാക്കളുണ്ട്. ആര് പ്രധാനമന്ത്രിയാകണമെന്ന് തെരഞ്ഞെടുപ്പിനു ശേഷം ഞങ്ങള്‍ തീരുമാനിക്കും, പവാര്‍ പറഞ്ഞു.

 രാഹുലാണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയ്ക്കുള്ള ചര്‍ച്ചകള്‍ കൊഴുക്കവേയാണ് പവാറിന്റെ തിരിച്ചടി. പാളയത്തില്‍ നിന്നുതന്നെയുള്ള കടന്നാക്രമണം കോണ്‍ഗ്രസിനെ ഞെട്ടിച്ചു. മഹാസഖ്യമുണ്ടാക്കാനുള്ള നീക്കം നേരത്തെ പൊൡഞ്ഞിരുന്നു. ചില പ്രാദേശിക സഖ്യങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. മായാവതിയും ചന്ദ്രശേഖരറാവുവും മമതയും രാഹുലിനെ നേരത്തെ മുതല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്നില്ല. ഇപ്പോള്‍ സഖ്യത്തിനുള്ളില്‍ നിന്നു തന്നെയാണ് എതിര്‍പ്പ്. കോണ്‍ഗ്രസ്സും ലാലുവിന്റെ ആര്‍ജെഡിയും ചില ചെറുകക്ഷികളും മാത്രമാണ് ഇപ്പോള്‍ രാഹുലാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് പറയുന്നത്.

രാഹുലാണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയ്ക്കാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. അത്തരം പ്രചാരണവുമായി മൂന്നു ഘട്ട തെരഞ്ഞെടുപ്പുകളും കഴിഞ്ഞ് നാലം ഘട്ടത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് പവാറിന്റെ മലക്കം മറിച്ചില്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.