സൂത്രധാരന്‍

Sunday 28 April 2019 3:20 am IST

അധ്യായം-8 

പാമ്പിനെപ്പറ്റി പറഞ്ഞതുകൊണ്ട്-

പാമ്പ് നിമിത്തവസ്തുവായതു കൊണ്ട്.

ഒരു രാത്രി, അല്ല ഒരു പകല്‍ രഘുചന്ദ്രമുഖര്‍ജി നല്ല മയക്കത്തില്‍. ഒരു പാമ്പ് ഇഴഞ്ഞുവന്ന് കട്ടിലില്‍ കയറി. മേലാകെ ഒന്നു പുളഞ്ഞ് മുഖര്‍ജിയുടെ കുര്‍ത്തയ്ക്കുള്ളില്‍ വിശ്രമമായി. ദേഹത്ത് എന്തോ ചലനം... അതില്‍ വിറളിപ്പെട്ട് ചാടിയെഴുന്നേറ്റപ്പോള്‍ കുര്‍ത്തയ്ക്കുള്ളില്‍ നിന്നും പുറത്തുചാടിയത് നല്ല നാട്ടുമൂര്‍ഖന്‍... കരിമഷി നിറം...തലയില്‍ വളഞ്ഞ ചന്ദ്രക്കല.

''അയ്യോ...''

മുഖര്‍ജിക്കു ചുറ്റും ആളുകൂടി. എവിടെ, എവിടെ? ജീവന്റെ ഒരു തരിപോലും എങ്ങും കണ്ടില്ല.

അതൊരു പേടിസ്വപ്നം.

പേടിസ്വപ്നത്തിന്റെ തുടക്കം.

പകല്‍ സ്വപ്നം ഫലിക്കുമെന്നൊരു പഴമൊഴി പ്രസിദ്ധമായതിനാല്‍ മുഖര്‍ജി പകലുറക്കം ഉപേക്ഷിച്ചു. അപ്പോള്‍ മൂര്‍ഖനെക്കൂടാതെ അണലിയും ശംഖുവരയനും രാത്രിയുടെ തക്കം പാര്‍ത്ത് കുര്‍ത്തയ്ക്കുള്ളില്‍ ഇഴച്ചില്‍ തുടങ്ങി. നാഗങ്ങള്‍ സത്യത്തില്‍ നിസ്സഹായര്‍...അവരറിയുന്നുണ്ടോ മുഖര്‍ജിയുടെ താപങ്ങള്‍?

ഒരു മനോരോഗവിദഗ്ദ്ധന്റെ ചികിത്സയ്ക്ക് വിധേയമാക്കിയതിനെത്തുടര്‍ന്ന് മുഖര്‍ജിക്ക് സാമാന്യം നല്ല ഉറക്കം കിട്ടിത്തുടങ്ങി. പക്ഷേ പാദങ്ങളില്‍ നിന്നും ഒരു ചൊറി പതുക്കെ മേല്‍പ്പോട്ട്! അത് മനസ്സിന്റെ താപമല്ല. എല്ലാവരും സാക്ഷിയായ നേര്‍സത്യം. തുടയിടുക്കുകളില്‍, പിന്‍ഭാഗത്ത്, കഴുത്തില്‍ അത് മാരകമായി അനുഭവപ്പെട്ടു. ചര്‍മ്മരോഗമിടുക്കന്‍ മരുന്നെഴുതി പരാജയപ്പെട്ടു. ആയുര്‍വേദവും ഹോമിയോപ്പതിയും തങ്ങളുടെ അറിവും പരിചയസമ്പത്തും  അടിയറവ് പറഞ്ഞ് സ്വന്തം മാളങ്ങളിലേക്ക് ഉള്‍വലിഞ്ഞു.

അവസാനം ഒരു പരീക്ഷണാര്‍ത്ഥം മുഖര്‍ജിയുടെ അമ്മ അവനേയുംകൂട്ടി ഒരു ജ്യോതിഷിയെ സമീപിച്ചു. അയാള്‍ ദശാപഹാരങ്ങള്‍ ഗണിച്ചു തിട്ടപ്പെടുത്തി. നാട്ടുമൂര്‍ഖനെ സ്വപ്നം കണ്ട ദിനമാണ് മുഖര്‍ജിക്ക് രാഹുദശ തുടങ്ങിയതെന്ന് അയാള്‍ തീയതി കണക്കാക്കി. സ്വപ്നം കണ്ട് നിലവിളിച്ച നാള്‍ അമ്മ കലണ്ടറില്‍ കുറിച്ചുവച്ചിരുന്നു. രണ്ടു തീയതികളും കൃത്യമായി ഒത്തു.

ദശാനാഥനായ രാഹു പിഴച്ചു നില്‍ക്കുകയാണ് ജാതകത്തില്‍. ശുഭയോഗമോ ദൃഷ്ടിയോ ഇല്ല. ശത്രുക്ഷേത്രസ്ഥിതന്‍, ഉഗ്രരൂപി.

മലമുകളിലെ വനഗര്‍ഭത്തിലുള്ള സര്‍പ്പക്ഷേത്രം ദര്‍ശിക്കാനും വേണ്ട വഴിപാടുകള്‍ കഴിച്ച് ദോഷനിവൃത്തി വരുത്തുവാനും ജ്യോതിഷി നിര്‍ദ്ദേശിച്ചു.

''എങ്കില്‍ ആശ്വാസം കിട്ടുമോ?''

''നമുക്ക് നോക്കാം...'', പരിചയ സമ്പത്തില്‍ നിന്നുണ്ടായ ഒരാത്മവിശ്വാസം ജ്യോതിഷിയുടെ വാക്കുകളില്‍ പ്രകടമായി.

വളരെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു ആ യാത്ര. വഴിയരികില്‍ ഉഗ്രസര്‍പ്പങ്ങള്‍ ഫണം വിടര്‍ത്തി നിന്നു, കാവല്‍ക്കാരെപ്പോലെ. സര്‍പ്പസന്തതികള്‍ മണ്‍പുറ്റിനു മേല്‍ വെയില്‍ കാഞ്ഞു. ഉയര്‍ന്ന മരക്കൊമ്പുകളില്‍നിന്നും രാജാക്കന്മാര്‍ താഴേക്ക് നൂണ്ടുകിടന്ന് നീളത്തില്‍ മത്സരിച്ചു. രാഹുസ്‌തോത്രങ്ങള്‍ ജപിച്ചുകൊണ്ട് അവര്‍ ക്ഷേത്ര സന്നിധിയിലെത്തി. സര്‍പ്പയക്ഷിക്കു മുന്നില്‍ കൈകൂപ്പി നിന്നു.

''എന്റെ കുഞ്ഞിന്റെ ചര്‍മ്മരോഗം മാറ്റിത്തരണേ...'' മുഖര്‍ജിയുടെ അമ്മ യക്ഷിയോട് കരഞ്ഞു.

പിന്നില്‍ തൊഴുതുനിന്നിരുന്ന ഒരു സ്ത്രീക്ക് പെട്ടെന്ന് ഇളക്കം ആരംഭിച്ചു. അവര്‍ നിന്നനില്‍പ്പില്‍ ആടാന്‍ തുടങ്ങി. പിന്നെ നിലത്ത് പൂഴിമണ്ണില്‍ കിടന്ന് ഇഴച്ചിലാരംഭിച്ചു. രണ്ടു കൈപ്പത്തികളും ചേര്‍ത്ത് ഫണംപോലെയാക്കി മണ്ണില്‍ ആഞ്ഞുകൊത്തി. ഭയമുളവാക്കുന്ന ഒരു സീല്‍ക്കാരം പുറപ്പെടുവിച്ചു.

ഇതത്രയും നടുക്കത്തോടെ കണ്ടുനിന്ന മുഖര്‍ജി പൊടുന്നനെ കൂടുപൊട്ടിച്ച് പുറത്തുചാടി. ഒരു ബോധവുമില്ലാതെ, വീണ്ടുവിചാരമില്ലാതെ നിലത്ത് കിടന്ന് ഉരുളാന്‍ തുടങ്ങി. പെട്ടെന്ന് ബോധം തെളിഞ്ഞപോലെ പൂഴിമണ്ണ് വാരിയെടുത്ത് ചൊറിയുള്ള ഭാഗങ്ങളില്‍ അമര്‍ത്തിയുരച്ചു. ആ ഭാഗങ്ങള്‍ ദയാരഹിതമായി ചോര പൊഴിച്ചു. ശ്രീകോവിലില്‍നിന്നും ഓടി വന്ന പൂജാരി കയ്യിലെ കിണ്ണത്തില്‍നിന്നും മഞ്ഞള്‍പ്പൊടിയെടുത്ത് മുഖര്‍ജിയുടെ മേല്‍ തടവി.തൊട്ടപ്പുറത്ത് കിടന്ന് ഇഴയുന്ന സ്ത്രീയുടെ ശിരസ്സിലും. ജീവന്‍ തിരിച്ചുകിട്ടിയ പോലെ ഇരുവരും ശാന്തരായി.

''ധൈര്യമായിരിക്കൂ...'', പൂജാരി  കുറച്ച് മഞ്ഞള്‍പ്പൊടി അമ്മയുടെ കയ്യില്‍ കൊടുത്തു. ''മകന്റെ എല്ലാ ചൊറിച്ചിലും ഇതോടെ മാറി... അതിന്റെ സൂചനയാണ് ഈ ഇളക്കം...''

ആശ്വാസത്തോടെ അവര്‍ പടിയിറങ്ങി.

''രാഹുവാണ് ചര്‍മ്മത്തിന്റെ കാരകന്‍,'' മുന്നില്‍ സഗൗരവം കേട്ടിരിക്കുന്ന കുട്ടികളോട് രാമശേഷന്‍ തുടര്‍ന്നു. ''അനിഷ്ടസ്ഥാനത്ത് ബലഹീനനായി നില്‍ക്കുന്ന രാഹുവിന്റെ ദശാപഹാര കാലത്ത് ചര്‍മ്മ സംബന്ധമായ സൂക്കേടുകള്‍ വരാം...നാഗദംശമേല്‍ക്കാം...''

കുട്ടികള്‍ മനസ്സില്‍ കൂട്ടി നോക്കിയിരിക്കണം. തന്റെ രാഹു എവിടെ, തന്റെ നടപ്പുദശയെന്ത്, അപഹാരമെന്ത്?

''എല്ലാ ഗ്രഹങ്ങള്‍ക്കും ഇങ്ങനെ രോഗമുണ്ടാക്കാനുള്ള കഴിവുണ്ടോ സാര്‍?,'' വാസുദേവന്‍ പോറ്റി.

''ഓരോ ഗ്രഹങ്ങള്‍ക്കും ഓരോരോ രോഗം പറയുന്നുണ്ട്...രോഗകാലവും...''

കുഴല്‍മന്ദം ഗുരുനാഥന്റെ ക്ലാസ്സ്. പ്രശ്‌നമാര്‍ഗ്ഗത്തിലെ പന്ത്രണ്ടാം അദ്ധ്യായത്തിന്റെ ആരംഭം.

''അഥ രോഗവിശേഷാഃ ഉച്യന്തേ''

(അനന്തരം രോഗങ്ങളുടെ ഭേദം പറയപ്പെടുന്നു)

പതിമൂന്നാം അദ്ധ്യായത്തിന്റെ തുടക്കം.

''അഥ രോഗരംഭാവസാനകാലാദി നിരൂപ്യതേ''

(അനന്തരം രോഗാരംഭാവസാനകാലം നിരൂപണം ചെയ്യുന്നു)

അമ്പത്തിയേഴാം വയസ്സില്‍ ഒരു നാള്‍ ഉറങ്ങാന്‍ കിടന്ന് പിന്നീടൊരിക്കലും ഉണരാത്ത തിരുച്ചന്തൂര്‍ ഗുരുനാഥന് എന്തായിരുന്നു രോഗം?

എല്ലാ രോഗങ്ങളും ജന്മാന്തരകൃതമായ പാപകര്‍മ്മഫലങ്ങളാണെന്ന് മൂലഗ്രന്ഥങ്ങള്‍ പറയുന്നു. 

'സ്വകര്‍മ്മ ഭോക്തും ജയന്തേ' എന്ന് ആചാര്യമതം.

വയസ്സുകാലത്ത് എന്തുരോഗമാണ് തന്നെ കീഴ്‌പ്പെടുത്താന്‍ പോകുന്നത്? വയസ്സുകാലം എന്നൊരു കാലം തനിക്കുണ്ടോ?

ഒരു കാറ്റിന് കീഴ്‌പ്പെട്ടാല്‍ എന്നപോലെ രാമശേഷന്റെ ദേഹം വിറച്ചു.

''എല്ലാ രോഗങ്ങളും പൂര്‍വ്വ ജന്മാര്‍ജ്ജിതം തന്നെ.. രോഗങ്ങളില്ലാത്ത മനുഷ്യരുമില്ല...''

തഞ്ചാവൂരിലെ ചുട്ടുപൊള്ളുന്ന ക്ലാസ്സ് മുറി. ചുടുകാറ്റില്‍ കാറ്റാടി മരങ്ങള്‍ തല വിടര്‍ത്തിയാടുന്ന കാമ്പസ്സ്. തൊട്ടടുത്തിരിക്കുന്നതാരാണ്? തത്തക്കൊക്കുപോലുള്ള ചുണ്ടുകളും പീലിക്കണ്ണുകളുമുള്ള ശാരിക. എപ്പോഴും അവളെ പറ്റി നില്‍ക്കുന്ന സുഗന്ധ സോപ്പിന്റെ വാസന. എന്നിട്ടും ക്ലാസ്സ് മുറി പൊള്ളി.

''സമ്മറില്‍ നാല്‍പ്പത്തിയഞ്ചു ഡിഗ്രിക്കടുത്താണ് ചൂട്....'', വല്ലഭി മുന്നറിയിപ്പ് തന്നു. ''ഇത്രയും പഠിച്ചത് പോരേ? ഇനി തഞ്ചാവൂര് വരെ പോയി...''

ഏഴുവര്‍ഷത്തോളം നാട്ടില്‍ പഠിച്ചു, കുഴല്‍മന്ദം തത്തമംഗലം, അമ്പലപ്പാറ എന്നിങ്ങനെ പല ഗ്രാമങ്ങളിലെ ഗുരുക്കന്മാരുടെ കീഴെ. ഒരേ വിഷയത്തെ വെവ്വേറെ കാഴ്ചപ്പാടില്‍ എങ്ങനെ നോക്കിക്കാണാം, വിലയിരുത്താം എന്ന വലിയ പാഠമാണ് അവരില്‍ നിന്ന് കിട്ടിയത്.

ഗ്രന്ഥങ്ങളും ഒരര്‍ത്ഥത്തില്‍ ഗുരുനാഥന്മാര്‍ തന്നെ. ഗുരുക്കന്മാരുടെ മുന്‍പില്‍ ഇരിക്കാന്‍ ഭയപ്പെടുന്നതുപോലെ മഹാഗ്രന്ഥങ്ങളെയും മറിച്ചു നോക്കാന്‍ ഭയപ്പെടുന്നു. പ്രശ്‌നമാര്‍ഗ്ഗം, ഫലദീപിക, ജാതകാ ദേശം, ദശാദ്ധ്യായി...

ബോര്‍ഡ് വച്ച് പ്രാക്ടീസ് തുടങ്ങിയ സമയത്താണ് യുജിസി അംഗീകാരമുള്ള സര്‍വ്വകലാശാലയില്‍ വിദൂരവിദ്യാഭ്യാസ പഠനത്തിന്റെ വിളംബരം. മാസത്തില്‍ രണ്ടു ക്ലാസ്സ്... എഴുപത്തിയഞ്ച് ശതമാനം അറ്റന്‍ഡന്‍സ് നിര്‍ബന്ധം... മലയാളത്തില്‍ പരീക്ഷയെഴുതാമെന്നത് വലിയ പ്രലോഭനമായി.

കാലം മാറുന്നു. അഭിരുചികള്‍ മാറുന്നു.

ജ്യോത്സ്യന്‍ എന്നൊരു ബോര്‍ഡു വച്ച് സ്വയം പരസ്യപ്പെടുത്തുന്നതില്‍ എന്തു കാര്യം? അങ്ങനെയെത്ര ബോര്‍ഡുകള്‍ വഴിയോരത്ത് തിങ്ങി നിറയുന്നു? വിഷയത്തില്‍ ഒരു ബിരുദാനന്തര ബിരുദം കാലത്തിന്റെ ആവശ്യമാണെന്ന് തോന്നി. പറഞ്ഞപ്പോള്‍ ശാരികയും വലിയ ഉത്സാഹംകാണിച്ചു.

''തഞ്ചാവൂര്‍ക്ക് നിങ്ങളൊരുമിച്ചാവുമോ യാത്ര?''

വല്ലഭിയുടെ മുഖം മങ്ങി.

''അതിനെന്താ?'', രാമശേഷന്‍ തെല്ലും കുലുങ്ങാതെ തുടര്‍ന്നു. ''അവരും നമ്മളെപ്പോലെ കുടുംബമുള്ളവരല്ലേ...ഉത്തരവാദിത്വമുള്ളവരല്ലേ?''

എന്തോ വല്ലഭിക്ക് അതൊരു കല്ലുകടിയായി തോന്നി. എന്തൊക്കെയായാലും ഒരാണും പെണ്ണും... അവര്‍ ഒരുമിച്ച് യാത്ര പോവുന്നതില്‍ ഒരു ഇരിക്കപ്പൊറുതി നില്‍ക്കപ്പൊറുതിയില്ലായ്മയുണ്ട്.

''പ്രശ്‌നമാര്‍ഗ്ഗം ഉത്തരാര്‍ദ്ധം എടുക്കൂ...'', ഗുരുനാഥന് എല്ലാം മനപ്പാഠമാണ്. ''കര്‍മ്മവിപാകം എന്ന അദ്ധ്യായത്തില്‍ ഓരോ രോഗത്തിനുമുള്ള പൂര്‍വ്വജന്മ കര്‍മ്മങ്ങള്‍ വിശദമായി പറയുന്നു...''

വിരലുകള്‍ ഇരുപത്തിമൂന്നാം അദ്ധ്യായത്തില്‍ തൊടുന്നു. 223-ാം പേജില്‍ തൊടുന്നു. ചൂടില്‍ കണ്ണെരിയുന്നു.

''ബ്രാഹ്മണ ഹിംസ, ഗുരുവിന്റെ പത്‌നിയെ പ്രാപിക്കല്‍, മനപ്പൂര്‍വ്വം തെറ്റായ ചികിത്സ നടത്തല്‍, ദുഷ്ടത നിമിത്തം വിശ്വസ്തനായവനില്‍ വിഷം വിതരണം ചെയ്യല്‍... പൂര്‍വ്വജന്മത്തില്‍ ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍ ഈ ജന്മത്തില്‍ കുഷ്ഠരോഗിയായിത്തീരുന്നു...''

''അപ്പോള്‍ ഗ്രഹങ്ങള്‍ക്ക് ഇതില്‍ പങ്കില്ലേ സാര്‍?''

രഘുപാര്‍ത്ഥനാണ്. രഘുവിന്റെ സംശയങ്ങള്‍ എപ്പോഴും യുക്തിഭദ്രമാണ്. ആറ്റിക്കുറുക്കിയവ.

''ഗ്രഹങ്ങളാണ് കാരിയേഴ്‌സ്... ഐ മീന്‍ വാഹകര്‍...''

ഒരിടി മുഴങ്ങി. വേനല്‍ മഴയ്ക്കായി ആകാശം തിടുക്കം കൂട്ടി.

''ഓരോ പുണ്യപാപകര്‍മ്മങ്ങളുടേയും ഫലങ്ങള്‍ ഗ്രഹങ്ങളിലൂടെ, അവയുടെ ദശാപഹാരങ്ങളിലൂടെ നമ്മള്‍ അനുഭവിക്കുന്നു... ആര്‍ യു ക്ലിയര്‍ നൗ?''

ചിലര്‍ക്ക് അപ്പോഴും സന്ദേഹം ബാക്കിയുള്ളതു പോലെ.

''നേരത്തേ പറഞ്ഞ പൂര്‍വ്വജന്മ പ്രവൃത്തികള്‍ക്കനുസരിച്ചായിരിക്കും രാശി ചക്രത്തില്‍ ഗ്രഹങ്ങള്‍ സ്ഥാനം നേടുക...'', രാമശേഷന്‍ സാമാന്യയുക്തിയില്‍ പിടിച്ചു. ''ആകെ പന്ത്രണ്ടു രാശിയും ഒമ്പതു ഗ്രഹങ്ങളുമുണ്ട്... ഏതേതെല്ലാം ഗ്രഹങ്ങള്‍ എവിടെവിടെ ചെന്നുനില്‍ക്കണം എന്നു തീരുമാനിക്കുന്നതാരാണ്?''

വീണ്ടും ഇടി. മഴയ്ക്കു മുന്‍പുള്ള കാറ്റിന്റെ ചടുലത.

''പൂര്‍വ്വ ജന്മ പ്രവൃത്തികള്‍ തന്നെ...''

പൂര്‍വ്വ ജന്മത്തില്‍ താന്‍ ചെയ്ത ഏതു ദുരിതപ്രവൃത്തിക്കാണ് മധ്യമരജ്ജു നക്ഷത്രത്തില്‍ തനിക്ക് ഇണ വന്നുചേര്‍ന്നത്? പലകുറി വേര്‍പിരിയാന്‍ തുനിഞ്ഞിട്ടും പശപോലെ ഒട്ടിനില്‍ക്കുന്നത്? ഈ വയസ്സാം കാലത്ത് ശാരികയെക്കുറിച്ചുള്ള ഏതൊരോര്‍മ്മയും മഴപോലെ മനസ്സിനെ നനയ്ക്കുന്നത്?

പെട്ടെന്നു മഴ തുടങ്ങി.

''പൂര്‍വ്വജന്മാര്‍ജ്ജിതം കര്‍മ്മം ശുഭം വാ യദിവാശുഭം

തസ്യ പക്തിം ഗ്രഹാഃസ്സര്‍വ്വേ സുചയന്തീഹ ജന്മനി.''

ശുഭമോ അശുഭമോ ആയ ഏതൊരു കര്‍മ്മം പൂര്‍വ്വജന്മത്തില്‍ നേടിയോ അതിന്റെ ഫലത്തെ എല്ലാ ഗ്രഹങ്ങളുംകൂടി ഈ ജന്മത്തില്‍ സൂചിപ്പിക്കുന്നു.

''അപ്പോള്‍ ഈ ജന്മത്തിലെ കര്‍മ്മങ്ങള്‍ക്ക് ഒരു പ്രാധാന്യവുമില്ലേ സാര്‍?'', വീണ്ടും പാര്‍ത്ഥന്‍.

''പൂര്‍വ്വജന്മകര്‍മ്മം, സ്വാര്‍ജ്ജിത കര്‍മം എന്നിങ്ങനെ കര്‍മ്മം രണ്ടുവിധമുണ്ട്... സ്വാര്‍ജ്ജിതകര്‍മ്മത്തിന്റെ അനുഭവം പരലോകത്തിലും പൂര്‍വ്വജന്മ കര്‍മ്മത്തിന്റെ ഫലം ഈ ലോകത്തിലും അനുഭവിക്കണം.''

മഴയ്ക്ക് ബലം വച്ചു. പൊള്ളുന്ന ചൂടിന് ആശ്വാസംപോലെ ഒരു വേനല്‍ മഴ.

മധ്യമരജ്ജു നക്ഷത്രത്തില്‍ വിവാഹിതനായതുകൊണ്ട് തപിച്ചുപോയ ജീവിതത്തില്‍ ഇതുപോലൊരു വേനല്‍മഴയായിരുന്നു ശാരിക.

വല്ലഭി, ശാരിക.

രണ്ടു സ്ത്രീകള്‍ക്കിടയില്‍ പെട്ടുപോയ തന്റെ ജന്മം.

ഏഴാം ഭാവം മീനം എന്ന ഉഭയരാശിയായതുകൊണ്ടാവുമോ?

മീനത്തിന്റെ സ്വരൂപം വാല്‍തല ചേര്‍ന്നുള്ള രണ്ടു മത്സ്യങ്ങള്‍. 

മത്സ്യത്തില്‍ പുരുഷഗണമുണ്ടെങ്കിലും 'മത്സ്യകന്യക' എന്നാണ് പൊതുവെ വിശേഷണം.

ആ അര്‍ത്ഥത്തില്‍ വാല്‍തല ചേര്‍ന്നുള്ള രണ്ടു മത്സ്യകന്യകകള്‍ വല്ലഭിയും ശാരികയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.