പ്രീമിയര്‍ ലീഗ്; ഇഞ്ചോടിഞ്ച് പോരാട്ടം

Sunday 28 April 2019 5:08 am IST

ലിവര്‍പൂള്‍: പ്രീമിയര്‍ ലീഗ് കിരീടത്തിനായി മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഇരു ടീമുകളും ഓരോ മത്സരം കഴിയുന്തോറും ഒന്നാം സ്ഥാനം മാറ്റിക്കളിക്കുകയാണ്. ഹഡേഴ്‌സ്ഫീല്‍ഡിനെ ഏകപക്ഷീയമായ അഞ്ചു ഗോളിന് തകര്‍ത്തതോടെ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്നിലാക്കി വീണ്ടും ഒന്നാം സ്ഥാനം പിടിച്ചു. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കിയാണ് സിറ്റി മുന്നിലെത്തിയത്. 

എന്നാല്‍ ഹഡേഴ്‌സ്ഫീല്‍ഡിനെ കീഴടക്കിയതോടെ ലിവര്‍പൂള്‍ 36 മത്സരങ്ങളില്‍ 91 പോയിന്റുമായി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. നിലവിലെ ചാമ്പ്യന്മാരായ സിറ്റിക്ക് 35 മത്സരങ്ങളില്‍ 89 പോയിന്റുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ബേണ്‍ലിയെ കീഴടക്കിയാല്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം. ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയിച്ചാല്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താനാകും. അതേസമയം ഇനിയുള്ള മത്സരങ്ങില്‍ സിറ്റി തോറ്റാലേ ലിവര്‍പൂളിന് കിരീടം നേടാനാകൂ.

മുഹമ്മദ് സല, സാദിയോ മാനെ എന്നിവരുടെ ഇരട്ട ഗോളുകളിലാണ് ലിവര്‍പൂള്‍ ഹഡേഴ്‌സ്ഫീല്‍ഡിനെതിരെ അനായാസ വിജയം സ്വന്തമാക്കിയത്. 23, 66 മിനിറ്റുകളിലാണ് സാദിയോ മാനെ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും എണ്‍പത്തിമൂന്നാം മിനിറ്റിലുമാണ് സല ലക്ഷ്യം കണ്ടത്.

പതിനാലാം സെക്കന്‍ഡില്‍ തന്നെ ലിവര്‍പൂള്‍ ലീഡ് നേടി. ഹഡേഴ്‌സ്ഫീല്‍ഡ് പ്രതിരോധനിരക്കാരന്‍ തട്ടിയിട്ട പന്ത് പിടിച്ച് മുന്നേറിയ മുഹമ്മദ്  സല, നബി കെയ്റ്റക്ക് പാസ് നല്‍കി. കെയ്റ്റ അനായാസം പന്ത് വലയിലേക്ക് മറിച്ചു. 23-ാം മിനിറ്റില്‍ സാദിയോ മാനെ ഹെഡ്ഡറിലൂടെ ലീഡ് ഉയര്‍ത്തി. ആദ്യ പകുതിയുടെ അധികസമയത്ത് സലയും ലക്ഷ്യം കണ്ടതോടെ ഇടവേളയ്ക്ക് ലിവര്‍പൂള്‍ 3-0ന് മുന്നില്‍.

അറുപത്തിയാറാം മിനിറ്റില്‍ മാനെ തന്റെ രണ്ടാം ഗോള്‍ കുറിച്ചു. പത്ത്് മിനിറ്റുകള്‍ക്ക് ശേഷം ഹാട്രിക്ക് തികയ്ക്കാന്‍ മാനെയ്ക്ക് അവസരം കൈവന്നതാണ്. പക്ഷെ മാനെയുടെ ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടി തെറിച്ചു. കളിയവസാനിക്കാന്‍ ഏഴു മിനിറ്റുള്ളപ്പോള്‍ സല തന്റെ രണ്ടാം ഗോളിലുടെ ലിവര്‍പൂളിന്റൈ വിജയമുറപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.