പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ

Sunday 28 April 2019 4:50 am IST

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആറാം ആഴ്ചയിലേക്ക്് കടക്കുകയാണ്. ഇനി പ്ലേ ഓഫ് ലക്ഷ്യമിട്ട്് ടീമുകള്‍ പോരാട്ടം മുറുക്കും. മികവാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചാല്‍ എട്ട് ടീമുകള്‍ക്കും സാധ്യതയുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്, മുംബൈ ഇന്ത്യന്‍സ്, ദല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരുടെ പ്ലേ ഓഫ് സാധ്യതകള്‍ പരിശോധിക്കാം.

അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റെങ്കിലും ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് പ്ലേ ഓഫില്‍ കടക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീമാണ്. 12 മത്സരങ്ങളില്‍ പതിനാറ് പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്താണ്. അടുത്ത മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചാല്‍ ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.

ചെന്നൈയെ തോല്‍പ്പിച്ചതോടെ മുംബൈ ഇന്ത്യന്‍സ് പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തെത്തി. പതിനൊന്ന് മത്സരങ്ങളില്‍ അവര്‍ക്ക് പതിനാല് പോയിന്റുണ്ട്. മൂന്ന് മത്സരങ്ങള്‍ കൂടി ശേഷിക്കെ അവര്‍ക്ക് മികച്ച റണ്‍റേറ്റാണുളളത്. ജയം തുടര്‍ന്നാല്‍ അവര്‍ക്ക് പ്ലേ ഓഫിലെത്താം.

പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തുള്ള ദല്‍ഹി ക്യാപിറ്റല്‍സിന് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണത്തിലെങ്കിലും വിജയം നേടിയാല്‍ പ്ലേ ഓഫില്‍ കടക്കാം. പതിനൊന്ന് മത്സരങ്ങളില്‍ അവര്‍ക്ക് പതിനാല് പോയിന്റുണ്ട്.

മികച്ച റണ്‍റേറ്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ശേഷിക്കുന്ന നാലു മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ തോറ്റാലും സാധ്യതയുണ്ട്. മൂന്ന് മത്സരങ്ങളില്‍ ജയിച്ചാല്‍ അവര്‍ക്ക് പ്ലേഓഫ് ഉറപ്പിക്കാം. പത്ത് മത്സരങ്ങളില്‍ പത്ത് പോയിന്റുമായി അവര്‍ നാലാം സ്ഥാനത്താണ്.

കിങ്‌സ് ഇലവന്‍ പഞ്ചാബിന് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും വിജയിച്ചാലേ പ്ലേ ഓഫിലെത്താനാകൂ. അത് അത്ര എളുപ്പമാകില്ല. സണ്‍റൈസേഴ്‌സ്, കൊല്‍ക്കത്ത, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകളെയാണ് അവര്‍ക്ക് ഇനി നേരിടാനുള്ളത്. പതിനൊന്ന് മത്സരങ്ങളില്‍ പത്ത് പോയിന്റുള്ള അവര്‍ അഞ്ചാം സ്ഥാനത്താണ്.

രണ്ട് തവണ ഐപിഎല്‍ കിരീടം ചൂടിയ കൊല്‍ക്കത്തയ്ക്കും പ്ലേ ഓഫിലെത്താന്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയിക്കണം. പതിനൊന്ന്് മത്സരങ്ങളില്‍ എട്ട് പോയിന്റുമായി അവര്‍ ആറാം സ്ഥാനത്താണ്.

പതിനൊന്ന് മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഏഴാം സ്ഥാനത്ത്് നില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയിച്ചാലേ സാധ്യത നിലനിര്‍ത്താനാകൂ. മറ്റ് ടീമുകളുടെയും മത്സരഫലത്തെ ആശ്രയിച്ചിരിക്കും രാജ്സ്ഥാന്റെ പ്ലേ ഓഫ് പ്രവേശം.

പ്ലേ ഓഫിലെത്താന്‍ ഏറ്റവും സാധ്യത കുറവുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയിച്ചാലും പ്ലേ ഓഫില്‍ കടക്കാന്‍ സാധ്യതയില്ല. പതിനൊന്ന് മത്സരങ്ങളില്‍ എട്ട് പോയിന്റുമായി അവര്‍ എട്ടാം സ്ഥാനത്താണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.