പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി

Sunday 28 April 2019 11:18 am IST

ചേര്‍ത്തല: പിഞ്ചുകുഞ്ഞിനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പതിനഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയാണ് മരിച്ചത്. 

വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയില്‍ എത്തിച്ചവര്‍ അറിയിച്ചത്. ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് കുട്ടിയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. 

മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പോലീസെത്തി വിശദമായ പരിശോധന നടത്തി. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചുണ്ടിലെ ഒരു പാടൊഴികെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച വണ്ടാനത്ത് പോലീസ് സര്‍ജ്ജന്റെ സാന്നിധ്യത്തില്‍ മൃതദേഹപരിശോധന നടത്തിയാല്‍ മാത്രമേ മരണകാരണം അറിയാനാകുകയുള്ളൂ.

പട്ടണക്കാട് പോലീസ് കുട്ടിയുടെ വീടിന്റെ പരിസരത്തും വിശദമായ അന്വേഷണം നടത്തി. ഉച്ചവരെ കോളനിയില്‍ ഓടികളിച്ചിരുന്ന കുട്ടിയെയാണ് ഒന്നരയോടെ ചലനമറ്റനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ സാഹചര്യങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹ പരിശോധനാഫലം ലഭ്യമായാലേ കൂടുതല്‍ അന്വേഷണം നടത്താനാകുകയുള്ളൂവെന്ന് പട്ടണക്കാട് എസ്‌ഐ അമൃതഘോഷ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.