വായ്പകള്‍ക്ക് മോറട്ടോറിയം ഉത്തരവിറങ്ങിയില്ല; കര്‍ഷകര്‍ ആശങ്കയില്‍

Sunday 28 April 2019 12:26 pm IST

കോട്ടയം: കര്‍ഷകരുടെ വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനം പ്രാവര്‍ത്തികമാകാത്തതിനാല്‍ കര്‍ഷകര്‍ക്ക് പലിശ സബ്‌സിഡി നഷ്ടപ്പെടാന്‍ സാധ്യത. മോറട്ടോറിയം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ പല കര്‍ഷകരും പലിശ അടച്ചിരുന്നില്ല. ഇവര്‍ക്ക് സബ്‌സിഡി നഷ്ടമാകുന്ന അവസ്ഥയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് വായ്പകള്‍ക്ക് സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചത്. 

എന്നാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഉത്തരവിറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. സര്‍ക്കാര്‍ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ മോറട്ടോറിയം സംബന്ധിച്ച് തീരുമാനമെടുക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിട്ടു. എന്നാല്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. 

കാര്‍ഷിക വായ്പ യഥാസമയം തിരിച്ചടയ്ക്കുമ്പോഴാണ് പലിശ സബ്‌സിഡി ലഭിക്കുന്നത്. മോറട്ടോറിയം നടപ്പാകുമെന്ന പ്രതീക്ഷയില്‍ പലിശ അടയ്ക്കാതിരുന്ന കര്‍ഷകര്‍ പിഴപ്പലിശ കൂടി അടയ്‌ക്കേണ്ട അവസ്ഥയിലാണ്. പ്രളയത്തില്‍ കൃഷിനാശമുണ്ടായ കര്‍ഷകരാണ് വീണ്ടും കൃഷിയിറക്കാന്‍ ഹ്രസ്വകാല വായ്പകള്‍ക്ക് ബാങ്കുകളെ ആശ്രയിച്ചത്. 

വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും പെരുമാറ്റച്ചട്ടത്തിന് മെയ് 23 വരെ പ്രാബല്യമുണ്ട്. ഈ സാഹചര്യത്തില്‍ മോറട്ടോറിയം ഉത്തരവ് വൈകാനാണ് സാധ്യത. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഉത്തരവിറങ്ങിയിരുന്നുവെങ്കില്‍ കര്‍ഷകര്‍ക്ക് പലിശ സബ്‌സിഡി നഷ്ടമാകുന്ന അവസ്ഥ ഒഴിവാക്കാമായിരുന്നുവെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. മോറട്ടോറിയം നടപ്പാക്കാത്ത സാഹചര്യത്തില്‍ ബാങ്കുകള്‍ ജപ്തി നോട്ടീസ് അയയ്ക്കുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. കൊടുംവേനലില്‍ കാര്‍ഷികവിളകള്‍ക്ക് നാശം നേരിട്ടവര്‍ക്ക് ഇരട്ടി പ്രഹരമാണ് പലിശ സബ്‌സിഡി നഷ്ടമാകുന്നതിലൂടെ ഉണ്ടാകുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.