മുസ്ലീംലീഗിന്റെ താലിബാനിസം വെളിപ്പെടുന്നു: മഹിളാമോര്‍ച്ച

Friday 30 November 2012 9:59 pm IST

മലപ്പുറം: മലപ്പുറം അരീക്കോട്‌ ബിന്ദുവിനെയും മക്കളെയും ഏറ്റെടുക്കാനുള്ള സേവാഭാരതിയുടെ ശ്രമം തടഞ്ഞത്‌ മുസ്ലീംലീഗിന്റെ താലിബാനിസം വെളിപ്പെടുത്തുന്നതാണെന്ന്‌ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ ശോഭ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മലപ്പുറം ജില്ലയില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനം തടസപ്പെടുത്താനും ബിജെപി നേതാക്കളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും തടയാനുമാണ്‌ ലീഗ്‌ ശ്രമം. ബിന്ദുവിനെ സന്ദര്‍ശിക്കാന്‍ പോയ തന്നെ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തടയുകയായിരുന്നു. മന്ത്രിയുടെ താത്പര്യപ്രകാരമായിരുന്നു ഇത്‌. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത റസ്ക്യൂഹോമിലേക്കാണ്‌ സര്‍ക്കാര്‍ കുട്ടികളെ മാറ്റിയിരിക്കുന്നതെന്നും ശോഭ ആരോപിച്ചു.ഭരണഘടന പൗരന്‌ ഉറപ്പു നല്‍കുന്ന മൗലികാവകാശം പോലും മലപ്പുറത്ത്‌ നിഷേധിക്കപ്പെടുകയാണ്‌. തീവ്രവാദികളുടെ അജണ്ടയാണ്‌ സാമൂഹ്യക്ഷേമ വകുപ്പില്‍ മന്ത്രി എം കെ മുനീര്‍ നടപ്പാക്കിക്കൊണ്ടിരിക്കുതെന്നും അവര്‍ പറഞ്ഞു.
ബിജെപി നേതാക്കള്‍ക്ക്‌ ജില്ലയിലെ ചില മേഖലകളില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതും സംഘപരിവാര്‍ പ്രസ്ഥാനത്തിന്‌ സേവന പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടുമാണ്‌ മുസ്ലീംലീഗും സാമൂഹ്യ ക്ഷേമവകുപ്പും സ്വീകരിച്ചിട്ടുള്ളത്‌. എന്നെ പരസ്യമായി തടഞ്ഞുവച്ച്‌ ഞാന്‍ രേഖാമൂലം പരാതികൊടുത്തിട്ടും പോലീസ്‌ നടപടി സ്വീകരിച്ചിട്ടില്ല. പരാതി തുടര്‍ന്ന്‌ എസ്‌ പി, ഡിജിപി, ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക്‌ നല്‍കും.
സാമൂഹ്യക്ഷേമവകുപ്പ്‌ ഉദ്യോഗസ്ഥയും പഞ്ചായത്ത്‌ ബോര്‍ഡ്‌ പ്രസിഡന്റും സബ്‌ ഇന്‍സ്പെക്ടറും ചേര്‍ന്ന്‌ നിര്‍ബന്ധപൂര്‍വ്വം ബിന്ദുവിനെയും കുട്ടികളെയും റസ്ക്യൂഹോമിലേക്ക്‌ അയച്ച നടപടി കുറ്റകരമായ നിലപാടാണ്‌. എസ്‌ ഐ യെയും സാമൂഹ്യ ക്ഷേമ വകുപ്പ്‌ ഉദ്യോഗസ്ഥയെയും സസ്പെന്റ്‌ ചെയ്ത്‌ അവര്‍ക്കെതിരെ ക്രമിനല്‍ നടപടി സ്വീകരിക്കണം. പഞ്ചായത്ത്‌ ബോര്‍ഡ്‌ പ്രസിഡന്റിനെതിരെ കേസെടുക്കണം.
ഒരു സ്ത്രീക്ക്‌ അവരുടെ കുട്ടികളുമായി എവിടെ വേണമെങ്കിലും താമസിക്കാന്‍ നമ്മുടെ ഭരണഘടന അവകാശം നല്‍കുന്നുണ്ട്‌. ആ അവകാശത്തെ നിഷേധിക്കുന്ന നിലപാടാണ്‌ വകുപ്പ്‌ മന്ത്രിയും ഉദ്യോസ്ഥനും സ്വീകരിച്ചത്‌. നിയമപാലകര്‍ നിയമലംഘനം നടത്തുന്നത്‌ നിയമവാഴ്ചക്ക്‌ ആപത്താണ്‌. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശം പോലും മലപ്പുറത്ത്‌ നിഷേധിക്കപ്പെടുകയാണ്‌. ബിന്ദുവിനെ അയച്ച സ്ഥാപനമായ റസ്ക്യൂഹോമിന്റെ അവസ്ഥ കാലിത്തൊഴുത്തിനെക്കാള്‍ മോശമാണ്‌. വസ്ത്രം പോലും ധരിക്കാന്‍ കൊടുക്കാത്ത അന്തേവാസികളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ തന്നെ പുറത്തുവിട്ടതാണ്‌.
സന്നദ്ധ സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ട സാമൂഹ്യക്ഷേമ വകുപ്പ്‌ സന്നദ്ധ സംഘടനകളെ പീഡിപ്പിക്കുന്ന നിലപാടാണ്‌ സ്വീകരിക്കുന്നത്‌. ജില്ലയില്‍ ആദിവാസി പട്ടികജാതി കോളനികളില്‍ സഞ്ചാരയോഗ്യമായ റോഡുകളില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഇല്ലാതെ പട്ടിണിയും ദാരിദ്യവും അനുഭവിക്കുന്ന ഇവരെ സാമൂഹ്യ മുഖ്യ ധാരയിലേക്ക്‌ കൊണ്ടുവരാന്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പാക്കേജ്‌ പ്രഖ്യാപിക്കണം. വീടില്ലാത്തവര്‍ക്കും ഭൂമിയില്ലാത്തവര്‍ക്കും ഭൂമിയും വീടും നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം, ശോഭ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.