ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം

Monday 29 April 2019 11:45 am IST

തിരുവനന്തപുരം: കല്ലിയൂര്‍ പുന്നമൂട്ടില്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും നേരെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. ദിവസങ്ങള്‍ക്ക് മുമ്പ് ചെറിയ രീതിയില്‍ പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് അക്രമം മുന്നില്‍കണ്ട പോലീസ് എസ്എപി ക്യാമ്പില്‍ നിന്ന് പത്ത് പോലീസുകാരെ ഉത്സവസ്ഥലത്ത് നിയോഗിച്ചിരുന്നു. 

വെള്ളിയാഴ്ച രാത്രി ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ സ്ത്രീകളും കുട്ടികളും ഇരുന്ന സ്ഥലത്തു ചിലര്‍ നൃത്തം വയ്ക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇതാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. തടഞ്ഞ പോലീസുകാര്‍ക്ക് നേരെ  മദ്യലഹരിയിലായിരുന്ന സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആദ്യം വാക്കേറ്റത്തിനാണ് മുതിര്‍ന്നതെങ്കിലും പിന്നീടത് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ ഏഴ് പോലീസുകാര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ നേമം പോലീസ് സ്‌റ്റേഷനിലെ ജീപ്പും തകര്‍ത്തു. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേഴ്‌സണ്‍ സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

പോലീസിന്റെ ആക്രമണത്തില്‍ നാട്ടുകാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. പോലീസിനെ ആക്രമിച്ച സംഭവത്തില്‍ നാലുപേരെ ശനിയാഴ്ച പോലീസ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാത്രി സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നേമം പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. സിപിഎം പുന്നമൂട് ബ്രാഞ്ച് സെക്രട്ടറി കിരണിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ നിന്നും ബലംപ്രയോഗിച്ച് മോചിപ്പിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ അറസ്റ്റിലായ രണ്ടുപേരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഉത്സവം കാണാനെത്തിയ നിരപരാധികളായ നാട്ടുകാരെ പോലീസ് തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നു കാട്ടി ക്ഷേത്ര ട്രസ്റ്റ് അംഗം ഫോര്‍ട്ട് എസിക്കു പരാതി നല്‍കി. 

അതിനിടെ നേമം പോലീസ് സ്‌റ്റേഷനില്‍ മൊഴി നല്‍കാനെത്തിയ ക്ഷേത്ര ട്രസ്റ്റ് അംഗത്തെ പോലീസ് ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയതെങ്കിലും അവരെ സംരക്ഷിക്കാനുള്ള നടപടികളിലേക്കാണ് പോലീസ് ഇപ്പോള്‍ കടക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.