കര്‍ണാടക സഖ്യം ഫലം കണ്ടില്ലെന്ന് കോണ്‍ഗ്രസ്

Tuesday 30 April 2019 7:54 am IST

ബെംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയില്‍ രൂപംകൊടുത്ത കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഫലം കണ്ടില്ലെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് ശേഷം ജില്ലകളില്‍ നിന്ന് ലഭിച്ച അവലോകന വിവരങ്ങള്‍ ഏകോപിപ്പിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് സഖ്യം പരാജയമാണെന്ന് വ്യക്തമാക്കിയത്.

 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ 20 എണ്ണത്തില്‍ വിജയിക്കുകയെന്ന ലക്ഷ്യവുമായി ജെഡിഎസുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചത്. എന്നാല്‍, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ വിജയം 14 സീറ്റില്‍ താഴെയാകുമെന്നാണ് ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. 

കോണ്‍ഗ്രസ് മത്സരിച്ച ചിക്കബെല്ലാപുര, ചാമരാജനഗര്‍, കോലാര്‍, ബെംഗളൂരു സൗത്ത്, ബെംഗളൂരു നോര്‍ത്ത്, മൈസൂര്‍ മണ്ഡലങ്ങളില്‍ ജെഡിഎസ് പ്രവര്‍ത്തകര്‍ ബിജെപിക്ക് അനുകൂലമായാണ് പ്രവര്‍ത്തിച്ചത്. അതിനാല്‍ ഇവിടെ വിജയം ഉറപ്പില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം ജെഡിഎസ് മത്സരിച്ച മാണ്ഡ്യ, ഹാസന്‍, ശിവമോഗ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഖ്യസ്ഥാനാര്‍ഥിക്ക് എതിരായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ചിക്കബെല്ലാപ്പുര, കോലാര്‍, ചാമരാജനഗര്‍ മണ്ഡലങ്ങള്‍ കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റുകളാണ്. ഈ മണ്ഡലങ്ങളില്‍ മുതിര്‍ന്ന നേതാക്കളായ വീരപ്പമൊയ്‌ലി (ചിക്കബെല്ലാപ്പുര), കെ.എച്ച്. മുനിയപ്പ (കോലാര്‍), ധ്രുവനാരായണ്‍ (ചാമരാജനഗര്‍) എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍. 

ജെഡിഎസ് മത്സരിച്ച മാണ്ഡ്യയും ഹാസനും ജെഡിഎസിന്റെ സിറ്റിങ് സീറ്റാണ്. മാണ്ഡ്യയില്‍ നടി സുമലത അംബരീഷ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2018 മേയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുന്നതിനേക്കാള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നേട്ടം ലക്ഷ്യമിട്ടായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാനത്ത് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചത്. 

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ലാതിരുന്നിട്ടും സോണിയ നേരിട്ടായിരുന്നു ചര്‍ച്ചകള്‍ നടത്തിയും സഖ്യം രൂപീകരിച്ചതും. സംസ്ഥാനത്ത 224 അംഗ നിയമസഭയില്‍ 37 സീറ്റു മാത്രം ലഭിച്ച ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയായിരുന്നു സോണിയ സഖ്യം രൂപീകരിച്ചത്. 

അധികാരം ലഭിച്ച ജെഡിഎസ്, കോണ്‍ഗ്രസ്സിനെ നോക്കുകുത്തിയാക്കി ഭരണം കൈയാളി. ഇതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും എംഎല്‍എമാരും  ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ എല്ലാം സഹിക്കാനായിരുന്നു സോണിയയും രാഹുലും സംസ്ഥാന നേതൃത്വത്തോട് പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.