താലോലിക്കേണ്ടവര്‍ തല്ലിക്കെടുത്തുമ്പോള്‍

Tuesday 30 April 2019 5:12 am IST
വളരാനും വളര്‍ത്താനുമുള്ളസാഹചര്യം ഒരുക്കലും ശരി-തെറ്റിനെക്കുറിച്ചുള്ളഅവബോധം പകരലുമാണ് ശിക്ഷണശാസ്ത്രം. അതിന് ആരോഗ്യമുള്ള കുടുംബാന്തരീക്ഷം വേണം.

കുട്ടികളുടെ ജീവനെടുക്കുന്ന കണ്ണില്‍ചോരയില്ലാത്ത ക്രൂരതയുടെ വര്‍ത്തമാനങ്ങളില്‍ കേരളം നടുങ്ങിവിറങ്ങലിച്ചു നില്‍ക്കുകയാണ്. ഒറ്റമാസത്തിനിടെ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ അരുംകൊലകളാണ് നമുക്കുമുന്നില്‍ നടന്നത്. 'നൊന്തു പ്രസവിച്ചവര്‍' തന്നെ തല്ലിക്കൊല്ലുന്ന മൃഗീയവും പൈശാചികവുമായ അവസ്ഥ. താലോലിക്കേണ്ട കൈകള്‍തന്നെ ഘാതകരാകുന്ന ദുരന്തക്കാഴ്ചകളാണ്‌കേരളത്തിലിപ്പോള്‍ സംഭവിക്കുന്നത്. 

2018ല്‍ സാമൂഹികനീതി വകുപ്പു നടത്തിയ സര്‍വേ പ്രകാരം 11,72,433 കുടുംബങ്ങളിലെ കുട്ടികള്‍ സ്വന്തം വീടിനകത്ത് സുരക്ഷിതരല്ല. 32,654 കുടുംബങ്ങളില്‍ അച്ഛനോ അമ്മയോ അല്ല രക്ഷിതാവ്. 94,685 കുടുംബങ്ങളില്‍ രക്ഷിതാക്കളില്‍ ആരെങ്കിലും മദ്യപരാണ്. രക്ഷിതാക്കളില്‍ നിന്നുതന്നെ കുട്ടികള്‍ക്ക് കടുത്ത മര്‍ദ്ദനമേല്‍ക്കുന്നു. കുഞ്ഞുങ്ങളെ അപകടകരമായ രീതിയില്‍ ശാരീരികമായി ശിക്ഷിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒറ്റപ്പെട്ടവയല്ല.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം മുതിര്‍ന്നവരില്‍ നാലിലൊന്ന് ആളുകള്‍ കുട്ടികളായിരിക്കുമ്പോള്‍ ശാരീരിക പീഡനം അനുഭവിച്ചിട്ടുണ്ട്. കേരളത്തിലെ കൗമാരപ്രായക്കാരില്‍ നടത്തിയ പഠനപ്രകാരം 75 ശതമാനം മാതാപിതാക്കളും കുട്ടികളെ അച്ചടക്കം ശീലിപ്പിക്കാന്‍ ശാരീരികശിക്ഷണം നടത്തിയിട്ടുണ്ട്. ദേഹോപദ്രവം ഏല്‍പ്പിച്ചാലേ കുട്ടികള്‍ നന്നാവൂ എന്നാണിവരുടെ പൊതുബോധം. 

19-ാം നൂറ്റാണ്ടിനു മുമ്പ്‌വരെ കുട്ടികളോടുള്ള ക്രൂരത തടയുന്നതിന് നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് എല്ലാ ശാരീരിക ശിക്ഷണങ്ങളും കുറ്റകരമാണ്. ബാറ്റേര്‍ഡ് ചൈല്‍ഡ് സിന്‍ഡ്രോം എന്ന ഡയഗ്‌നോസിസ് 1960കളിലാണ് മെഡിക്കല്‍ ടെസ്റ്റുകളില്‍ ഇടംപിടിക്കുന്നത്. രക്ഷിതാക്കളില്‍ നിന്നുള്ള ശാരീരിക പീഡനംമൂലം കുട്ടികളുടെ ശരീരത്തിലുണ്ടാകുന്ന രോഗാവസ്ഥയാണിത്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് അവരുടെ സ്വഭാവരൂപീകരണത്തെയും വ്യക്തിത്വ വികസനത്തെയും ബാധിക്കുമെന്ന് നാഷണല്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ശാരീരിക ശിക്ഷയുടെ ദോഷങ്ങള്‍ പലതാണ്. 

(1) കോപം, പ്രതികാരവാഞ്ഛ തുടങ്ങിയവ കുട്ടികളില്‍ഉടലെടുക്കും. (2) ആത്മവിശ്വാസത്തിന് ഇടിവ് തട്ടും. (3) സ്വയം മതിപ്പ് ഇല്ലാതാവും. (4) പരാജയബോധം വളരും. (5) പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയാതെ പോകും. (6) ഉത്തമ വിശ്വാസം നഷ്ടപ്പെടും. (7) ഭയവും നിരാശയും വളരും. (8) ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള തന്റേടം നഷ്ടപ്പെടും. (9) പ്രചോദനവഴികള്‍ അടഞ്ഞുപോകും. (10) ദുഃസ്വഭാവങ്ങള്‍ ഉടലെടുക്കും. (11) അന്തര്‍മുഖരാകും.

(12) അക്രമവാസന വളരും. (13) മാതാപിതാക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായി അകല്‍ച്ചയുണ്ടാകും. (14) അടികിട്ടി വളര്‍ന്നവര്‍ അത് ഭാവിയില്‍ മറ്റുള്ളവരിലും പ്രയോഗിക്കും. (15) സ്‌നേഹിക്കുന്നവര്‍ തന്നെ കടുത്ത വേദന തരുമ്പോള്‍ കുട്ടികളുടെയുള്ളില്‍മറ്റുള്ളവരെ വിശ്വസിക്കാതിരിക്കാനുള്ള പ്രവണത ഉടലെടുക്കും. ഇത് ഭാവിയില്‍ അടുത്ത ബന്ധങ്ങളുടെ സുഗമമായ വളര്‍ച്ചയെ തടസ്സപ്പെടുത്തും. ചുരുക്കത്തില്‍ ശാരീരിക ശിക്ഷകള്‍ ഗുണപരമായ ഒരുമാറ്റവും ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല, ദോഷങ്ങള്‍ക്കിടവരുത്തുകയും ചെയ്യുന്നു. 

കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ, കര്‍ശന നിയന്ത്രണങ്ങളും ശിക്ഷകളും ഇല്ലെങ്കില്‍ കുട്ടികള്‍ വഷളായി പോകുമെന്ന ധാരണ, കുട്ടികളില്‍ നിന്ന് കഴിവില്‍ കൂടുതല്‍ പ്രതീക്ഷിക്കല്‍, അച്ഛനമ്മമാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, രക്ഷിതാക്കളുടെ വ്യക്തിത്വ-മാനസിക വൈകല്യങ്ങള്‍, ലഹരിയുടെ അടിമത്തം എന്നിവയെല്ലാം ശാരീരിക പീഡനത്തിന് സാഹചര്യം ഒരുക്കുന്നുണ്ട്. വളര്‍ത്തലിന്റെ ഭാഗമായി ഒരു 'ചൈല്‍ഡ് അബ്യൂസ്' സംസ്‌കാരം കേരളീയ കുടുംബങ്ങളില്‍ ഒളിഞ്ഞു കിടപ്പുണ്ട്.

പല ശാരീരിക ശിക്ഷകളും മാതാപിതാക്കളുടെ കോപത്തിന്റെ ആവിഷ്‌കാരമാണ്. അത് ഗുണം ചെയ്യില്ല. വളരാനും വളര്‍ത്താനുമുള്ള സാഹചര്യം ഒരുക്കലും ശരി-തെറ്റിനെക്കുറിച്ചുള്ള അവബോധം പകരലുമാണ് ശിക്ഷണ ശാസ്ത്രം. അതിന് ആരോഗ്യമുള്ള കുടുംബാന്തരീക്ഷം വേണം. കുട്ടികളുടെ മനസ്സറിഞ്ഞ്, സ്‌നേഹവും ആദരവും സഹാനുഭൂതിയും നിലനിര്‍ത്തുന്ന മനഃശാസ്ത്രപരമായ തിരുത്തല്‍ വഴികള്‍ ശീലമാക്കണം. സൗഹൃദാന്തരീക്ഷവും ഊഷ്മളതയുമാണ് കുഞ്ഞിന്റെ വളര്‍ച്ചക്ക് അനുപേക്ഷണീയമെന്ന തിരിച്ചറിവ് ഉണ്ടാകണം. കുഞ്ഞുങ്ങളാണ് ഭാവി, അത് മറക്കരുത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.