തടി കേടാകാതിരിക്കാന്‍ മാറി നില്‍ക്കാം

Tuesday 30 April 2019 5:39 am IST

അങ്ങനെ അതും കഴിഞ്ഞു, വോട്ടുത്സവം. ഇനി അടുത്ത ഉത്സവം വരെ പൊതുജനങ്ങളെ മാറിനില്‍ക്കങ്ങോട്ട്. രാഷ്ട്രീയം എന്നത് രാഷ്ട്രത്തെക്കുറിച്ചാണെന്ന് ആരോ എവിടെയോ പറഞ്ഞിട്ടുണ്ട്. അത് അങ്ങനെ തന്നെ നില്‍ക്കട്ടെ. ന്യൂജന്‍ യുഗത്തില്‍ പണ്ടത്തെ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും അങ്ങനെത്തന്നെ പിന്തുടരണമെന്ന് വാശിപിടിക്കാനാവില്ല. കാരണം നാട് വളരുകയാണ്, നാട്ടുകാര്‍ക്ക് പുതുപുതുവിദ്യകള്‍ കരഗതമാവുകയാണ്. അപ്പോള്‍ പഴയതൊക്കെ പുതുമപോലെ വരണമെന്ന് എങ്ങനെ പറയും. അതുകൊണ്ടാണ് മാറിനില്‍ക്കങ്ങോട്ട് എന്നു പറയേണ്ടിവന്നത്.

ശരി, അപ്പോ നിങ്ങള്‍ ചോദിക്കും മാറിനിന്നാല്‍ ശരിയാവുമോ എന്ന്. ശരിയാവുമെന്ന് നമുക്ക് വോട്ടുത്സവം അരങ്ങേറിയ കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ വോട്ടുതറകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ശരിയായ വോട്ടര്‍ വന്ന് അരമുക്കാല്‍ മണിക്കൂര്‍ കുത്തിയിരുന്നിട്ടും വോട്ടമര്‍ത്താന്‍ കഴിഞ്ഞില്ല. അതിനുമുമ്പെ അജണ്ടാധിഷ്ഠിത രാഷ്ട്രീയക്കാര്‍ അമര്‍ത്തിക്കഴിഞ്ഞിരുന്നു.

ശരിയായ വോട്ടര്‍ക്ക് മാറിനില്‍ക്കേണ്ടിവന്നു. ഇപ്പോള്‍ മനസ്സിലായോ എന്തിനാണ് മാറിനില്‍ക്കങ്ങോട്ട് എന്ന് പറഞ്ഞതെന്ന്. എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്ന് പറഞ്ഞത് വെറുതെയല്ല. പാര്‍ട്ടിക്ക് ഒരു വഴിയുണ്ട്. ആ വഴിയിലേക്ക് നാട്ടിലുള്ളവരെ മൊത്തം നയിക്കാനാണ് ശ്രമിക്കുന്നത്. അതില്‍ ഓരോരുത്തരുടെ ഇംഗിതത്തിനൊത്ത് കാര്യങ്ങള്‍ ചെയ്യാനാവില്ല. അങ്ങനെയുള്ളവരോട് മാറിനില്‍ക്കങ്ങോട്ട് എന്നല്ലാതെ എന്താ പറയുക. അതല്ലേ അതിന്റെയൊരു രീതി!

വാടിക്കല്‍ രാമകൃഷ്ണന്‍ എന്നൊരു പാവം തൊഴിലാളിക്ക് പത്തമ്പത് വര്‍ഷം മുമ്പ് ഇങ്ങനെ മാറിനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇങ്ങിനിവരാത്തവണ്ണം കാലയവനികയ്ക്കുള്ളില്‍ മറയേണ്ടിവന്നത്. അധികമായ ഒരാഗ്രഹവും വെച്ചുപുലര്‍ത്താത്ത രാമകൃഷ്ണന്‍ ജീവിതത്തിന്റെ ഈടുംപാവും ശരിയായ രീതിയില്‍ ഓടിച്ചുകൊണ്ടുപോവുകയായിരുന്നു.

പിഞ്ഞിപ്പോവുന്ന ജീവിതത്തെ തുന്നിപ്പിടിപ്പിക്കുന്നതുപോലെ തയ്യല്‍ത്തൊഴില്‍ ചെയ്തു വീടുപുലര്‍ത്തിപ്പോന്നു അദ്ദേഹം. പക്ഷേ, എന്താണ് ഓരോരുത്തരും ചെയ്യേണ്ടതെന്ന് കൃത്യമായി ഓര്‍മ്മപ്പെടുത്തുന്ന ഒരു പാര്‍ട്ടിയുണ്ട്. അവര്‍ പറയുന്നതുപോലെ പോകാന്‍ രാമകൃഷ്ണന് താല്‍പ്പര്യമില്ലായിരുന്നു. മാത്രമല്ല യുക്തിസഹമായ മറ്റൊരു വഴി അദ്ദേഹം തെരഞ്ഞെടുക്കുകയും ചെയ്തു. ഫലശ്രുതി എന്തായി? കൈമഴുവും കഠാരിയും തൂമ്പക്കൈയും കൊണ്ട് ആ ജീവനെ നിഷ്‌കരുണം തല്ലിക്കെടുത്തി; മാറിനില്‍ക്കങ്ങോട്ട് എന്ന് പറഞ്ഞുകൊണ്ടു തന്നെ.

അത്തരം മാറിനില്‍ക്കലുകള്‍ക്ക് മാനങ്ങള്‍ പലതാണ്. ജീവന്‍ എടുക്കേണ്ടതായാല്‍ അങ്ങനെ, മാറ്റിനിര്‍ത്തപ്പെടേണ്ടതായാല്‍ അങ്ങനെ. അതിന് പത്രക്കാരന്‍, പാത്രക്കാരന്‍, വ്യവസായി, കച്ചവടക്കാരന്‍ എന്നൊന്നുമില്ല. മാറി നില്‍ക്കാന്‍ പറഞ്ഞാല്‍ അതങ്ങ് അനുസരിക്കുക. അതൊക്കെ അവഗണിച്ച് നില്‍ക്കുകയാണെങ്കിലോ, 'കടക്ക് പറുത്ത്' എന്നാകും. രണ്ടായാലും ഫലം ഒന്നുതന്നെ. ഒന്നുകില്‍ ജീവിതത്തില്‍ നിന്ന് അല്ലെങ്കില്‍ ചെയ്യുന്ന ജോലിയില്‍ നിന്ന്. ഇത്തരം കലാപരിപാടികള്‍ കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവസ്ഥവിവരങ്ങളിലൂടെ കണ്ണോടിച്ചുമാണ് പ്രധാനമന്ത്രി ഒരു സംഗതി അടുത്തിടെ പറഞ്ഞത്. തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരിച്ച് അവിടെ എത്താന്‍ കഴിയുമോ എന്നുറപ്പില്ല എന്ന്. അത് കേട്ടപാടെ, മാറിനില്‍ക്കങ്ങോട്ട് ഉപജ്ഞാതാവിന് കലി ബാധിച്ചു. കേരളത്തെ അപമാനിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ പറഞ്ഞതെന്നായി.

തന്റെ പാര്‍ട്ടിയുടെ യഥാര്‍ത്ഥമുഖം വെളിപ്പെടുന്ന അവസരം വരുമ്പോള്‍ രക്ഷപ്പെടാന്‍ സംസ്ഥാനത്തെയും ജനങ്ങളെയും കൂട്ടുപിടിക്കുന്നത് ഇവരുടെ തനിസ്വഭാവമാണ്. ജനങ്ങള്‍ മൊത്തമായി പാര്‍ട്ടിക്കാരോട് മാറിനില്‍ക്കങ്ങോട്ട് എന്ന് പറയാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് അറിഞ്ഞതോടെയാണ് കലിബാധ ഉച്ചസ്ഥായിലായത്. നേരത്തെ 'എടോ ഗോപാലകൃഷ്ണാ താനെന്താ കരുതിയത്' എന്നു പറഞ്ഞായിരുന്നു മാറിനില്‍ക്കാന്‍ ആജ്ഞാപിച്ചത്. പിന്നീട് പത്രക്കാരോട് കടക്ക് പുറത്ത് എന്നായി. അതിനുശേഷം മാറിനില്‍ക്കങ്ങോട്ട് എന്നും.

ജനാധിപത്യത്തെക്കുറിച്ചും അതിന്റെ സുസമ്മതവും ജനകീയവുമായ രീതികളെക്കുറിച്ചും വലിയ വായില്‍ വിളിച്ചുപറയുന്നവര്‍ തന്നെ തിണ്ണമിടുക്കില്‍ കാണിക്കുന്നതൊക്കെയും ഫാസിസ്റ്റ് രീതികളാണ്. ഞങ്ങള്‍ പറയും, നിങ്ങള്‍ കേള്‍ക്കും, അവര്‍ ചെയ്യും എന്ന രീതി.

ആ രീതിയെ അനുകൂലിക്കാത്തവരോടൊക്കെ മാറിനില്‍ക്കങ്ങോട്ട് എന്നുതന്നെയേ പറഞ്ഞുകൂടൂ. പ്രചാരണത്തിലും പ്രശ്‌നത്തിലും തങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും മേല്‍ക്കൈ പാടില്ലെന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധമുണ്ട്. ആധുനിക സംവിധാനങ്ങളും അതിനനുസരിച്ചുള്ള നടപടിക്രമങ്ങളും അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ടതാണെന്ന് ഈ തൊഴിലാളിപാര്‍ട്ടി അഭിപ്രായപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ?

ആയതിനാല്‍ നമുക്ക് അങ്ങോട്ട് മാറിനില്‍ക്കാം, പുറത്തേക്ക് കടക്കാം. ഫ്യൂഡല്‍ മാടമ്പി തമ്പ്രാക്കന്മാര്‍ കൊട്ടും കുരവയുമായി നടന്നുവരുമ്പോള്‍ അവരുടെ കണ്ണില്‍പ്പെടാതെ മാറനില്‍ക്കുന്നതല്ലേ ബുദ്ധി. സാമാന്യമായി പറഞ്ഞാല്‍ തടികേടാകാതിരിക്കാന്‍ അതില്‍പ്പരം വഴി മറ്റൊന്നുമില്ലല്ലോ. അതിനാല്‍ അത്യാവശ്യം സ്‌നേഹംകൊണ്ടാണ് തമ്പ്രാന്‍ പറഞ്ഞിരിക്കുന്നത്, മാനില്‍ക്കങ്ങോട്ട് എന്ന്. പണ്ട് കീഴാളന്മാര്‍ വഴിയില്‍ വരാതിരിക്കാന്‍ ഹുങ്കാരം മുഴക്കുമായിരുന്നു. അതിന്റെ ന്യൂജന്‍ മുഖമാണിത്. അഥവാ അത് കേള്‍ക്കാന്‍ തയ്യാറാവാത്ത ആരാനുമുണ്ടെങ്കില്‍ വാടിക്കല്‍ രാമകൃഷ്ണന്റെ ആത്മാവ് പാറിക്കളിക്കുന്ന സ്ഥലത്തേക്ക് പോകേണ്ടിവരും. അതിന് ഇടവെക്കാതിരിക്കുന്നതല്ലേ ഭംഗി?

ലാസ്റ്റ്കിക്ക്

കള്ളവോട്ടല്ല, ഓപ്പണ്‍ വോട്ടാണ് ചെയ്തത്.

കള്ളന്മാര്‍ ഇങ്ങനെ ഓപ്പണായാല്‍ പോലീസിന് പിന്നെന്ത് പണി?

daslak@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.