തോല്‍വി തുടര്‍ക്കഥയാക്കി റയല്‍ മാഡ്രിഡ്

Tuesday 30 April 2019 5:50 am IST

മാഡ്രിഡ്: ലാലിഗയില്‍ കുതിച്ചുയര്‍ന്ന് ബാഴ്‌സലോണ കിരീടം സ്വന്തമാക്കിയപ്പോള്‍ എതിരാളികളായ റയല്‍ മാഡ്രിഡ് തോല്‍വി തുടര്‍ക്കഥയാക്കുകയാണ്. യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ ദൂര്‍ബലരായ റയോ വല്ലെക്കാനോയോടും തോറ്റു- ഏകപക്ഷീയമായ ഒരു ഗോളിന്. ലാലിഗയില്‍ അവരുടെ പത്താം തോല്‍വിയാണിത്. ആദ്യ പകുതില്‍ പെനാല്‍റ്റിയിലൂടെ ആദ്രി എംബാര്‍ബയാണ് റായോയുടെ വിജയഗോള്‍ കുറിച്ചത്.

തോല്‍വിയില്‍ നിരാശനായ കോച്ച് സിനദിന്‍ സിദാന്‍ കളിക്കാര്‍ക്കെതിരെ പൊട്ടിത്തെറിച്ചു. കളിക്കളത്തില്‍ വെറും കാഴ്ചക്കാരാണ്. അവര്‍ ഒന്നും തന്നെ ചെയ്യുന്നില്ല. ചിലപ്പോളൊക്കെ നമുക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞെന്നുവരില്ല. റയോനെതിരെ അവസരങ്ങള്‍ പോലും സൃഷ്ടിച്ചില്ലെന്ന് സിദാന്‍ മത്സരശേഷം പറഞ്ഞു.

1997നു ശേഷം ഇതാദ്യമായാണ് റയല്‍ മാഡ്രിഡ് റയോയോട് തോല്‍ക്കുന്നത്. ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായാണ് റയല്‍ ലാലിഗയിലെ ഒരു സീസണില്‍ പത്ത് മത്സരങ്ങള്‍ തോല്‍ക്കുന്നത്.

മാര്‍ച്ചില്‍ സിദാന്‍ വീണ്ടും റയല്‍ മാഡ്രിഡിന്റെ കോച്ചായെത്തുമ്പോള്‍ ടീം ലാലിഗയില്‍ ബാഴ്‌സലോണക്ക് പന്ത്രണ്ട് പോയിന്റ് പിന്നിലായിരുന്നു. ഈ തോല്‍വിയോടെ റയല്‍ പതിനെട്ട് പോയിന്റിന് പിന്നിലായി. കഴിഞ്ഞ ദിവസം നിര്‍ണായ മത്സരത്തില്‍ ലെവന്തെയെ തകര്‍ത്ത് ബാഴ്‌സ കിരീടം സ്വന്തമാക്കിയിരുന്നു.

മൂന്ന് മത്സരങ്ങള്‍ കൂടി ശേഷിക്കെ ബാഴ്‌സ 83 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മുന്‍ ചാമ്പ്യന്മാരായ റയല്‍ 35 മത്സരങ്ങളില്‍ 65 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അത്‌ലറ്റിക്കോ മാഡ്രിഡിനാണ് രണ്ടാം സ്ഥാനം. അവര്‍ക്ക് 35 മത്സരങ്ങളില്‍ 74 പോയിന്റുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.