റോയല്‍സ് പോരാട്ടം

Tuesday 30 April 2019 5:50 am IST

ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം. പ്ലേ ഓഫ് ലക്ഷ്യമിടുന്ന  രാജസ്ഥാന് ഇന്നത്തെ മത്സരം നിര്‍ണായകം. സീസണില്‍ ഇരുടീമും നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ ഏഴു വിക്കറ്റിന് വിജയിച്ചിരുന്നു.

സ്റ്റീവ് സ്മിത്ത് നായകനായതിന് ശേഷം മികച്ച ഫോമിലാണ് രാജസ്ഥാന്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും തോല്‍പ്പിച്ചാണ് ടീമിന്റെ വരവ്.  ഓപ്പണര്‍ അജിങ്ക്യ രഹാനെ നായകസ്ഥാനം സ്മിത്തിന് കൈമാറിയ ശേഷം ഫോം കണ്ടെത്തിക്കഴിഞ്ഞു. ഓപ്പണര്‍ ജോസ് ബട്‌ലര്‍ക്ക് പകരക്കാരനായി ടീമിലെത്തിയ ലിയാം ലിവിങ്‌സ്‌റ്റോണ്‍ കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയിരുന്നു.

നായകന്‍ സ്റ്റീവ് സ്മിത്ത്, റിയാന്‍ പരാഗ്, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ക്കൊപ്പം മലയാളി താരം സഞ്ജു സാംസണും ചേരുന്നതോടെ മധ്യനിര ശക്തം. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ ആഷ്ടണ്‍ ടേര്‍ണര്‍ കഴിഞ്ഞ മത്സരത്തില്‍ അക്കൗണ്ട് തുറന്നതും ടീമിന് ആശ്വാസമേകും. ടീമിലേക്ക് തിരിച്ചെത്തിയ ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണിലാണ് ബൗളിങ്ങ് പ്രതീക്ഷകള്‍. ശ്രേയസ് ഗോപാല്‍ നയിക്കുന്ന സ്പിന്‍  വിഭാഗവും ശക്തമാണ്. 

 ദല്‍ഹി ക്യാപിറ്റല്‍സിനോട് പതിനാറ് റണ്‍സിന് തോറ്റതിന്റെ ക്ഷീണത്തിലാണ് ബെംഗളൂരു.  ഈ തോല്‍വിയോടെ ബെംഗളൂരു പുറത്തായിക്കഴിഞ്ഞു. ബൗളര്‍മാരുടെ പ്രകടനമാണ് സീസണിലുടനീളം ബെംഗളൂരുവിനെ പിന്നോട്ടടിച്ചത്. ഉമേഷ് യാദവിന്റെ നേതൃത്വത്തിലുള്ള പേസ് നിര തീര്‍ത്തും നിറം മങ്ങി. യുസ്‌വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്തര്‍ എന്നീ സ്പിന്നര്‍മാര്‍ റണ്ണൊഴുക്ക് തടയുന്നതില്‍  പരാജയപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.