ഉൾക്കടലിൽ ദുരൂഹത ഉയർത്തിയ അജ്ഞാത വസ്തു

Tuesday 30 April 2019 9:58 am IST

തിരുവനന്തപുരം: ഉൾക്കടലിൽ കണ്ടെത്തിയ ചുവന്ന നിറമുള്ള അഞ്ജാത വസ്തുവിനെ തിരിച്ചറിഞ്ഞു.  വിഎസ്എസ്സിയുടെ സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണ കാമറയിലാണ് അജ്ഞാത വസ്തുവിനെ കണ്ടത്. മറ്റു വള്ളങ്ങള്‍ ഇല്ലാത്തപ്പോള്‍ ചുവന്ന നിറമുള്ള ഒരു അജ്ഞാത വസ്‌തുവില്‍ ഒരാള്‍ ഇരിക്കുന്നതായി വിഎസ്എസ്‌സിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീരസംരക്ഷണ സേനയെ അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് സേനയുടെ പുതിയ പട്രോളിംഗ് കപ്പല്‍ സി - 441 അന്വേഷണം ആരംഭിച്ചു. ഒടുവില്‍ ഉച്ചയ്‌ക്ക് ഒരു മണിയോടെ തുമ്പ ഭാഗത്ത് നിന്നും ആ അജ്ഞാത വസ്തുവിനെ കയ്യോടെ പിടികൂടി. ഒരു ചുവന്ന ലുങ്കി. അതിലിരുന്ന ആൾ എഴുപത്തിരണ്ടുകാരനായ പൂവാര്‍ പാറവിള തോപ്പ് പുരയിടത്തില്‍ ക്ലിമന്‍സ്. ഇയാളെ കരയ്ക്കെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. മാസങ്ങള്‍ക്ക് മുമ്പ് പുത്തന്‍തോപ്പില്‍ നിന്നു വില പറഞ്ഞുറപ്പിച്ച കട്ടമരം നാട്ടിലെത്തിക്കാന്‍ ക്ലിമന്‍സിന് സാമ്പത്തികമില്ലായിരുന്നു. ഒടുവില്‍ പ്രായം മറന്നും കട്ടമരം തുഴഞ്ഞ് നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചു. ഞായറാഴ്ച കട്ടമരവുമായി ഒറ്റയ്ക്ക് തുഴഞ്ഞു.

ഞായറാഴ്ച മുതല്‍ ആഹാരം കഴിക്കാതെ ചുട്ടുപൊള്ളുന്ന വെയിലില്‍ കട്ടമരം തുഴഞ്ഞ ക്ലിമന്‍സ് ഒടുവില്‍ അവശനായി. ഇതിനിടെ തുമ്പ ഭാഗത്ത് എത്തിയപ്പോള്‍ കാറ്റ് എതിര്‍ദിശയില്‍ ആയതിനാല്‍ യാത്ര തടസപ്പെട്ടു. തുടര്‍ന്ന് ചുവന്ന ലുങ്കി കെട്ടി പായ്‌ക്കപ്പലാക്കുകയായിരുന്നു. ഈ ചുവന്ന തുണിയാണ് സംശയത്തിന് ഇടയാക്കിയത്. കോസ്റ്റല്‍ പോലീസ് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്‌ത ശേഷം വൈദ്യപരിശോധന നടത്തി. ഒടുവില്‍ ആഹാരവും പുതിയ വസ്ത്രങ്ങളും വാങ്ങി നല്‍കിയ ശേഷം ഇയാളെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്‌ക്കുകയായിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.