കെഎച്ച്‌എൻഎ: ക്ലീവ്‌ലാന്റിൽ പ്രൗഢോജ്ജ്വല ശുഭാരംഭം

Tuesday 30 April 2019 10:26 am IST

ക്ലീവ്‌ലാന്റ്‌:   കേരള ഹിന്ദുസ്‌ ഓഫ്‌ നോർത്ത്‌ അമേരിക്ക(കെഎച്ച്‌എൻഎ) യുടെ പത്താമത്‌ ദ്വൈവാർഷിക കൺവെൻഷന്‌ മുന്നോടിയായി ഒഹായോയിലെ ക്ലീവ്‌ലാന്റിൽ നടന്ന ശുഭാരംഭം ഗംഭീരമായി. കെഎച്ച്‌എൻഎയുടെ അധ്യക്ഷ ഡോക്ടർ രേഖ മേനോൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.  മുൻ ഡയറക്ടർ ബോർഡ്‌ അംഗ പി.എസ്‌ നായർ ഡോക്ടർ രേഖ മേനോനെ സദസ്സിന്‌ പരിചയപ്പെടുത്തി. 

കെഎച്ച്‌എൻഎ യുടെ പ്രവർത്തനങ്ങളെക്കുറിച്ചും, ഹിന്ദു ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ചും ഡോ. രേഖ മേനോൻ വിശദീകരിച്ചു. കൺവെൻഷനിലെ ആകർഷണങ്ങളായ വൈവിധ്യമാർന്ന കാര്യപരിപാടികളുടെ രത്നച്ചുരുക്കം പങ്ക്‌ വെച്ചു. 

ശുഭാരംഭം പ്രമാണിച്ച്‌ രജിസ്ട്രേഷൻ ഫോമുകളും, കെ എച്ച്‌ എൻ എ കലണ്ടറും വിതരണം ചെയ്തു. കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. ആറ്‌ വയസ്സിന്‌ താഴെയുള്ള കുട്ടികളുടെ രാസലീല നൃത്തം ഏറെ ഹൃദ്യമായി. രാമായണത്തിൽ ഭരതൻ രാമനോട്‌ അയോധ്യയിലേക്ക്‌ മടങ്ങണമെന്ന് അപേക്ഷിക്കുന്ന ലഘുനാടകം അവതരിപ്പിച്ചു. തത്വമസി, അഹം ബ്രഹ്മാസ്മി, പഞ്ചഭൂതങ്ങൾ, ദശാവതാരം തുടങ്ങിയവയ്ക്ക്‌ ആധുനികകാലഘട്ടത്തിലെ കുട്ടികളുടെ വിശദീകരണങ്ങൾ അതിരറ്റ ആനന്ദമേകി. സ്വീകരണത്തിനും, കൺവെൻഷന്‌ നൽകാമെന്നേറ്റ സഹകരണത്തിനും ഡോ. രേഖ മേനോൻ നന്ദി പ്രകാശിപ്പിച്ചു. 

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റംബർ രണ്ടു വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ്‌‌‌ കണ്‍വന്‍ഷന്‍. സ്വാമി ചിദാനന്ദപുരി, സുപ്രീംകോടതി അഭിഭാഷകൻ സായ്‌ ദീപക്‌ തുടങ്ങി ഒട്ടനവധി പേർ അതിഥികളായെത്തുന്ന കൺവെൻഷനിൽ കലാസാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച്‌ മുതൽ പതിനെട്ട്‌ വയസ്സ്‌ വരെയുള്ളവർക്കും, മുതിർന്നവർക്കും, ദമ്പതികൾക്കുമായി ആകർഷകമായ മത്സരങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. കൂടുതൽ വിവരങ്ങൾക്ക്‌ http://www.namaha.org/convention/cultural2019.html  സന്ദർശിക്കുക. അല്ലെങ്കിൽ khnacultural@gmail.com ൽ ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.