ജഗന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

Friday 22 July 2011 8:28 pm IST

ന്യൂദല്‍ഹി: വരവില്‍കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ ആന്ധ്ര ഹൈക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്‌ നേതാവ്‌ ജഗന്‍മോഹന്‍ റെഡ്ഡിയുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ആന്ധ്ര ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച ജസ്റ്റിസ്‌ ദല്‍വീര്‍ ഭണ്ഡാരിയും ദീപക്‌ വര്‍മയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ചാണ്‌ ഹര്‍ജി തള്ളിയത്‌. പ്രാഥമിക അന്വേഷണത്തിനാണ്‌ ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളതെന്നും കാര്യമായ തെളിവൊന്നുമില്ലെങ്കില്‍ നടപടികള്‍ ഹൈക്കോടതിക്ക്‌ തന്നെ അവസാനിപ്പിക്കാവുന്നതാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സിബിഐയുടെ റിപ്പോര്‍ട്ട്‌ പ്രകാരം നടപടികള്‍ തുടരാന്‍ ഹൈക്കോടതി തീരുമാനിക്കുകയാണെങ്കില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ്‌ തങ്ങള്‍ക്ക്‌ നല്‍കണമെന്നും സുപ്രീംകോടതി ആന്ധ്ര ഹൈക്കോടതിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രഹ്തോഗിയുടെ വാദം കോടതി തള്ളി. അന്തരിച്ച മുഖ്യമന്ത്രി വൈ.എസ്‌.രാജശേഖരറെഡ്ഡിയുടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ സിബിഐ അന്വേഷണത്തിന്‌ ആന്ധ്ര ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആന്ധ്ര ടെക്സ്റ്റെയില്‍ മന്ത്രി പി.ശങ്കര്‍റാവു ജഗന്‍ തന്റെ അന്തരിച്ച പിതാവിന്റെ പേര്‌ ഉപയോഗിച്ച്‌ കണക്കില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചതായി ആന്ധ്ര ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ്‌ കോടതി സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.