മാറാട് കൂട്ടക്കൊലയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് നാളെ 16 വര്‍ഷം

Wednesday 1 May 2019 2:45 am IST
2003 മെയ് രണ്ടിന് വൈകിട്ട് ഏഴ് മണിയോടെയാണ് മാറാട് കടപ്പുറത്ത് മുസ്ലിം ഭീകരാക്രമണത്തില്‍ എട്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. ചോയിച്ചന്റകത്ത് മാധവന്‍, ആവത്താന്‍പുരയില്‍ ദേവദാസന്‍, പാണിച്ചന്റകത്ത് ഗോപാലന്‍, അരയച്ചന്റകത്ത് കൃഷ്ണന്‍, ചന്ദ്രന്‍, തെക്കെത്തൊടി പുഷ്പന്‍, തെക്കെത്തൊടി സന്തോഷ്, തെക്കെത്തൊടി പ്രീജി എന്നിവരാണ് കൊല്ലപ്പെട്ടത്.

കോഴിക്കോട്: മാറാട് കൂട്ടക്കൊലയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് നാളെ പതിനാറു വര്‍ഷം പൂര്‍ത്തിയാകുന്നു. 2003 മെയ് രണ്ടിന് വൈകിട്ട് ഏഴ് മണിയോടെയാണ് മാറാട് കടപ്പുറത്ത് മുസ്ലിം ഭീകരാക്രമണത്തില്‍ എട്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. 

ചോയിച്ചന്റകത്ത് മാധവന്‍, ആവത്താന്‍പുരയില്‍ ദേവദാസന്‍, പാണിച്ചന്റകത്ത് ഗോപാലന്‍, അരയച്ചന്റകത്ത് കൃഷ്ണന്‍, ചന്ദ്രന്‍, തെക്കെത്തൊടി പുഷ്പന്‍, തെക്കെത്തൊടി സന്തോഷ്, തെക്കെത്തൊടി പ്രീജി എന്നിവരാണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അറുപത്തിരണ്ട് പ്രതികളെ കോഴിക്കോട് മാറാട് പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവരെക്കൂടാതെ ഇരുപത്തിനാലുപേര്‍ക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ നല്‍കി. 

കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ അന്വേഷണസംഘം തയറായില്ല. അന്തര്‍സംസ്ഥാന ബന്ധം, സാമ്പത്തിക സ്രോതസ്സ്, ഗൂഢാലോചന എന്നിവയെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. 2012ലെ ഹൈക്കോടതി വിധിയിലും ഗൂഢാലോചന അന്വേഷിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം വീഴ്ചവരുത്തിയെന്നും കണ്ടെത്തിയിരുന്നു. 

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത് കൊല്ലപ്പെട്ട പുഷ്പരാജന്റയും സന്തോഷിന്റെയും അമ്മ ശ്യാമളയായിരുന്നു. 2012 ജനുവരി 19ന് കൊളക്കാടന്‍ മൂസ ഹാജി സിബിഐയെ എതിര്‍കക്ഷിയാക്കി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍, സിബിഐ അന്വേഷണം വേണമെന്ന ആവശ്യം വീണ്ടും ഹൈക്കോടതിയിലെത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന എസ്പി സി.എം. പ്രദീപ്കുമാറും മാറാട് അരയസമാജം സെക്രട്ടറി വിലാസും അക്രമത്തില്‍ പരിക്കേറ്റ പ്രജുവും ഹര്‍ജിയില്‍ കക്ഷിചേര്‍ന്നതോടെ കേസിന് കൂടുതല്‍ ഗൗരവം കൈവന്നു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ സിബിഐയുടെ നിലപാട് മാറ്റം നിര്‍ണായകമായി. ഇതേത്തുടര്‍ന്നാണ് സിബിഐ ഹൈക്കോടതിയില്‍ കേസ് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചത്. ഗൂഢാലോചനക്കേസ് ഇപ്പോള്‍ സിബിഐ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. 

നാളെ രാവിലെ ഏഴിന് മാറാട് നടക്കുന്ന അനുസ്മരണത്തില്‍ ബലിദാനികളുടെ ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടക്കും. കാ.ഭാ. സുരേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനുസ്മരണ പരിപാടികളുടെ ഭാഗമായി നാളെ വൈകിട്ട് അഞ്ചിന് കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ മാറാട് അനുസ്മരണ സെമിനാര്‍ നടക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍  സെമിനാര്‍ ഉദ്ഘാടനം ചെയ്യും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.