സംസ്ഥാനത്ത് വൈറല്‍ രോഗങ്ങള്‍ പിടിമുറുക്കുന്നു

Wednesday 1 May 2019 1:31 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് വൈറല്‍ രോഗങ്ങള്‍ പിടിമുറുക്കുന്നു. നിപയ്ക്കു ശേഷം കുരങ്ങുപനി, വെസ്റ്റ്‌നൈല്‍, കരിമ്പനി തുടങ്ങിയവ വിടാതെ പിന്തുടരുകയാണ്. 

കുരങ്ങുപനി ബാധിച്ച് വയനാട്ടില്‍ രണ്ട് പേര്‍ മരിച്ചു. ആറ് പേരില്‍ രോഗം സ്ഥിരീകരിച്ചു. വനപാലകരിലും, വനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയവരിലുമാണ് ഈ രോഗം പകരുന്നത്. മങ്കിപ്പനിയെന്നും ഇതിനെ വിളിക്കാറുണ്ട്. 'ഫ്‌ളേവി വൈറസാണ് രോഗം പരത്തുന്നത്. ഇത് അതിവേഗമാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്.  ഇത് ബാധിച്ച് കഴിഞ്ഞ ദിവസവും വയനാട്ടില്‍ ഒരാള്‍ മരിച്ചു. 

കൊതുകുവഴി പടരുന്ന വെസ്റ്റ്‌നൈല്‍  പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആറ് വയസുകാരന്‍ മരിച്ചു. മറ്റൊരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അണുബാധയുള്ള പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് ഈ രോഗം മനുഷ്യരിലെത്തുന്നത്. 2011-ല്‍ ആലപ്പുഴയിലാണ് ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് രോഗം വീണ്ടും സ്ഥിരീകരിക്കുന്നത്.

മണലീച്ച പരത്തുന്ന കരിമ്പനിയും ഇത്തവണ സ്ഥിരീകരിച്ചു. മലേറിയ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മരണകാരണമായ പകര്‍ച്ചവ്യാധിയാണിത്. രണ്ട് പേരില്‍ ഈ വര്‍ഷം രോഗം കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നാലുപേരില്‍ കണ്ടെത്തിയ രോഗം ഒരു വനവാസി ബാലന്റെ ജീവനെടുത്തു. 

ഇവകൂടാതെ ഡെങ്കിപ്പനി, എച്ച്1എന്‍1, ചിക്കന്‍പോക്‌സ്, മലമ്പനി  എന്നിവയും പടരുന്നു.  2019 ജനുവരി ഒന്നു മുതലുള്ള കണക്കനുസരിച്ച് വിവിധ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് 81 പേര്‍ മരിച്ചു. 

വിവിധ രോഗങ്ങള്‍ പിടിപെട്ട് നിരവധി പേരാണ് ചികിത്സ തേടിയത്. ഡെങ്കിപ്പനി-708, ചിക്കുന്‍ഗുനിയ-15, ജപ്പാന്‍ ജ്വരം-19, മഞ്ഞപ്പിത്തം-2387,ടൈഫോയിഡ്-423, വയറിളക്കവും ഛര്‍ദിയും-1,53,886, അഞ്ചാംപനി-224, മുണ്ടിനീര്-2559, ചിക്കന്‍പോക്‌സ്-13,613, എച്ച്1എന്‍1-339, ചെള്ളുപനി-238, സാധാരണപനി-7,26,589 പേര്‍ ചികിത്സതേടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.