രാഷ്ട്രീയ മാറ്റത്തിൽ ജന്മഭൂമിക്ക് വലിയ പങ്ക്: കുമ്മനം

Thursday 2 May 2019 10:14 am IST

കൊച്ചി: സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റത്തില്‍ ജന്മഭൂമിക്ക് വലിയ പങ്കാണുള്ളതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തിലെ പത്രപ്രവര്‍ത്തന ചരിത്രം ജന്മഭൂമിയെ ഒഴിവാക്കി എഴുതാന്‍ ആര്‍ക്കുമാകില്ലെന്നും കുമ്മനം പറഞ്ഞു. കൊച്ചി എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യധാര മാധ്യമങ്ങള്‍ വിവിധതരം താല്‍പ്പര്യങ്ങളില്‍ കെട്ടുപിണഞ്ഞ് കിടക്കുകയാണ്. ആ തടവറയില്‍ നിന്ന് മോചനം പണ്ടുമുതലേ ജനം ആഗ്രഹിച്ചിരുന്നു. ദേശബന്ധു, മലയാള രാജ്യം തുടങ്ങിയ പത്രങ്ങള്‍ അതിന്റെ ഫലമാണ്. അതിന്റെ തുടര്‍ച്ചയാണ് ജന്മഭൂമി. ദേശവും ദേശീയതയും മാത്രമാണ് ജന്മഭൂമിയുടെ താല്‍പ്പര്യം. അതിനാല്‍ എല്ലാത്തരം സാമൂഹ്യ വിപത്തുകളേയും ചോദ്യം ചെയ്യാനും ജനങ്ങള്‍ക്ക് ശക്തി പകരാനുമാകുന്നു. കേരളത്തിന്റെ പരിവര്‍ത്തന ചരിത്രത്തില്‍ അതുല്യ സംഭാവന നല്‍കാനും രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളില്‍ പ്രധാന പങ്ക് വഹിക്കാനും ജന്മഭൂമിക്കാകുന്നു. ജന്മഭൂമിയുടെ വളര്‍ച്ചയുടെ രസതന്ത്രം അക്ഷരങ്ങള്‍കൊണ്ടോ അക്കങ്ങള്‍കൊണ്ടോ നിര്‍വചിക്കാനാവില്ല. ജന്മഭൂമിയെ ജീവിത വ്രതമായും ദൗത്യമായും നെഞ്ചിലേറ്റി മുന്നോട്ടുപോയവരാണ് അതിനു പിന്നിലെന്നും കുമ്മനം പറഞ്ഞു. 

മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, മാനേജിങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍, എഡിറ്റര്‍ ടി. അരുണ്‍കുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജീവനക്കാര്‍ക്കുള്ള മികവിന്റെ പുരസ്‌കാരങ്ങള്‍ കുമ്മനം വിതരണം ചെയ്തു. തുടര്‍ന്ന് കലാപരിപാടികളും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.