യാചന: പിടിക്കപ്പെടുന്ന വിദേശികളെ കുടുംബസമേതം നാടുകടത്തുമെന്ന് മുന്നറിയിപ്പ്

Thursday 2 May 2019 10:34 am IST

കുവൈറ്റ് സിറ്റി: യാചനക്ക് പിടിക്കപ്പെട്ടാല്‍ കുടുംബസമേതം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഒരു ഇളവും നല്‍കാതെ ഉടന്‍ നാടുകടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. സ്ത്രീകളാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഭര്‍ത്താവും മക്കളുമുള്‍പ്പെടെ കുവൈത്ത് വിടേണ്ടി വരും. 

കമ്പനി ജീവനക്കാര്‍ പിടിക്കപ്പെട്ടാല്‍ കമ്പനി വന്‍ തുക പിഴ നല്‍കേണ്ടി വരും. മാത്രമല്ല കമ്പനിയുടെ ഫയല്‍ മരവിപ്പിക്കുകയും ചെയ്യും. കമ്പനികള്‍ക്ക് കീഴില്‍ സന്ദര്‍ശന വിസയില്‍ എത്തിയവരാണ് യാചനയിലേര്‍പ്പെട്ടതെങ്കിലും സ്‌പോണ്‍സറിങ് കമ്പനിയുടെ ഫയല്‍ മരവിപ്പിക്കും. റമദാനില്‍ യാചന പിടികൂടാന്‍ മഫ്തി വേഷത്തിലുള്ള പൊലീസുകാരെയും വനിതാ പൊലീസിനെയും നിയോഗിക്കും. 

പ്രധാന വിപണികളിലും വ്യാപാര സമുച്ചയങ്ങളിലും പള്ളികളിലും പരിശോധനക്ക് പ്രത്യേക സംഘത്തെ നിയോഗിക്കുന്നുണ്ട്. ഗാര്‍ഹികത്തൊഴിലാളികള്‍ യാചനക്കിടെ പിടിക്കപ്പെട്ടാല്‍ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും നടപടിയെടുക്കും. അംഗീകാരമുള്ള സന്നദ്ധ സംഘടനകള്‍ക്ക് മാത്രമാണ് നിബന്ധനകളോടെ പിരിവിന് അനുമതി നല്‍കുക. മന്ത്രാലയം നല്‍കിയ പ്രത്യേക അനുമതി കാര്‍ഡ് കൈവശമില്ലാതെ ധനസമാഹരണം നടത്തുന്നത് നിയമലംഘനമാണ്. 

കെ.നെറ്റ് വഴിയോ ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ സംവിധാനമുപയോഗപ്പെടുത്തിയോ അല്ലാതെ ആളുകളില്‍നിന്ന് പണം നേരിട്ട് സ്വീകരിക്കുക, അനുമതിയില്ലാതെ പള്ളികള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളില്‍ ധനസമാഹരണം നടത്തുക എന്നിവയും നിയമലംഘനമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.